ന്യൂദല്‍ഹി: ദളിത് വിരുദ്ധ പ്രസ്താവനയുമായി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ശാന്തിശ്രീ ദുലിപുടി പണ്ഡിറ്റ്.
സ്ഥിരമായ ഒരു ഇരവാദം ഇവിടെ നിലനില്‍ക്കുന്നുണ്ടെന്നും ഈ വാദം മുമ്പോട്ടുവെക്കുന്നതിലൂടെ നമുക്ക് ഒരിക്കലും പുരോഗതി കൈവരിക്കാന്‍ സാധിക്കില്ലെന്നും സംഘപരിവാര്‍ അനുകൂലിയും വലത് വാദിയുമായ പണ്ഡിറ്റ് പറഞ്ഞു. ആര്‍.എസ്.എസുമായുള്ള ബന്ധത്തില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഉന്നതവിദ്യാഭ്യാസ സ്ഥാനപനങ്ങളില്‍ ജാതിവിവേചനം ഇല്ലാതാക്കാന്‍ യു.ജി.സി പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ യുക്തിരഹിതമാണെന്നും ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കവെ അവര്‍ ആരോപിച്ചു.
നേരത്തെ കറുത്ത വര്‍ഗക്കാര്‍ ഉന്നയിച്ച ഇരവാദമാണ് ഇപ്പോള്‍ ദളിതര്‍ ഇവിടേയ്ക്ക് കൊണ്ടുവന്നത്. ഇതുപയോഗിച്ച് ആര്‍ക്കും പുരോഗതി കൈവരിക്കാന്‍ സാധിക്കില്ല. ഇത് കേവലം താത്കാലിക മയക്കുമരുന്ന് മാത്രമാണെന്നും പോഡ്കാസ്റ്റില്‍ സംസാരിക്കവെ വൈസ് ചാന്‍സിലര്‍ പറഞ്ഞു.
അതേസമയം, ശാന്തിശ്രീ പണ്ഡിറ്റിന്റെ പ്രസ്താവനയില്‍ വലിയ പ്രതിഷേധങ്ങളുയരുകയാണ്. ജാതീയമായ പ്രസ്താവനകള്‍ നടത്തിയ വി.സി രാജിവെക്കണമെന്ന് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ (ജെ.എന്‍.യു.എസ്.യു) ആവശ്യപ്പെട്ടു.
‘ഒരു പോഡ്കാസ്റ്റില്‍ നഗ്നമായ ജാതീയ അധിക്ഷേപം നിറഞ്ഞ വൈസ് ചാന്‍സിലറുടെ പ്രസ്താവന കേട്ട് ഞങ്ങള്‍ ഞെട്ടിപ്പോയി. സര്‍വകലാശാലയിലും സമൂഹത്തിലും ഇപ്പോഴും നിലനില്‍ക്കുന്ന ജാതിവേര്‍തിരിവിന്റെയും ജാതി മേല്‍ക്കോയ്മയുടെയും പ്രതിഫലനമാണ് ഈ പ്രസ്താവന,’ ജെ.എന്‍.യു.എസ്.യു പറഞ്ഞു.
ഫെബ്രുവരി 16ന് ദി സണ്‍ഡേ ഗാര്‍ഡിയനിലെ പോഡ്കാസ്റ്റില്‍ സംസാരിക്കവെ തന്റെ ആര്‍.എസ്.എസ് ബന്ധത്തെ കുറിച്ചും വൈസ് ചാന്‍സിലര്‍ തുറന്നുപറഞ്ഞിരുന്നു.
”ആര്‍.എസ്.എസ് എനിക്ക് ശക്തമായ ഒരു സാംസ്‌കാരിക അഭിമാനം നല്‍കിയിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ തെക്കന്‍ സംസ്ഥാനത്ത് നിന്നാണ് വരുന്നത്. സ്‌കൂളില്‍ പഠിക്കവെ വളരെ ചെറുപ്പത്തില്‍ തന്നെ ഞാന്‍ ആര്‍.എസ്.എസ് സേവിക സമിതിയുടെ ദേശീയ ക്യാമ്പുകളില്‍ പങ്കെടുത്തിരുന്നു.
ആ സമയത്ത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകള്‍ വളരെ വ്യത്യസ്തരാണെന്നും എന്നാല്‍ അതേസമയം തന്നെ വ്യത്യസ്തരായ നമ്മളെല്ലാവരെയും ഒന്നിപ്പിക്കുന്ന എന്തോ ഒന്ന് ഉണ്ടെന്നും ഞാന്‍ മനസിലാക്കി.
എന്തെങ്കിലും ദുരന്തം സംഭവിക്കുമ്പോഴെല്ലാം ആദ്യം അവിടെ പോയത് ഈ സംഘടനയാണ്. അവര്‍ ഒരിക്കലും വിവേചനം കാണിച്ചില്ല. ആ സമയത്ത് അവര്‍ക്ക് രാഷ്ട്രീയ അധികാരം പോലും ഉണ്ടായിരുന്നില്ല. സമൂഹത്തിനായി അവര്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്തു.
എപ്പോഴെങ്കിലും അവര്‍ ജാതി തിരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ഞാന്‍ വിശ്വസിക്കില്ല. അവര്‍ക്കെതിരെ നെയ്‌തെടുത്ത നിരവധി തെറ്റായ ധാരണകള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നതായി ഞാന്‍ മനസിലാക്കുന്നു, അത് ഇല്ലാതാകണമെന്നാണ് ഞാന്‍ കരുതുന്നത്.
സാര്‍വത്രികവും അതുല്യവുമായ ഒരു ലോകവീക്ഷണം എനിക്ക് നല്‍കിയതിനാല്‍ ആര്‍.എസ്.എസിനെയോര്‍ത്ത് ഞാന്‍ വളരെ അഭിമാനിക്കുന്നു,’ പണ്ഡിറ്റ് പറഞ്ഞു.
Content Highlight: JNU VC makes caste-based remarks, students’ union demands his resignation