ചിദംബരത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ‘ബാലൻ’ മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ വേറിട്ട കഥാപശ്ചാത്തലത്തോടൊപ്പം തന്നെ അതിലെ കഥാപാത്രങ്ങളും ഇപ്പോൾ വലിയ ചർച്ചയായിക്കഴിഞ്ഞു. ചിത്രത്തിലെ ഓരോ അഭിനേതാക്കളുടെയും മികച്ച പ്രകടനം തന്നെയാണ് സിനിമയുടെ പ്രത്യേകതയും.
ചിത്രത്തിൽ ജീൻ പോൾ ലാൽ അവതരിപ്പിച്ച ‘പവിത്രൻ’ എന്ന പൊലീസ് കഥാപാത്രം ഇതിനകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തിയേറ്ററുകളിൽ പ്രേക്ഷകരിൽ കടുത്ത വെറുപ്പും ദേഷ്യവും ഉണർത്താൻ പവിത്രൻ എന്ന കഥാപാത്രത്തിന് സാധിച്ചു. ഇപ്പോഴിതാ, ബാലൻ’ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സിനാനൊപ്പമുള്ള അഭിനയാനുഭവങ്ങൾ പങ്കുവെക്കുകയാണ് ജീൻ പോൾ ലാൽ.
‘അവൻ സാധാരണ ഒരു കുട്ടിയല്ല, ഗംഭീര നടനാണ്. അതുകൊണ്ട് തന്നെ അവനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാൻ സംവിധായകൻ ചിദംബരത്തോട് ചോദിച്ചിരുന്നു. അവന്റെ പ്രകടനം കാണാൻ എനിക്ക് വലിയ ആകാംഷയായിരുന്നു. ആദ്യമൊക്കെ റിഹേഴ്‌സൽ ചെയ്യിക്കുമ്പോൾ ഇവന് എന്താണ് ഒട്ടും പേടിയില്ലാത്തതെന്ന് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. അവൻ അത്രയ്ക്ക് സ്ട്രോങ്ങാണ്.
ഒരു കുട്ടിയെ പേടിപ്പിക്കാൻ നോക്കുമ്പോൾ അവൻ പേടിച്ചില്ലെങ്കിൽ നമുക്ക് പിന്നെ ഒന്നും ചെയ്യാനില്ലല്ലോ. സിനിമയിൽ പവിത്രൻ എന്ന എന്റെ കഥാപാത്രം ‘നീ പോയി വലുതായിട്ട് വാ’ എന്ന് പറയുന്നത് പവിത്രന്റെ നിവർത്തികേട് കൊണ്ടാണ്. അവിടെ പവിത്രൻ ശരിക്കും ‘ചമ്മിപ്പോവുകയാണ്’.
പൊലീസുകാർക്ക് കൈക്കൂലി കൊടുക്കുന്ന രംഗങ്ങളിലൊക്കെ പൊലീസിനെ പേടിക്കേണ്ടതില്ലെന്ന തന്റേടം ആ കുട്ടിക്ക് കിട്ടുന്നുണ്ട് .അവനെ ചേർത്തുനിർത്തി ഒരൊറ്റ ഇടി കൊടുത്ത് പേടിപ്പിച്ചാലോ എന്ന് ഞാൻ ചിദംബരത്തോടും ശ്രീരാഗിനോട് ചോദിച്ചിരുന്നു. ആളുകൾക്ക് അത് കണ്ട് ബോധ്യമായില്ലെങ്കിലോ എന്ന ആശങ്ക എനിക്കുണ്ടായിരുന്നു. എന്നാൽ ചിദു (ചിദംബരം) അത് വേണ്ടെന്ന് വെക്കുകയായിരുന്നു,’ ജീൻ പോൾ ലാൽ പറഞ്ഞു.
Content Highlight :Jean Paul Lal discusses the child actor’s character in the movie Balan