ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരം സിഡ്നിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഇന്ത്യയെ നയിക്കുന്നത് ജസ്പ്രീത് ബുംറയാണ്.

ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ എന്ന നിലയിലും ബൗളറെന്ന നിലയിലും മിന്നും പ്രകടനമാണ് ബുംറ കാഴ്ചവെച്ചത്. നിര്‍ണായകമായ ടെസ്റ്റില്‍ ഓസീസിനെ തകര്‍ക്കാന്‍ സഹായിച്ചത് ബുംറയുടെ മികച്ച ബൗളിങ്ങാണ്. ഒമ്പത് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിലവില്‍ 12.83 എന്ന ആവറേജില്‍ 30 വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്. ഇതോടെ പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരനാകാനും താരത്തിന് സാധിച്ചു. സിഡ്‌നിയിലും ബുംറ മിന്നും പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ഇതിനെല്ലാം പുറമെ താരത്തെ ഒരു തകര്‍പ്പന്‍ റെക്കോഡും സിഡ്‌നിയില്‍ കാത്തിരിക്കുന്നുണ്ട്.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമെന്ന നേട്ടമാണ് ബുംറയെ കാത്തിരിക്കുന്നത്. ഇനിയുള്ള അവസാന ടെസ്റ്റില്‍ മൂന്ന് വിക്കറ്റുകള്‍ നേടിയാല്‍ ബുംറയ്ക്ക് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിക്കും. 2000-2001 വര്‍ഷത്തെ ഇന്ത്യയില്‍ നടന്ന പരമ്പരയില്‍ 32 വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഹര്‍ഭജന്‍ സിങ് ഈ നേട്ടത്തില്‍ എത്തിയത്.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം, വിക്കറ്റ്, വര്‍ഷം

ഹര്‍ബജന്‍ സിങ് – 32 – 2000 – 01

ജസ്പ്രീത് ബുംറ – 30 – 2024 – 25

ആര്‍. അശ്വിന്‍ – 29 – 2012 – 13

ബെഞ്ചമിന്‍ ഹില്‍ഫിന്‍ഹസ് (ഓസ്‌ട്രേലിയ) – 27 – 2011 – 12

അനില്‍ കുംബ്ലെ – 27 – 2004 – 05

ആര്‍. അശ്വിന്‍ – 25 – 2022 – 23

നിലവില്‍ ടോസ് നേടി ബാറ്റിങ് തുടരുന്ന ഇന്ത്യ 53 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സാണ് നേടിയത്. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്ക് മികവ് പുലര്‍ത്താന്‍ സാധിക്കാതെ വന്നപ്പോള്‍ ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകുന്നത് റിഷബ് പന്തും രവീന്ദ്ര ജഡേജയുമാണ്. പന്ത് ഒരു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 93 പന്തില്‍ നിന്ന് 38 റണ്‍സാണ് നേടിയത്. ജഡേജ ഒരു ഫോര്‍ ഉള്‍പ്പെടെ 69 പന്തില്‍ നിന്ന് 14 റണ്‍സും നേടി.

 

Content Highlight: Jasprit Bumra Need 3 wickets To Achieve Great Record In BGT