സംസ്ഥാനത്തെ ഏറ്റവും മോശം വകുപ്പ് ആരോഗ്യവകുപ്പാണെന്ന് ചീഫ് സെക്രട്ടറി
Kerala News
സംസ്ഥാനത്തെ ഏറ്റവും മോശം വകുപ്പ് ആരോഗ്യവകുപ്പാണെന്ന് ചീഫ് സെക്രട്ടറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th April 2022, 12:58 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മോശം വകുപ്പാണ് ആരോഗ്യവകുപ്പെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് ഐ.എ.എസ്. ചീഫ് സെക്രട്ടറിയുടെ വിമര്‍ശനം ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ തന്റെ കീഴിലുള്ള വകുപ്പ് മേധാവിമാര്‍ക്കയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്.

ചീഫ് സെക്രട്ടറി സംസ്ഥാന തല യോഗത്തില്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കത്ത്. ആരോഗ്യവകുപ്പിന്റെ വീഴ്ചകളെ കുറിച്ച് കത്തില്‍ പറയുന്നുണ്ട്.

ആരോഗ്യവകുപ്പിലെ സ്ഥാനക്കയറ്റം, അച്ചടക്ക നടപടി, സീനിയോരിറ്റി പട്ടിക, അവധിക്രമം തുടങ്ങിയ വിഷയങ്ങളില്‍ വലിയ വീഴ്ചയാണ് സംഭവിക്കുന്നത്. ഉദ്യോഗസ്ഥര്‍ ജോലി കൃത്യമായി നിര്‍വഹിക്കാത്തതാണ് ഇത്തരം വീഴ്ചകള്‍ക്ക് കാരണമാവുന്നത്.

വകുപ്പിലെ അവധി ക്രമം ഇനിയും നേരെയായിട്ടില്ല, 30- 40 വര്‍ഷം മുമ്പുള്ള കേസുകള്‍ കോടതിയില്‍ കെട്ടിക്കിടക്കുകയാണ്. ഇതില്‍ പലതിലും സര്‍ക്കാര്‍ തോല്‍ക്കുന്നുമുണ്ട്. നഷ്ടപരിഹാരമായി വലിയ തുക നല്‍കേണ്ടി വരുന്നു. കേസുകള്‍ ഫോളോ അപ്പ് ചെയ്യുന്നതില്‍ വലിയ വീഴ്ചയാണ് സംഭവിക്കുന്നത്. ഇതിന്റെ ഭാഗമായി വരുന്ന കോടതിലക്ഷ്യ കേസുകളും മറ്റ് പ്രശ്‌നങ്ങളും ചീഫ് സെക്രട്ടറിക്കാണ് ബാധ്യതയാവുന്നത്.

ഇത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്. പല ഉദ്യോഗസ്ഥരും സ്വന്തം കടമ നിര്‍വഹിക്കുന്നില്ല. ഈ നടപടിഒഴിവാക്കണം. വകുപ്പിന്റെ നടപടി ക്രമങ്ങള്‍ കാര്യക്ഷമമാക്കണമെന്നും കത്തില്‍ പറയുന്നു.

Content Highlights: Chief Secretary says Health Department is the most worst department in Kerala