കോണ്‍ഗ്രസിന് ശ്വാസം പോലെയാണ് ഐ.എന്‍.ടി.യു.സി; ബ്രണ്ണന്‍ കോളേജില്‍ സംരക്ഷണം തന്നത് ബീഡി തൊഴിലാളികള്‍: കെ. സുധാകരന്‍
Kerala News
കോണ്‍ഗ്രസിന് ശ്വാസം പോലെയാണ് ഐ.എന്‍.ടി.യു.സി; ബ്രണ്ണന്‍ കോളേജില്‍ സംരക്ഷണം തന്നത് ബീഡി തൊഴിലാളികള്‍: കെ. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th April 2022, 3:07 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ ശ്വാസമാണ് തൊഴിലാളി സംഘടനയായ ഐ.എന്‍.ടി.യു.സിയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അത് തന്നെയാണ് പറഞ്ഞതെന്നും കെ. സുധാകരന്‍ പറഞ്ഞു.

ഒരു തരത്തിലും ഐ.എന്‍.ടി.യു.സിയെ കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞിട്ടില്ലെന്നും കോണ്‍ഗ്രസിന്റെ ട്രേഡ് യൂണിയനാണ് ഐ.എന്‍.ടി.യു.സിയെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

‘വി.ഡി. സതീശനും അത് തന്നെയാണ് പറഞ്ഞത്. മുന്നണി സംവിധാനത്തില്‍ ഇല്ലെങ്കില്‍ പോലും കോണ്‍ഗ്രസിന്റെ സ്വന്തമാണ് ഐ.എന്‍.ടി.യു.സി എന്നാണ് സതീശന്‍ പറഞ്ഞത്. ഒരു തരത്തിലും ഐ.എന്‍.ടി.യു.സിയെ കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞിട്ടില്ലയെന്നതാണ് യാഥാര്‍ത്ഥ്യം.

അതിന്റെ സാഹചര്യം മനസിലാക്കാതെ ചിലര്‍ പ്രതിഷേധം നടത്തി. അവരോട് സംസാരിച്ച് കാര്യങ്ങള്‍ പരിഹരിച്ചിട്ടുണ്ട്. ഐ.എന്‍.ടി.യു.സി സേവനം പൂര്‍ണമായും മുതലാക്കാന്‍ സാധിക്കുന്ന പരിപാടികള്‍ ആലോചിക്കുന്നുണ്ട്. അത് വരുമ്പോള്‍ കോണ്‍ഗ്രസിന് തോളോട് തോള്‍ ചേര്‍ന്ന് അവരും ഉണ്ടാകും,’ സുധാകരന്‍ പറഞ്ഞു.

വ്യക്തിപരമായി ഐ.എന്‍.ടി.യു.സിയുമായി തനിക്ക് ബാധ്യതകളുണ്ട്. വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് കോളേജില്‍ എസ്.എഫ്.ഐ സംഘര്‍ഷം ഉണ്ടാകുമ്പോള്‍ ഞങ്ങള്‍ക്ക് സംരക്ഷണത്തിന്റെ കവചം ഒരുക്കിയത് തലശേരിയിലെ ചുമട്ട് തൊഴിലാളികളായ ഐ.എന്‍.ടി.യു.സികാരാണ്. കോളേജില്‍ സംഘര്‍ഷം ഉണ്ടെന്ന് കേള്‍ക്കുമ്പോള്‍ തൊട്ടടുത്തുള്ള ബീഡി നിര്‍മാണശാലയില്‍ നിന്നും തൊഴിലാളികളെത്തും.

എന്തെങ്കിലും ഒരു വാര്‍ത്ത കിട്ടുമ്പോള്‍ മുറം താഴെവെച്ച് മുണ്ടും മടക്കി കുത്തി വരുന്ന ടീമാണ്. അന്നൊക്കെ അവരാണ് സംരക്ഷിച്ചത്. മീനോട്ട് കിട്ടനും മീനോട്ട് രാമനുമാണ് സംരക്ഷിച്ചത്, ഞങ്ങള്‍ക്ക് കാവലായിരുന്നു അവര്‍. അവരെ തള്ളിപറയാന്‍ കഴിയില്ല. കോണ്‍ഗ്രസിന് ശ്വാസം പോലെയാണ് ഐ.എന്‍.ടി.യു.സിയെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ദേശീയ പണിമുടക്കിന്റെ ഭാഗമായിരുന്ന ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്നായിരുന്നു വി.ഡി. സതീശന്‍ നേരത്തെ പറഞ്ഞത്. എന്നാല്‍ ഇതിനെതിരെ ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ രംഗത്തെത്തിയിരുന്നു.

ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിനോട് ഇഴുകി ചേര്‍ന്ന് നില്‍ക്കുന്ന പ്രസ്ഥാനമാണ്. രൂപീകരണ കാലം മുതല്‍ സംഘടന പ്രവര്‍ത്തിച്ചത് അപ്രകാരമാണ്. ഇതിന് പുറമെ പോഷക സംഘടനയാണ് എന്ന് വ്യക്തമാക്കുന്ന രേഖകള്‍ എ.ഐ.സി.സിയുടെ വെബ്സൈറ്റിലുണ്ട്. കെ.പി.സി.സിയുടെ ലിസ്റ്റിലും ഐ.എന്‍.ടി.യു.സി പോഷക സംഘടനകളുടെ കൂട്ടത്തിലുണ്ടെന്നും ആര്‍. ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടി.

സമരങ്ങള്‍ എത് തരത്തിലായാലും കുറച്ചാളുകള്‍ക്ക് അസൗകര്യം ഉണ്ടാവും. ചില അസൗകര്യങ്ങളുടെ പേരില്‍ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവിന്റെ വാക്ക് തൊഴിലാളികള്‍ക്ക് ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: K Sudhakaran says about INTUC and VD Satheesan