എന്റെ ഒരു സിനിമയും എന്റെ മകള്‍ ഇതുവരെ കണ്ടിട്ടില്ല; അതിനൊരു കാരണമുണ്ട്: പൃഥ്വിരാജ്
Movie Day
എന്റെ ഒരു സിനിമയും എന്റെ മകള്‍ ഇതുവരെ കണ്ടിട്ടില്ല; അതിനൊരു കാരണമുണ്ട്: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 5th April 2022, 2:04 pm

നടന്‍ പൃഥ്വിരാജിനെപ്പോലെ തന്നെ ആരാധകര്‍ക്ക് പ്രിയപ്പെട്ടവളാണ് അദ്ദേഹത്തിന്റെ മകള്‍ അലംകൃത. ആലി എന്ന വിളിപ്പേരിലാണ് അലംകൃത അറിയപ്പെടുന്നത്.

എഴുത്തുകളിലൂടെയും വരകളിലൂടെയുമെല്ലാം സോഷ്യല്‍മീഡിയില്‍ ഇതിനകം തന്നെ ആലി താരമായി മാറിക്കഴിഞ്ഞു. സുപ്രിയയാണ് പലപ്പോഴും ആലിയുടെ എഴുത്തുകളും കഥകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറ്.

നിരവധി ആരാധകരാണ് ആലിക്ക് ഉള്ളത്. ഇപ്പോള്‍ മകളുടെ ചില വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ പൃഥ്വിരാജ്. ജന ഗണ മന എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് മകളെ കുറിച്ചുള്ള ചോദ്യത്തിന് പൃഥ്വി മറുപടി നല്‍കിയത്.

ഒരു നടനെന്ന നിലയില്‍ മകളെ എങ്ങനെയാണ് കണ്‍വിന്‍സ് ചെയ്യുന്നത് എന്ന ചോദ്യത്തിന് താന്‍ അഭിനയിച്ച ഒരു സിനിമ പോലും തന്റെ മകള്‍ ഇതുവരെ കണ്ടിട്ടില്ലെന്നായിരുന്നു പൃഥ്വിയുടെ മറുപടി. അതിനൊരു കാരണമുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.

‘എന്റെ ഒരു സിനിമയും എന്റെ മകള്‍ ഇതുവരെ കണ്ടിട്ടില്ല. അത് വേറൊന്നും കൊണ്ടല്ല. അവള്‍ കാണുന്ന കണ്ടന്റ്, പ്രൊഗ്രസീവ്‌ലി അതിലേക്ക് ഇന്‍ട്രൊഡ്യൂസ് ചെയ്യപ്പെടണം എന്നൊരു ആഗ്രഹം എനിക്കും സുപ്രിയയ്ക്കും ഉണ്ട്.

ഇപ്പോള്‍ അവള്‍ സ്‌ക്രീനിന് മുന്‍പില്‍ ഇരിക്കുന്നത് തന്നെ വളരെ കുറവാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി സ്‌കൂളിലെ ക്ലാസ് കമ്പ്യൂട്ടര്‍ സ്‌ക്രീനിന്റെ മുന്‍പില്‍ ആയതുകൊണ്ട്, അതിന് ശേഷം ഞങ്ങള്‍ കൊടുക്കാറില്ല.

പിന്നെ ഇപ്പോള്‍ അവളുടെ താത്പര്യവും കുറച്ചുകൂടി പുസ്തകം വായിക്കലിലൊക്കെയാണ്. ഒരുപക്ഷേ അതും മാറിയേക്കാം. അങ്ങനെ പ്രോഗ്രസീവ്‌ലി കാണുന്ന കണ്ടന്റിലേക്ക് ഇന്‍ട്രൊഡ്യൂസ് ചെയ്യപ്പെടണം എന്നൊരു ആഗ്രഹം എനിക്കുണ്ട്.

വേറൊന്നും കൊണ്ടല്ല ഒന്ന് കുട്ടികള്‍ക്ക് ചില സിനിമകള്‍ മനസിലാക്കിയെടുക്കാന്‍ പറ്റില്ല. ഇപ്പോള്‍ ജന ഗണ മന എന്ന സിനിമ ആറ് വയസോ ഏഴ് വയസോ ഉള്ള ഒരു കുട്ടി കണ്ടാല്‍ അത് മുഴുവന്‍ മനസിലാക്കിയെടുക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലെങ്കില്‍ പിന്നെ നമ്മള്‍ ഇരുന്ന് പറഞ്ഞ് കൊടുക്കണം ഇത് ഇങ്ങനാണ് ഇങ്ങനാണ് എന്നൊക്കെ.

അത് ഇപ്പോള്‍ പറഞ്ഞുകൊടുക്കേണ്ടെന്ന് തോന്നി. അവള്‍ സ്വയം മനസിലാക്കുന്ന സമയം വരട്ടെയെന്നാണ് കരുതുന്നത്. ഈയടുത്തിടയ്ക്ക് ഐസ് ഏജ് എന്ന ഒരു ആനിമേഷന്‍ സിനിമ ഞങ്ങള്‍ ഒരുമിച്ചിരുന്ന് ആദ്യമായിട്ട് കണ്ടു. അങ്ങനെ ചെറുതായൊക്കെ കണ്ടുവരട്ടെ.

എന്താണ് അച്ഛന്റെ സിനിമ കാണിക്കാത്തതെന്ന് എന്നോട് അവള്‍ ചോദിക്കാറുണ്ട്. അല്ല, അത് കുട്ടികള്‍ കാണണ്ട എന്ന് ഞാന്‍ പറയും. അപ്പോള്‍ വെച്ച ഡിമാന്റ,് എന്നാല്‍ കുട്ടികള്‍ക്ക് കാണാന്‍ പറ്റുന്ന ഒരു സിനിമ ചെയ്യണമെന്നാണ് (ചിരി).

ഇത് പറഞ്ഞു പറഞ്ഞ് ഇപ്പോള്‍ എനിക്ക് ഭയങ്കര ആഗ്രഹമുണ്ട് കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു സിനിമ ചെയ്യാന്‍. എന്റെ ടു ഡു ലിസ്റ്റില്‍ അങ്ങനെ ഒരു സിനിമ ഉണ്ട്,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Actor Prithviraj About Daughter Alankrita Menon Prithviraj