മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പെരുമാറ്റമല്ല ദുൽഖറിനും ഫഹദിനും: ജഗദീഷ്
Entertainment
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പെരുമാറ്റമല്ല ദുൽഖറിനും ഫഹദിനും: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 28th November 2023, 2:44 pm

മലയാളികളെ എന്നും ചിരിപ്പിച്ചിട്ടുള്ള നടനാണ് ജഗദീഷ്. കാലങ്ങളായി സിനിമയിൽ നിറഞ്ഞുനിൽക്കുന്ന അദ്ദേഹം നിലവിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്.

അക്കൂട്ടത്തിലേക്കുള്ള ഏറ്റവും പുതിയ എൻട്രിയായിരുന്നു ഈയിടെ പുറത്തിറങ്ങിയ ഫാലിമി എന്ന ചിത്രത്തിലെ ജഗദീഷ് അവതരിപ്പിച്ച കഥാപാത്രം.

തന്റെ കരിയറിലെ ഏറ്റവും മികച്ച അഭിപ്രായം നേടിയ കഥാപാത്രമാണ് അതെന്നും നടൻ എന്ന നിലയിൽ അതൊരു വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറയുന്നു. കാലം മാറിയതിന് അനുസരിച്ച് സിനിമയിലെ നായകന്മാരുടെ പെരുമാറ്റങ്ങളിൽ മാറ്റം വന്നിട്ടുണ്ടെന്നും കൗമുദി മൂവീസിനോട് അദ്ദേഹം പറഞ്ഞു.

‘സാങ്കേതികമായി ഒരുപാട് കാര്യങ്ങൾ മാറിയ ഒരു സാഹചര്യത്തിൽ പുതിയ കഥകളിലും ഒരുപാട് മാറ്റങ്ങൾ വരുത്തേണ്ടിയിരിക്കുന്നു. അതിനനുസരിച്ച് സിനിമകളിലും മാറ്റം വരും. അഭിനേതാക്കളുടെ ബിഹേവിയറുകളിലാണെങ്കിലും കാലഘട്ടങ്ങൾക്കനുസരിച്ച് മാറ്റം വന്നിട്ടുണ്ട്.

നസീർ സാറിന്റെ ആ ഒരു നായക പെരുമാറ്റമല്ല പിന്നീട് വന്ന മമ്മൂട്ടിക്കോ മോഹൻലാലിനോ ഉണ്ടായിരുന്നത്. ഇപ്പോഴത്തെ പുതിയ തലമുറയിലേക്ക് എത്തിനിൽകുമ്പോൾ ദുൽഖർ സൽമാനും ഫഹദ് ഫാസിലിനുമൊന്നും മമ്മൂക്കയുടെയും മോഹൻലാലിന്റെ യുവത്വത്തിലെ പെരുമാറ്റമല്ല. കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ കഥകളിലും ആഖ്യാനങ്ങളിലും അവതരണങ്ങളിലും പ്രകടനങ്ങളിലുമെല്ലാം വരുമ്പോൾ അതിനനുസരിച്ച് നമ്മളും മാറണം.

എന്നെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി എന്നത് ഫാലിമി കണ്ടിട്ട് പ്രേക്ഷകരും വിമർശകരുമെല്ലാം ഒരുപോലെ പറഞ്ഞത് അതിലെ കഥാപാത്രം എന്റെ കരിയർ ബെസ്റ്റ് പ്രകടനമാണെന്നായിരുന്നു.

അത് എനിക്ക് വലിയൊരു ടെൻഷനാണ്. പ്രേക്ഷകർ എനിക്ക് നൂറിൽ തൊണ്ണൂർ തന്നിട്ടുണ്ടെങ്കിൽ ഇനി അടുത്ത ഒരു കഥാപാത്രം ചെയ്യുമ്പോൾ 91 മാർക്ക് വാങ്ങണം. അതിനനുസരിച്ചിട്ടുള്ള സ്ക്രിപ്റ്റും സംവിധായകരുമെല്ലാം വന്നാലേ എനിക്കത് കിട്ടുകയുള്ളൂ. അടുത്തത് ഒരു 89 കിട്ടിയാലും പ്രേക്ഷകർ പറയുക മറ്റേതിന്റെ അത്ര പോര എന്നായിരിക്കും.

അതുകൊണ്ട് തന്നെ എന്റെ ഉത്തരവാദിത്തം ഓരോ ദിവസം കഴിയുമ്പോഴും കൂടുകയാണ്. കരിയർ ബെസ്റ്റ് എന്നൊക്കെ പറയുമ്പോൾ വലിയ സന്തോഷമാണെങ്കിലും മനസിനുള്ളിൽ, അയ്യോ അടുത്തത് എന്താവും എന്ന ചിന്തയാണ്,’ജഗദീഷ് പറയുന്നു.

Content Highlight: Jagadheesh Talk About His Career And Behaviour Of Young Actors