ഐ.പി.എല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള വമ്പന്‍ മത്സരമാണ് നടക്കുന്നത്. എസ്.ആര്‍. എച്ചിന്റെ തട്ടകമായ ഉപ്പല്‍ സ്‌റ്റേഡിയമാണ് വേദി. മത്സരത്തിന് മുന്നോടിയായി ബെംഗളൂരുവിന്റെ സൂപ്പര്‍ പേസര്‍ ജോഷ് ഹേസല്‍വുഡ്ഡിന് വിശ്രമം നല്‍കണമെന്ന് ആവശ്യപ്പെടുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ഇര്‍ഫാന്‍ പത്താന്‍.
ഹേസല്‍വുഡ്ഡിന്റെ ജോലിഭാരം കൈകാര്യം ചെയ്യുന്നതിന് വേണ്ടി അദ്ദേഹത്തിന് വിശ്രമം നല്‍കണമെന്നാണ് പത്താന്‍ പറഞ്ഞത്. പകരം ജേക്കബ് ഡഫിയേയോ റിച്ചാര്‍ഡ് ഗ്ലീസണേയോ ബെംഗളൂരു ഉപയോഗിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഹേസല്‍വുഡിന് ജോലിഭാരം കൈകാര്യം ചെയ്യണമെന്ന് എനിക്ക് തോന്നുന്നു. അതിനാല്‍ അദ്ദേഹത്തിന് വിശ്രമം നല്‍കണം. ഇപ്പോള്‍, അവര്‍ക്ക് ഗ്ലീസണും ഡഫിയുമുണ്ട്. അവസാന കുറച്ച് മത്സരങ്ങള്‍ നോക്കിയാല്‍ ഹേസല്‍വുഡ്ഡിന് മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.
പ്രതീക്ഷിച്ചതുപോലെയുള്ള പ്രകടനമോ വിക്കറ്റുകളോ അദ്ദേഹത്തിന് ലഭിക്കുന്നില്ല, അതുകൊണ്ട് തന്നെ അദ്ദേഹത്തിന് വിശ്രമം ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു,’ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന ചര്‍ച്ചയില്‍ പത്താന്‍ പറഞ്ഞു.
നിലവില്‍ ബെംഗളൂരുവിനുവേണ്ടി 10 മത്സരങ്ങളില്‍ നിന്ന് 12 വിക്കറ്റുകളാണ് ജോഷ് ഹേസല്‍വുഡ് നേടിയത്. 12 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളില്‍ നേടിയ മികച്ച പ്രകടനവും താരത്തിനുണ്ട്. ഐ.പി.എല്ലില്‍ ഇതുവരെ 49 മത്സരങ്ങള്‍ കളിച്ച ഹേസലവുഡ് 69 വിക്കറ്റുകളാണ് നേടിയത്.
അതേസമയം ഐ.പി.എല്ലില്‍ 2026ല്‍ ക്വാളിഫൈ ചെയ്ത ടീമുകളാണ് ആര്‍.സി.ബിയും എസ്.ആര്‍.എച്ചും. തങ്ങളുടെ അവസാന ലീഗ് ഘട്ടത്തിന് മത്സരത്തിന് ഇറങ്ങുന്ന ഇരു ടീമുകളും വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് 9 വിജയവും 18 പോയിന്റുമാണ് ആര്‍.സി.ബിക്ക് ഉള്ളത്.
പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള എസ്.ആര്‍.എച്ച് 13 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയം ഉള്‍പ്പെടെ 16 പോയിന്റാണ് നേടിയത്. രണ്ടാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ അവസാന ലീഗ് മത്സരത്തില്‍ വിജയിച്ചതോടെ 18 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.
Content Highlight: Irfan Pathan Talking About Josh Hazelwood