അന്ന് മമ്മൂക്ക തനിയാവര്‍ത്തനമോ അമരമോ ആയിരുന്നില്ല പ്രതീക്ഷിച്ചത്: ജോണി ആന്റണി
Entertainment
അന്ന് മമ്മൂക്ക തനിയാവര്‍ത്തനമോ അമരമോ ആയിരുന്നില്ല പ്രതീക്ഷിച്ചത്: ജോണി ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th May 2025, 7:12 pm

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനും നടനുമാണ് ജോണി ആന്റണി. സി.ഐ.ഡി മൂസ, കൊച്ചി രാജാവ്, തുറുപ്പു ഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം ഉള്‍പ്പെടെയുള്ള ജനപ്രിയ സിനിമകള്‍ സമ്മാനിച്ചത് ജോണി ആന്റണി ആയിരുന്നു.

ഇപ്പോള്‍ സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ചും തുറുപ്പുഗുലാന്‍ സിനിമയെ കുറിച്ചും പറയുകയാണ് അദ്ദേഹം. താന്‍ സി.ഐ.ഡി മൂസ, കൊച്ചി രാജാവ് എന്നീ സിനിമകള്‍ ചെയ്ത് നില്‍ക്കുന്ന സമയമായിരുന്നത് കൊണ്ട് മമ്മൂട്ടി തന്നില്‍ നിന്ന് തനിയാവര്‍ത്തനമോ അമരമോ പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് സംവിധായകന്‍ പറയുന്നത്.

‘മമ്മൂക്ക തുറുപ്പുഗുലാന്‍ സിനിമക്ക് വേണ്ടി എനിക്ക് ഡേറ്റ് തരുന്നത് സി.ഐ.ഡി മൂസ, കൊച്ചി രാജാവ് എന്നീ സിനിമകള്‍ ചെയ്ത് നില്‍ക്കുന്ന സമയത്തായിരുന്നു. അതുകൊണ്ട് മമ്മൂക്ക എന്നില്‍ നിന്ന് തനിയാവര്‍ത്തനമോ അമരമോ പ്രതീക്ഷിക്കില്ല.

എന്നില്‍ നിന്ന് അദ്ദേഹം പ്രതീക്ഷിച്ചത് വളരെ രസമുള്ള ഒരു സിനിമയായിരുന്നു. ഒരു അഴിച്ചുവിടല്‍ ആണ് മമ്മൂക്ക ആഗ്രഹിച്ചിരുന്നത്. അതിന് പറ്റിയ വിഷയം വന്നപ്പോഴാണ് ഞാന്‍ അദ്ദേഹത്തോട് പറയുന്നത്. അത് മമ്മൂക്ക രണ്ട് കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.

ഞാന്‍ ആഗ്രഹിച്ചതിനേക്കാള്‍ അപ്പുറത്തേക്ക് അദ്ദേഹം ആ സിനിമയില്‍ പൂണ്ടുവിളയാടിയിരുന്നു. സിനിമ എന്നത് ആരും ഉണ്ടാക്കുന്നതല്ല. ഒരുപാട് ഘടകങ്ങള്‍ ചേരുമ്പോള്‍ അത് ഉണ്ടാകുന്നതാണ്. സത്യസന്ധമായിട്ട് നിന്നാല്‍ അത് താനേ ശരിയായി വന്നോളും,’ ജോണി ആന്റണി പറയുന്നു.

തുറുപ്പുഗുലാന്‍:

ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവരുടെ തിരക്കഥയില്‍ ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രമായിരുന്നു തുറുപ്പുഗുലാന്‍. 2006ല്‍ പുറത്തിറങ്ങിയ ഈ ആക്ഷന്‍ കോമഡി ചിത്രത്തില്‍ മമ്മൂട്ടി ആയിരുന്നു കുഞ്ഞുമോന്‍ എന്ന ഗുലാനായി എത്തിയത്.

മമ്മൂട്ടിക്ക് പുറമെ സ്‌നേഹ, ഇന്നസെന്റ്, ദേവന്‍, കലാശാല ബാബു, സുരേഷ് കൃഷ്ണ, ജഗതി ശ്രീകുമാര്‍, രാജ് കപൂര്‍, വിജയരാഘവന്‍, സലിം കുമാര്‍, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, ബാബുരാജ് തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്.


Content Highlight: Johny Antony Talks About Thuruppugulan And Mammootty