ഇസ്താംബൂളിലെ ഇസ്രഈല്‍ കോണ്‍സുലേറ്റിന് പുറത്ത് വെടിവെപ്പ്; മൂന്ന് തോക്കുധാരികളെ പൊലീസ് കൊലപ്പെടുത്തി
Turkey
ഇസ്താംബൂളിലെ ഇസ്രഈല്‍ കോണ്‍സുലേറ്റിന് പുറത്ത് വെടിവെപ്പ്; മൂന്ന് തോക്കുധാരികളെ പൊലീസ് കൊലപ്പെടുത്തി
അനിത സി
Tuesday, 7th April 2026, 5:35 pm

ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഇസ്താംബൂളില്‍ ഇസ്രഈല്‍ കോണ്‍സുലേറ്റിന് പുറത്ത് വെടിവെപ്പ്. പൊലീസ് ഇടപെടലില്‍ മൂന്ന് തോക്കുധാരികളെ വധിച്ചു. വെടിവെയ്പ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

കോണ്‍സുലേറ്റ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിന് സമീപത്ത് വെച്ചാണ് തോക്കുധാരികള്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അവരോട് കീഴടങ്ങാന്‍ പൊലീസ് ആവശ്യപ്പെട്ടതായും അവര്‍ അനുസരിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് വെടിവയ്പ്പ് ഉണ്ടാവുകയായിരുന്നുവെന്നും സി.എന്‍.എന്‍ ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു.

വെടിവയ്പ്പ് ഏകദേശം ആറ് മിനിറ്റോളം നീണ്ടുനിന്നെന്നാണ് വിവരം. രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അക്രമികളുടെ കൈവശം നീളമുള്ള റൈഫിളുകളും ധാരാളം വെടിക്കോപ്പുകളും ബാക്ക്പാക്കുകളും ഉണ്ടായിരുന്നുവെന്നും എന്‍.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലെത്തി ഇസ്രഈലിന്റെ നയതന്ത്ര ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന നിലയിലേക്ക് കയറാനുള്ള ശ്രമത്തിലായിരുന്നു അക്രമികളെന്നാണ് സൂചന.

‘ഇസ്താംബൂളിലെ യാപി ക്രെഡി പ്ലാസ ബ്ലോക്കുകള്‍ക്ക് മുന്നില്‍ ഡ്യൂട്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥരുമായുണ്ടായ സായുധ ഏറ്റുമുട്ടലില്‍ മൂന്ന് പേരെ ഉന്മൂലനം ചെയ്തു. ഏറ്റുമുട്ടലില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിസാര പരിക്കുകളേറ്റു,’ തുര്‍ക്കി ആഭ്യന്തര മന്ത്രി മുസ്തഫ സിഫ്റ്റ്‌സി പ്രതികരിച്ചു.

ആക്രമണകാരികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇസ്മിറ്റില്‍ നിന്ന് ടാക്‌സിയില്‍ ഇസ്താംബൂളില്‍ എത്തിയ ഇവര്‍ക്ക് ഒരു മത മൗലികവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സഹോദരന്മാരായ രണ്ട് ആക്രമണകാരികളില്‍ ഒരാള്‍ക്ക് മയക്കുമരുന്ന് ഇടപാടുകളുണ്ടെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് അധികൃതര്‍ അറിയിച്ചു.

2023 ഒക്ടോബര്‍ 7-ന് ശേഷം സുരക്ഷാ കാരണങ്ങളാല്‍ ഇസ്രഈല്‍ തുര്‍ക്കിയില്‍ നിന്ന് നയതന്ത്ര-കോണ്‍സുലേറ്റ് ജീവനക്കാരെ തിരിച്ചുവിളിച്ചിരുന്നു. അതുകൊണ്ടുതന്നെ വെടിവയ്പ്പ് നടക്കുമ്പോള്‍ ഇസ്രഈല്‍ കോണ്‍സുലേറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു.

Content Highlight: Shooting outside Israeli consulate in Istanbul; three gunmen killed by police

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.