അക്കാര്യം കണ്ട് ജഗതി ചേട്ടൻ അലറിവിളിച്ചു; അതുകൊണ്ട് മാത്രം ലാലേട്ടൻ ഇപ്പോഴും ജീവനോടെയുണ്ട്: നടൻ നന്ദു
Entertainment
അക്കാര്യം കണ്ട് ജഗതി ചേട്ടൻ അലറിവിളിച്ചു; അതുകൊണ്ട് മാത്രം ലാലേട്ടൻ ഇപ്പോഴും ജീവനോടെയുണ്ട്: നടൻ നന്ദു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 9th June 2025, 11:10 am

മുപ്പത് വർഷത്തോളമായി സിനിമാരംഗത്ത് സജീവമാണ് നന്ദു. എങ്കിലും മോഹൻലാൽ നായകനായി എത്തിയ സ്പിരിറ്റ് എന്ന ചിത്രത്തിലെ കുടിയൻ കഥാപാത്രമാണ് നന്ദുവിനെ കൂടുതൽ പ്രശസ്തനാക്കിയത്. 1986ൽ മോഹൻലാൽ ചിത്രം സർവ്വകലാശാലയിലൂടെയാണ് സിനിമയിലേക്ക് പ്രവേശിക്കുന്നത്.

സംവിധായകൻ പ്രിയദർശന്റെ പല ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം എമ്പുരാനിലും നന്ദു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ മോഹൻലാലിനെക്കുറിച്ചും ജഗതി ശ്രീകുമാറിനെപ്പറ്റിയും സംസാരിക്കുകയാണ് നന്ദു.

താൻ ദൈവത്തെ കണ്ടിട്ടുണ്ടെന്നും കിലുക്കത്തിലെ ഊട്ടിപട്ടണം എന്ന പാട്ട് ചിത്രീകരിക്കുന്ന സമയം, മോഹൻലാലും ജഗതിയും ട്രെയിനിന് മുകളിൽ ആണെന്നും സംവിധായകൻ പ്രിയദർശനോടൊപ്പം താനുണ്ടായിരുന്നെന്നും നന്ദു പറയുന്നു.

ട്രെയിൻ നല്ല വേഗത്തിലാണെന്നും പെട്ടെന്ന് അലർച്ച കേട്ടെന്നും നന്ദു പറഞ്ഞു. ജഗതിയായിരുന്നു അതെന്നും പാളത്തിന് കുറുകെ ഒരു കമ്പി വലിച്ച് കെട്ടിയിരുന്ന കാര്യം തങ്ങളാരും കണ്ടില്ലെന്നും നടൻ പറയുന്നു. ജഗതി അത് കാണുകയും വിളിച്ചുപറയുകയും ചെയ്തതുകൊണ്ടാണ് മോഹൻലാൽ ഇപ്പോഴും നമ്മോട് കൂടെയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനിതയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ ദൈവത്തെ കണ്ടിട്ടുണ്ട്. കിലുക്കത്തിലെ ‘ഊട്ടിപട്ടണം’ എന്ന പാട്ട് ചിത്രീകരിക്കുന്നു. ലാലേട്ടനും ജഗതി ചേട്ടനും ട്രെയിനിന് മുകളിൽ ആണ്. പ്രിയൻ ചേട്ടനും ക്യാമറ സംഘത്തിനും ഒപ്പം ഞാനുമുണ്ട്. ട്രെയിൻ സാമാന്യം നല്ല വേഗത്തിലാണ്. ഒരു വളവ് തിരിഞ്ഞ് ട്രെയിൻ വരുന്നതും ഞങ്ങൾ ഒരു അലർച്ച കേൾക്കുന്നു ‘ലാലേ കുനിഞ്ഞോ’ ജഗതിച്ചേട്ടനാണ് വിളിക്കുന്നത്.

അടുത്ത നിമിഷം ഞങ്ങൾ കാണുന്നത് ലാലേട്ടനും ജഗതിച്ചേട്ടനും ട്രെയിനിന് മുകളിൽ കമിഴ്ന്നു കിടക്കുന്നതാണ്. പാളത്തിന് കുറുകെ ഒരു കമ്പി വലിച്ച് കെട്ടിയിരുന്നു ഈ കാര്യം ആരും ശ്രദ്ധിച്ചില്ല. ജഗതിച്ചേട്ടൻ അതു കാണുകയും വിളിച്ചു പറയുകയും ചെയ്‌തു കൊണ്ട് മാത്രം ലാലേട്ടൻ ഇപ്പോഴും നമുക്കിടയിലുണ്ട്,’ മോഹൻലാൽ പറയുന്നു.

Content Highlight: Jagathy shouted after seeing that; That’s the only reason Mohanlal is still alive says Actor Nandu