ടെല്‍അവീവ്: തന്റെ മകനെ കൊല്ലാന്‍ ഇറാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രഈല്‍ മാധ്യമമായ ചാനല്‍ 14ന് നല്‍കിയ അഭിമുഖത്തിലായിരുന്നു നെതന്യാഹുവിന്റെ ആരോപണം.
തികച്ചും അവിശ്വസനീയമായ സംഭവമായിരുന്നു ഇതെന്നും സുരക്ഷാ മുന്‍കരുതലുകള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ ഇത്തരം വധശ്രമങ്ങള്‍ വിജയിക്കാന്‍ സാധ്യതയുണ്ടെന്നും നെതന്യാഹു പറഞ്ഞു.
‘ എന്റെ മക്കളില്‍ ഒരാളെ ഇറാന്‍ കൊല്ലാന്‍ ശ്രമിച്ചു. ഇത് വളരെ അവിശ്വസനീയമാണ്. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടയില്‍ നോതാക്കളും രാഷ്ട്രീയ പാര്‍ട്ടികളും സംയമനം പാലിക്കണം,’ അദ്ദേഹം പറഞ്ഞു.
എന്നാല്‍ തന്റെ മക്കളില്‍ ആരെയാണ് ഇറാന്‍ ലക്ഷ്യമിട്ടതെന്ന് നെതന്യാഹു വെളിപ്പെടുത്തിയിട്ടില്ല.
തന്റെ മക്കള്‍ക്ക് നേരെയുള്ള വധശ്രമത്തിന്റെ പശ്ചാത്തലത്തിലാണ് നേതാക്കള്‍ക്കുള്ള സുരക്ഷ താന്‍ വര്‍ധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി സ്ഥാനാര്‍ഥികള്‍ക്കെല്ലാം മതിയായ സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇസ്രഈഇല്‍ ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയായ ഷിന്‍ ബെറ്റ് മേധാവി ഡേവിഡ് സിനിയുമായി സംസാരിച്ചതായും നെതന്യാഹു വ്യക്തമാക്കി.
കഴിഞ്ഞ ജൂലൈ മാസത്തില്‍ നെതന്യാഹുവിന്റെ ഭാര്യ സാറയ്ക്കും മക്കളായ യെയര്‍, അവ്‌നര്‍ എന്നിവര്‍ക്കും വ്യക്തിഗത സുരക്ഷ നീട്ടിനല്‍കാന്‍ ഷിന്‍ ബെറ്റ് കാര്യങ്ങള്‍ക്കായുള്ള പ്രത്യേക മന്ത്രിതല സമിതി അംഗീകാരം നല്‍കിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇറാനെതിരെ പരസ്യ ആരോപണവുമായി നെതന്യാഹു രംഗത്തെത്തിയത്. ഇറാനും ഇസ്രഈലും തമ്മിലുള്ള സൈനിക, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അതീവ രൂക്ഷമായി തുടരുന്നതിനിടയിലാണ് നെതന്യാഹുവിന്റെ പുതിയ ആരോപണം.
വിവിധ രാജ്യങ്ങളില്‍ കഴിയുന്ന ഇസ്രഈലി പൗരന്മാര്‍ക്കും ഉന്നത രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ക്കും നേരെ ഇറാന്‍ ചാരസംഘടനകള്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതായി നേരത്തെയും ഇസ്രഈല്‍ സുരക്ഷാ വിഭാഗങ്ങള്‍ ആരോപിച്ചിരുന്നു.
Content Highlight: Iran tried to assassinate my son: Netanyahu makes new allegation.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.