കടകം പള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ വീടുകള്‍ കയറി പച്ചയ്ക്ക് ജാതി പറഞ്ഞ് വോട്ട് പിടിച്ചു; ഞങ്ങളുടെ ഭാരവാഹികളെ വരെ കടകംപള്ളി വിളിച്ചു; ആരോപണവുമായി മുരളീധരന്‍
Kerala News
കടകം പള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ വീടുകള്‍ കയറി പച്ചയ്ക്ക് ജാതി പറഞ്ഞ് വോട്ട് പിടിച്ചു; ഞങ്ങളുടെ ഭാരവാഹികളെ വരെ കടകംപള്ളി വിളിച്ചു; ആരോപണവുമായി മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th October 2019, 11:25 am

കോഴിക്കോട്: വട്ടിയൂര്‍ക്കാവില്‍ ആര്‍.എസ്.എസ് എല്‍.ഡി.എഫിന് വോട്ടു മറിച്ചെന്ന ആരോപണവുമായി വടകര എം.പി കെ മുരളീധരന്‍. കടകം പള്ളി സുരേന്ദ്രന്‍ ജാതി പറഞ്ഞ് വോട്ടു ചോദിച്ചെന്നും മുരളീധരന്‍ ആരോപിച്ചു. കോഴിക്കോട് മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍.എസ്.എസിന്റെ വോട്ടുകള്‍ എല്‍.ഡി.എഫിന് മറിക്കും എന്ന് താന്‍ നേരത്തെ പറഞ്ഞത് അവരുടെ സോഴ്‌സില്‍ നിന്ന് നേരത്തെ വിവരം ലഭിച്ചതുകൊണ്ടാണ്. അതാണ് കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും പറഞ്ഞത്. ഞങ്ങള്‍ക്ക് മൂന്നു പേര്‍ക്കും ഇത് സംബന്ധിച്ച് അറിവുണ്ടായിരുന്നു എന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അത് വ്യക്തമായെന്നും മുരളീധരന്‍ പറഞ്ഞു.

കുമ്മനം രാജശേഖരന്‍ മാറി എസ്. സുരേഷ് വന്നപ്പോള്‍ ബി.ജെ.പി ചിത്രത്തില്‍നിന്നേ പോയി എന്നും മുരളീധരന്‍ പറഞ്ഞു.

സി.പി.ഐ.എം പറയുന്നത് ജാതി മത സമവാക്യങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ മാറി എന്നാണ്. എന്നാല്‍ മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ പച്ചയ്ക്ക് ജാതി പറഞ്ഞാണ് പല ഈഴവ കുടുംബങ്ങളിലും ചെന്ന് വോട്ടു പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘ജയിച്ചാലിതിന്റെ ക്രെഡിറ്റ് മുഴുവന്‍ എന്‍.എസ്.എസിനായിരിക്കും, അനിരുദ്ധന് ശേഷം ഈഴവ സമുദായത്തില്‍പ്പെട്ട ഒരു എം.എല്‍.എ ഉണ്ടായിട്ടില്ല. അതുകൊണ്ട് ഈ സുവര്‍ണാവസരം വിനിയോഗിക്കണമെന്ന് ഒരു സംഘം തന്നെ വീടുകളില്‍ കയറി പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ ഇലക്ഷന്‍ കമ്മിറ്റിയുടെ ഉത്തരാവാദിത്തപ്പെട്ട ഭാരവാഹികളെ വരെ മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ ഫോണില്‍ വിളിച്ചിട്ടുണ്ട്’ മുരളീധരന്‍ പറഞ്ഞു.

എന്‍.എസ്.എസ് അല്ല ആര്‍.എസ്.എസ് ആണ് ഇവിടുത്തെ പ്രധാന ഘടകം എന്ന് തെളിയിക്കാനാണ് അവര്‍ വോട്ടുമറിച്ചത്.

വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ യു.ഡി.എഫ് എടുത്ത നിലപാടില്‍ ഐക്യപ്പെട്ടാണ് എന്‍.എസ്.എസ് യു.ഡി.എഫിനെ പിന്തുണച്ചത്. ഇടതു പക്ഷം വിശ്വാസികള്‍ക്കെതിരായിരുന്നു. ബി.ജെ.പിയുടെത് കപട വിശ്വാസവുമായിരുന്നു.

ഒരു ഹൈന്ദവ സംഘടനയില്‍പ്പെട്ട എന്‍.എസ്.എസ് ഹിന്ദു വര്‍ഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് ഇപ്പോള്‍ പലരും കണ്ടില്ലെന്ന് നടിക്കുകയാണെന്നും മുരളീധരന്‍ ആരോപിച്ചു.

ആര്‍.എസ്.എസിന് പ്രകോപനമുണ്ടാക്കിയത് എന്‍.എസ്.എസ് എടുത്ത മതേതര നിലപാടാണ്. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ പുരോഗമനം പ്രസംഗിക്കുന്ന ഇടതു പക്ഷം എന്‍.എസ്.എസിനെ തള്ളി ആര്‍.എസ്.എസിനെ ഉള്‍ക്കൊണ്ടതിന്റെ ഒരു താത്കാലിക വിജയമാണ് വട്ടിയൂര്‍ക്കാവില്‍ ഉണ്ടായിട്ടുള്ളതെന്നും മുരളീധരന്‍ പറഞ്ഞു.

യു.ഡി.എഫിനെ പരമ്പരാഗതമായി തുണച്ചിരുന്ന വോട്ടര്‍മാര്‍ക്കിടയിലും ഒരു മനംമാറ്റമുണ്ടായിട്ടുണ്ട്. അത് തങ്ങള്‍ വ്യക്തമായി പരിശോധിച്ച് അതിന് ഭാവിയില്‍ പരിഹാരമുണ്ടാക്കും. പരാജയം പരാജയം തന്നെ. പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നങ്ങളോന്നും തെരഞ്ഞെടുപ്പിനെ കാര്യമായി ബാധിച്ചിട്ടില്ല.

ഇടതു പക്ഷം തെരഞ്ഞെടുപ്പ് മുന്‍കൂട്ടി കണ്ടു കൊണ്ട് പ്രശാന്തിനെ ഉപയോഗപ്പെടുത്തുകയായിരുന്നു. റെഡ് ക്രോസ് സംഘങ്ങള്‍ അടച്ചു പൂട്ടി. എന്നിട്ട് ഇത്തവണ ഇവര്‍ തന്നെ സാധനങ്ങള്‍ കയറ്റി അയച്ചു. റെഡ് ക്രോസ് സംഘങ്ങള്‍ അയച്ച അത്ര സാധനങ്ങള്‍ ഇവര്‍ ഇത്തവണ അയച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യമെന്നും മുരളീധരന്‍ ആരോപിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അരൂരില്‍ ഷാനിമോള്‍ ഉസ്മാന്റെ വിജയം മാറ്റുകൂട്ടുന്നുവെന്നും അദ്ദഹം പറഞ്ഞു.
‘1960 ല്‍ നഫീസത്ത് ബീവിക്ക് ശേഷം മതന്യൂന പക്ഷത്തില്‍ നിന്ന് വീണ്ടും ജനപ്രതിനിധി ഉണ്ടായി എന്നുള്ളതും ഈ വിജയത്തിന്റെ മാറ്റ് കൂട്ടുന്നു’ കെ. മുരളീധരന്‍ പറഞ്ഞു.