ബ്ലാസ്റ്റേഴ്സ് ഓര്‍മയാവില്ല, കൊമ്പന്മാര്‍ തുടരും; വമ്പന്‍ അപ്ഡേറ്റ് പുറത്ത്
Football
ബ്ലാസ്റ്റേഴ്സ് ഓര്‍മയാവില്ല, കൊമ്പന്മാര്‍ തുടരും; വമ്പന്‍ അപ്ഡേറ്റ് പുറത്ത്
സുദേവ് എ
Saturday, 15th August 2026, 2:17 pm

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ഹാപ്പി ന്യൂസ്. ഐ.എസ്.എല്ലില്‍ കളിയ്ക്കാന്‍ വേണ്ടിയുള്ള രണ്ടാം ഘട്ട തുക കൈമാറിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്. 55 ലക്ഷം രൂപയാണ് ബ്ലാസ്റ്റേഴ്സ് കൈമാറിയത്. ബ്ലാസ്റ്റേഴ്സ് അടുത്ത സീസണില്‍ കളിക്കുമോയെന്ന കാര്യത്തില്‍ തീരുമാനം ആവുന്നതിനിടെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ നീക്കം.

തുക കൈമാറിയതോടെ ബ്ലാസ്റ്റേഴ്സ് ഐ.എസ്.എല്ലില്‍ കളിക്കുമെന്ന് ഉറപ്പായി. ഇനി പുതിയ നിക്ഷേപകരെയാണ് ബ്ലാസ്റ്റേഴ്സ് തിരയുന്നത്. ഇതിനോടകം തന്നെ ബ്ലാസ്റ്റേഴ്സ് വിദേശത്ത് നിന്നും പുതിയ നിക്ഷേപകരെ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.

രണ്ടാം ഘട്ട തുക കൈമാറിയതോടെ അടുത്ത സീസണ്‍ കളിയ്ക്കാന്‍ വേണ്ടി ബ്ലാസ്റ്റേഴ്സ് നടപടി ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന താരങ്ങളെല്ലാം ടീം വിട്ട് പോയിട്ടുണ്ട്. ഇനി പുതിയ താരങ്ങളെ ടീമില്‍ എത്തിക്കേണ്ടതുണ്ട്.

പുതിയ നിക്ഷേപര്‍ എത്തിയാല്‍ നിലവിലെ ടീമിന്റെ പരിശീലകനായ ആഷ്ലി വെസ്റ്റ് വുഡുമായുള്ള കരാര്‍ പുതുക്കാനുള്ള നടപടിയാവും ആദ്യം ചെയ്യുക. കഴിഞ്ഞ സീസണിന്റെ പകുതിയിലാണ് വെസ്റ്റ് വുഡ് കേരളത്തിന്റെ പരിശീലകനായി ചുമതയേറ്റത്. ഈ സീസണിലും ഇതേ പരിശീലകനെ തന്നെ നിലനിര്‍ത്താനാവും ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക.

നായകന്‍ അഡ്രിയാന്‍ ലൂണ ബ്ലാസ്റ്റേഴ്‌സിലേക്ക് വൈകാതെ തന്നെ തിരിച്ചെത്തിയേക്കും. ലൂണയുടെ തിരിച്ചുവരവിനൊപ്പം മികച്ച താരങ്ങളെയും ബ്ലാസ്റ്റേഴ്‌സിന് തങ്ങളുടെ തട്ടകത്തിലേക്ക് എത്തിക്കേണ്ടതുണ്ട്.

അതേസമയം വരാനിരിക്കുന്ന സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ തട്ടകത്തിലേക്ക് മാറാനൊരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. നിലവിലെ ടീമിന്റെ ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വിടാന്‍ ബ്ലാസ്റ്റേഴ്‌സ് തയ്യാറെടുക്കുന്നുവെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.

മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലേക്കായിരിക്കും ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ തട്ടകം മാറ്റുക. ഐ.എസ്.എല്‍ തുടങ്ങിയ 2014 മുതല്‍ കൊച്ചിയാണ് മഞ്ഞപ്പടയുടെ ഹോം ഗ്രൗണ്ട്. നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിടാനൊരുങ്ങുന്നത്.

ക്ലബ്ബ് ഹോം ഗ്രൗണ്ട് മാറ്റാനുള്ള ഈ തീരുമാനത്തിന് പിന്നില്‍ പല കാരണങ്ങളാണ് നിലനില്‍ക്കുന്നത്. കൊച്ചി സ്റ്റേഡിയത്തിന്റെ ഉടമകളായ ജി.സി.ഡി.എയും ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റും തമ്മില്‍ സമീപ കാലങ്ങളില്‍ വലിയ തര്‍ക്കങ്ങളാണ് നിലനില്‍ക്കുന്നത്. ഗ്രൗണ്ടിന്റെ വാടക തുകയുമായി ബന്ധപ്പെട്ട് കഴിഞ്ഞ സീസണില്‍ ജി.സി.ഡി.എയുമായി മാനേജ്മെന്റിന് വലിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.

കഴിഞ്ഞ സീസണിലെ ടീമിന്റെ ആദ്യ ഹോം മത്സരത്തിന് മുന്നോടിയായി പ്രീ മാച്ച് പ്രെസ് കോണ്‍ഫറന്‍സ് നടത്താന്‍ ജി.സി.ഡി.എ അനുമതി നിഷേധിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഈ പ്രശ്നങ്ങളും പുതിയ ഹോം ഗ്രൗണ്ട് തേടാന്‍ ബ്ലാസ്റ്റേഴ്‌സിനെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്.

സാമ്പത്തിക പ്രതിസന്ധിയാണ് ബ്ലാസ്റ്റേഴ്സിന്റെ മുന്നിലുള്ള മറ്റൊരു വെല്ലുവിളി. സ്റ്റേഡിയത്തിന് നല്‍കേണ്ട വാടക തുക കലൂര്‍ സ്റ്റേഡിയത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ പയ്യനാട് സ്റ്റേഡിയത്തില്‍ കുറവാണ്. 30,000 കാണികളെ ഉള്‍കൊള്ളാന്‍ ശേഷിയുള്ള സ്റ്റേഡിയമാണ് പയ്യനാടിലേത്.

ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിട്ട് മലബാറിലേക്ക് എത്തുകയാണെങ്കില്‍ സ്റ്റേഡിയം നിറഞ്ഞു കവിയുമെന്നുറപ്പാണ്. നിലവിലെ സാമ്പത്തിക ബാധ്യത കുറച്ചുകൊണ്ട് ഫുട്ബോള്‍ ആവേശം വലിയ രീതിയില്‍ അലയടിക്കുന്ന മലബാറിലേക്ക് മാറാനുള്ള ഈ നീക്കം ബ്ലാസ്റ്റേഴ്‌സ് നടത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

 

Content Highlight: ISL 2027; Kerala Blasters participation latest update

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.