മൂത്തോൻ കണ്ട ശേഷം നിവിൻ പോളിയെ നേരിൽ കണ്ട് പരിചയപ്പെട്ടു: അനുഭവം പങ്കുവെച്ച് ജേസൺ സഞ്ജയ് വിജയ്
Daily News
മൂത്തോൻ കണ്ട ശേഷം നിവിൻ പോളിയെ നേരിൽ കണ്ട് പരിചയപ്പെട്ടു: അനുഭവം പങ്കുവെച്ച് ജേസൺ സഞ്ജയ് വിജയ്
അജ്മല്‍ കെ
Monday, 3rd August 2026, 7:03 pm

നിവിൻ പോളി നായകനായ ‘മൂത്തോൻ’ സിനിമ കണ്ട ശേഷമാണ് അദ്ദേഹത്തെ നേരിൽ കണ്ട് പരിചയപ്പെട്ടതെന്ന് സഞ്ജയ് വിജയ്. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വോളന്റിയറായി പ്രവർത്തിച്ച അനുഭവവും ലോകസിനിമകൾ തന്റെ കാഴ്ചപ്പാട് മാറ്റിയതിനെക്കുറിച്ചുമാണ് സഞ്ജയ് വിജയ് പറയുന്നത്. ‘സിഗ്മ’യുടെ പ്രമോഷന്റെ ഭാഗമായി ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

ചെറിയ പ്രായം മുതലേ എനിക്ക് സ്റ്റോറി ടെല്ലിങ് വളരെ ഇഷ്ടമായിരുന്നു. കഥ പറയാനുള്ള കഴിവ് എനിക്കുണ്ടെന്ന് പതിയെ മനസ്സിലായി. അങ്ങനെയാണ് ഞാൻ എഴുതാൻ തുടങ്ങിയത്. എഴുത്തിൽ താൽപര്യമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ അത് കൂടുതൽ മെച്ചപ്പെടുത്തണമെന്ന ആഗ്രഹത്തിലാണ് കാനഡയിലെ ടൊറന്റോ ഫിലിം സ്കൂളിൽ ഫിലിം മേക്കിങ് കോഴ്സ് ചെയ്തത്. ഫിലിം മേക്കിങ്ങിന്റെ എല്ലാ വിഭാഗങ്ങളും ഉൾക്കൊള്ളുന്ന കോഴ്സായിരുന്നു അത്. അതിലൂടെയാണ് എനിക്ക് ഏത് മേഖലയിലാണ് കൂടുതൽ താൽപര്യമെന്ന് മനസ്സിലായതും, ഡയറക്ഷനോടാണ് കൂടുതൽ ഇഷ്ടമെന്ന് തിരിച്ചറിഞ്ഞതെന്നും സഞ്ജയ് വിജയ് പറഞ്ഞു.

സഞ്ജയ് വിജയ്.Photo: Screengrab/ Youtube

ടൊറന്റോയിൽ എല്ലാ വർഷവും ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നടക്കാറുണ്ട്. അവിടെ പഠിച്ചിരുന്ന സമയത്ത് ആ ഫെസ്റ്റിവലിൽ വോളന്റിയറായി പ്രവർത്തിക്കാനും എനിക്ക് അവസരം ലഭിച്ചു. ആ അനുഭവത്തിലൂടെയാണ് ഒരുപാട് ലോകസിനിമകൾ കാണാൻ തുടങ്ങിയത്. അതോടെ സിനിമയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറി. നമ്മൾ കാണാത്ത തരത്തിലുള്ള നിരവധി സിനിമകളും കഥപറച്ചിൽ രീതികളും ഉണ്ടെന്ന് അപ്പോഴാണ് കൂടുതൽ മനസ്സിലായതെന്നും താരം പറഞ്ഞു.

ഞാൻ അവിടെയുണ്ടായിരുന്ന സമയത്ത് സൗത്ത് ഇന്ത്യയിൽ നിന്നുള്ള രണ്ട് സിനിമകൾ ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. അതിൽ ഒന്ന് നിവിൻ പോളി അഭിനയിച്ച ‘മൂത്തോൻ’ ആയിരുന്നു. അത് ഒരു ക്വിയർ സിനിമ ആയിരുന്നു. സിനിമ കണ്ടതിന് ശേഷം നിവിൻ പോളിയെ നേരിൽ പോയി പരിചയപ്പെട്ടു. ഞാൻ ആരാണെന്ന് അദ്ദേഹത്തെ പരിചയപ്പെടുത്തി. ഇപ്പോൾ അദ്ദേഹത്തിന് അത് ഓർമയുണ്ടാകുമോ എന്നറിയില്ല. പക്ഷേ, അത്തരം അനുഭവങ്ങളൊക്കെ എനിക്ക് ഏറെ വിലപ്പെട്ടതായിരുന്നുവെന്നും സഞ്ജയ് വിജയ് കൂട്ടിച്ചേർത്തു.

മൂത്തോൻ.Photo: IMDb

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് 2019ൽ പുറത്തിറങ്ങിയ ചിത്രമാണ് മൂത്തോൻ. നിവിൻ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം രാജ്യാന്തര ചലച്ചിത്രമേളകളിൽ വളരെ അതികം ശ്രദ്ധ നേടിയിരുന്നു.

അജ്മല്‍ കെ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.