തലൈവരുടെ മാസ് മേയ്‌ഹെമിന് ഇനി വെറും രണ്ടു ദിവസം മാത്രമാണ് ബാക്കി. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ ഹൈപ്പിന്റെ കൊടുമുടിയിലാണ്. പുറത്തുവന്ന ഓരോ അപ്‌ഡേറ്റുകളും ആരാധകരുടെ ആകാംക്ഷ ഇരട്ടിയാക്കുന്നുണ്ട്. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്റെ രണ്ടാം വരവ് പല റെക്കോഡുകളും തകര്‍ക്കുമെന്ന് ഉറപ്പാണ്.

കഴിഞ്ഞദിവസം ജയിലര്‍ 2ന്റെ അഡ്വാന്‍സ് ബുക്കിങ് ആരംഭിക്കുകയും ചെയ്തു. കേരളത്തിലും വലിയ പ്രീ സെയിലാണ് ചിത്രത്തിന് ലഭിക്കുന്നത്. മോഹന്‍ലാല്‍- രജിനികാന്ത്- നെല്‍സണ്‍ ഫാക്ടര്‍ കേരളത്തില്‍ നല്ല രീതിയില്‍ ഹൈപ്പ് ഉയര്‍ത്തുന്നുണ്ട്. ആദ്യദിനം തന്നെ മിനിമം 100 കോടിയെങ്കിലും ജയിലര്‍ 2 നേടുമെന്നാണ് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

കേരളത്തില്‍ നിന്ന് ഇതിനോടകം 4.8 കോടിയാണ് ചിത്രം നേടിയത്. റിലീസിന് രണ്ട് ദിവസം ബാക്കിയുള്ളതിനാല്‍ ആദ്യദിനം കേരളത്തില്‍ നിന്ന് ഡബിള്‍ ഡിജിറ്റ് ഓപ്പണിങ് ജയിലര്‍ 2 നേടുമെന്നാണ് കണക്കുകൂട്ടല്‍. എല്ലാം ഒത്തുവന്നാല്‍ കേരളത്തില്‍ ലിയോയുടെ ആദ്യദിന കളക്ഷന്‍ ജയിലര്‍ 2ന് മുമ്പില്‍ വീണേക്കുമെന്നാണ് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

എന്നാല്‍ തമിഴ്‌നാട്ടില്‍ ചിത്രത്തിന്റെ ബുക്കിങ് അത്രകണ്ട് മുന്നേറുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതുവരെ ആകെ ഒമ്പത് കോടി മാത്രമാണ് ചിത്രം നേടിയത്. തമിഴ്‌നാട്ടില്‍ മാത്രം 700ന് മുകളില്‍ സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. ഹോം ടെറിട്ടറിയില്‍ ആദ്യദിനം 20 കോടിക്കടുത്ത് നേടിയേക്കുമെന്നാണ് ട്രാക്കര്‍മാര്‍ വിലയിരുത്തുന്നത്.

വേള്‍ഡ്‌വൈഡ് പ്രീ സെയിലില്‍ ഇതുവരെ 40 കോടിക്കടുത്ത് ജയിലര്‍ 2 നേടിക്കഴിഞ്ഞു. തമിഴില്‍ ഈ വര്‍ഷത്തെ ആദ്യ 100 കോടി ഓപ്പണറെന്ന നേട്ടം ജയിലര്‍ 2 സ്വന്തമാക്കുമെന്ന് ഉറപ്പാണ്. ഹൈ പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ തമിഴിലെ ആദ്യ 1000 കോടി ചിത്രമെന്ന നേട്ടവും ജയിലര്‍ 2ലൂടെ നേടുമെന്നാണ് ആരാധകര്‍ കരുതുന്നത്.

സമീപകാലത്ത് ഒരു സൂപ്പര്‍സ്റ്റാര്‍ സിനിമക്ക് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച വരവേല്പാണ് ജയിലര്‍ 2നായി ഒരുങ്ങുന്നത്. ഓഡിയോ ലോഞ്ച് നടത്തിയില്ലെങ്കിലും ചിത്രത്തിലെ പ്രൊമോകളിലൂടെ ലൈവായി നിലനിര്‍ത്താന്‍ നിര്‍മാതാക്കള്‍ക്ക് സാധിച്ചിട്ടുണ്ട്. മുത്തുവേല്‍ പാണ്ഡ്യന്റെ രണ്ടാം വരവ് തിയേറ്ററില്‍ ആഘോഷമാക്കാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Content Highlight: Jailer 2 worldwide advance booking crossed 40 crore