'പിള്ള മനസിൽ സ്പോയിലറില്ല', റോക്കി ഭായിക്കായി കാത്തിരിപ്പോടെ ആരാധകർ
Entertainment
'പിള്ള മനസിൽ സ്പോയിലറില്ല', റോക്കി ഭായിക്കായി കാത്തിരിപ്പോടെ ആരാധകർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 11th December 2023, 2:56 pm

ഇന്ത്യൻ സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രശാന്ത് നീൽ ഒരുക്കുന്ന പ്രഭാസ് ചിത്രം ‘സലാർ.’ കെ.ജി.എഫ് എന്ന ഹിറ്റ് ചിത്രം ഒരുക്കിയ പ്രശാന്ത് നീലിനും തുടർ പരാജയങ്ങൾക്ക് ശേഷം ഗംഭീരമായ ഒരു തിരിച്ചുവരവിന് ഒരുങ്ങുന്ന പ്രഭാസിനുമൊപ്പം മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജും പ്രധാന വേഷത്തിൽ ചിത്രത്തിലെത്തുമ്പോൾ ആവേശ കൊടുമുടിയിലാണ് മലയാളികൾ അടക്കമുള്ള സിനിമാ പ്രേമികൾ.

ചിത്രത്തെ കുറിച്ചുള്ള ചെറിയ അപ്ഡേറ്റിന് പോലും വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കാറുള്ളത്.

കഴിഞ്ഞ ദിവസം പാലക്കാട് ജില്ലാ റവന്യൂ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി തീർത്ഥ എന്ന കൊച്ചു മിടുക്കി ഏഷ്യാനെറ്റ് ന്യൂസിനോട്‌ സംസാരിക്കുമ്പോൾ, സലാറിൽ താൻ പാടുന്നുണ്ടെന്നും ചിത്രത്തിൽ നടൻ യാഷ് ഉണ്ടെന്നും പറഞ്ഞിരുന്നു. ഇതോടെ വീണുകിട്ടിയ അവസരം പരമാവധി മുതലെടുക്കുകയായിരുന്നു സലാറിനായി കാത്തിരിക്കുന്ന ആരാധകർ.

നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ അപ്ഡേറ്റുകളിൽ ഒന്നും യാഷിനെ കുറിച്ചുള്ള യാതൊരുവിധത്തിലുള്ള സൂചനകളും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നില്ല. എന്നാൽ കുഞ്ഞ് തീർത്ഥ യാഷിന്റെ പേരും കൂടെ പറഞ്ഞതോടെ വലിയ രീതിയിൽ ഈ വാക്കുകൾ പ്രചരിക്കുകയും സലാറിൽ യാഷും അഭിനയിക്കുന്നുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ ആരംഭിക്കുകയും ചെയ്തു.

ഇതേ തുടർന്ന് പലതരത്തിലുള്ള ട്രോളുകളും നിമിഷനേരം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. യാഷിനെ വെച്ച് കെ.ജി.എഫ് ഒരുക്കിയ പ്രശാന്ത് നീൽ സലാർ സംവിധാനം ചെയ്യുമ്പോൾ യാഷ് ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ല എന്നാണ് ആരാധകർ പറയുന്നത്.

‘പിള്ള മനസിൽ സ്പോയിലറില്ല, പി.സി.യു ഉണ്ടാക്കാനുള്ള പ്ലാൻ കുട്ടി തകർത്തു’, എന്നൊക്കെയാണ് നിരവധി പേർ കമന്റ്‌ ചെയ്യുന്നത്. ചർച്ച ചൂട് പിടിച്ചതോടെ ഒടുവിൽ കുട്ടി തന്നെ തന്റെ പ്രതികരണത്തിലെ സത്യാവസ്ഥ പിന്നീട് പുറത്ത് പറഞ്ഞിരുന്നു.

ഒത്തിരി തവണ യാഷിന്റെ സൂപ്പർ ഹിറ്റ് ചിത്രം കെ.ജി.എഫ് കണ്ടതാണ്. സലാറിൽ ആ ടീം ആണെന്ന് അറിഞ്ഞപ്പോൾ താൻ കരുതിയത് യാഷും സിനിമയിൽ ഉണ്ടാകുമെന്നാണെന്നും തെറ്റ് പറ്റിയതാണെന്നും പിന്നീട് തീർത്ഥ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഓൺലൈനിനോട്‌ പറഞ്ഞു.

നിരവധി തവണ സലാറിന്റെ റെക്കോർഡിങ്ങിന് മംഗലാപുരത്ത് പോയപ്പോൾ പ്രശാന്ത് നീൽ, രവി ബസ്‌റൂർ തുടങ്ങിയവരെ മകൾ കണ്ടിരുന്നെന്നും കെ.ജി. എഫ് ഒരുപാട് വട്ടം കണ്ട ഓർമയിലാണ് അവൾ യാഷിന്റെ പേര് പറഞ്ഞതെന്നും കുട്ടിയുടെ രക്ഷിതാക്കളും വ്യക്തമാക്കിയിരുന്നു.

പക്ഷെ സോഷ്യൽ മീഡിയ ഇപ്പോഴും ചർച്ചകൾ തുടർന്നുകൊണ്ടിരിക്കുകയാണ്. തീർത്ഥ പറഞ്ഞതിലെ സത്യാവസ്ഥ എന്താണെന്ന് അറിയില്ലെങ്കിലും സലാറുമായി പ്രശാന്ത് നീൽ വരുമ്പോൾ ആരാധകരുടെ റോക്കി ഭായിയും അവതരിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.

Content Highlight: Is Yash In Salaar Movie? Discussions go viral