റിയാദ്: സൗദി അറേബ്യയും തുര്‍ക്കിയും പാകിസ്ഥാനും അംഗങ്ങളായ ത്രിരാഷ്ട്ര പ്രതിരോധ സഖ്യത്തെക്കുറിച്ച് തങ്ങള്‍ക്ക് ആശങ്കകളില്ലെന്ന് ഇറാന്‍. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സൗദിയും തുര്‍ക്കിയും പാകിസ്ഥാനും പ്രതിരോധ സഹകരണത്തിനായുള്ള മക്ക പ്രതിരോധ കരാറില്‍ ഒപ്പുവച്ചത്. ഈ കരാര്‍ ഇറാനെതിരെ ഉപയോഗിക്കപ്പെടുമോ എന്ന് ആശങ്കപ്പെടാന്‍ ഒരു കാരണവും കാണുന്നില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മഈല്‍ ബാഘെയി പറഞ്ഞു.
ത്രിരാഷ്ട്ര കരാര്‍ യു.എസിനോടുള്ള കാഴ്ചപ്പാടില്‍ ഒരു മാറ്റം കാണിക്കുന്നുണ്ടെന്ന് ബാഘെയി പറഞ്ഞു. സുരക്ഷ സംബന്ധിച്ച പ്രാദേശിക സമീപനത്തിലും ആ കരാര്‍ ഒരു മാറ്റം കാണിക്കുന്നുണ്ടെന്നും ബാഘെയി അഭിപ്രായപ്പെട്ടു.
പുറത്തുള്ള ശക്തികള്‍ക്ക് പകരം രാജ്യങ്ങളുടെ സ്വന്തം ശേഷിയെ കൂടുതലായി ആശ്രയിക്കുന്ന തരത്തിലുള്ള ഒരു മാറ്റത്തെ പ്രതിനിധീകരിക്കുന്നതാണ് കരാറെന്നും ബാഘെയി ചൂണ്ടിക്കാട്ടി. ‘മേഖലയുടെ ഭൗമരാഷ്ട്രീയത്തെയും ചരിത്രപരവുമായ യാഥാര്‍ത്ഥ്യങ്ങളെ അടിസ്ഥാനമാക്കുന്നതും ശത്രുക്കളെയും ഭീഷണികളെയും കൃത്യമായി തിരിച്ചറിയുന്നതുമായ പദ്ധതികള്‍ക്ക് സുരക്ഷ ശക്തിപ്പെടുത്താനും സയണിസ്റ്റ് ശത്രുവും സഖ്യകക്ഷികളും നടത്തുന്ന ഉപദ്രവങ്ങളും അസ്ഥിരതയും തടയാനും സാധിക്കും,’ ബാഘെയി പറഞ്ഞു.
സൗദി-തുര്‍ക്കി- പാകിസ്ഥാന്‍ പ്രതിരോധ സഖ്യം ഇറാനെ ലക്ഷ്യം വെച്ചുള്ളതാണെന്ന തരത്തില്‍ വിശകലനങ്ങള്‍ പുറത്ത് വരുന്നതിനിടെയാണ് ബാഘെയിയുടെ പ്രതികരണം. സൗദി അറേബ്യയും ഇറാനും തമ്മിലുള്ള മോശം ബന്ധം ചൂണ്ടിക്കാട്ടിയാണ് ഇത്തരം വിശകലനങ്ങള്‍ ഉയര്‍ന്നുവന്നത്. പശ്ചിമേഷ്യയില്‍ യു.എസ്-ഇറാന്‍ സംഘര്‍ഷത്തില്‍ യു.എസ് സഖ്യകക്ഷിയാണ് സൗദി.
സൗദി കീരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തുര്‍ക്കി പ്രസിഡന്റ് റെസെപ് തയിപ് എര്‍ദോഗനും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമാണ് കഴിഞ്ഞ വെള്ളിയാഴ്ച മക്ക പ്രതിരോധ കരാറില്‍ ഒപ്പുവെച്ചത്. മൂന്ന് രാജ്യങ്ങളില്‍ ആര്‍ക്കെങ്കിലും എതിരെ ആക്രമണമുണ്ടായാല്‍ അത് മൂന്ന് രാജ്യങ്ങള്‍ക്കും എതിരായ ആക്രമണമായി കണക്കാക്കും എന്ന് കരാറില്‍ പറയുന്നു.
‘എല്ലാത്തരം ആക്രമണങ്ങള്‍ക്കുമെതിരെ കൂട്ടായ പ്രതിരോധം ശക്തിപ്പെടുത്തുക എന്നതാണ് കരാര്‍ ലക്ഷ്യമിടുന്നത്. കൂടാതെ മൂന്ന് രാജ്യങ്ങളില്‍ ഏതെങ്കിലും ഒന്നിനെതിരെ നടത്തുന്ന സായുധ ആക്രമണം അവയ്ക്കെല്ലാം എതിരായ ആക്രമണമായി കണക്കാക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു,’ കരാര്‍ സംബന്ധിച്ച സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
അടുത്തിടെ 13 രാജ്യങ്ങളുമായി ചേര്‍ന്ന് സൗദി നാവിക പ്രതിരോധ സഖ്യം രൂപീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ത്രിരാഷ്ട്ര പ്രതിരോധ സഖ്യത്തിനായി കരാറിലെത്തിയത്.
അറബ് ലോകത്തെ ഏക ജി20 രാജ്യമാണ് സൗദി. സൗദിയുമായി പ്രതിരോധ സഖ്യത്തിലെത്തുന്ന തുര്‍ക്കി നാറ്റോ അംഗരാജ്യവും പാകിസ്ഥാന് ആണവ ആയുധ ശേഖരമുള്ള രാജ്യവുമാണ്. തുര്‍ക്കിയും പാകിസ്ഥാനും ആയുധ നിര്‍മാണത്തിലും കയറ്റുമതിയിലും മുന്നേറ്റം രേഖപ്പെടുത്തുകയും ചെയ്യുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ മാസം അവസാനമായിരുന്നു സൗദി 13 രാജ്യങ്ങളുമായി നാവിക പ്രതിരോധ സഖ്യത്തിലെത്തിയത്. തുര്‍ക്കി, കുവൈറ്റ്, ബഹ്റൈന്‍, ഖത്തര്‍, ജോര്‍ദാന്‍, ഈജിപ്ത്, പാകിസ്ഥാന്‍, ജിബൂട്ടി, സൊമാലിയ, ബംഗ്ലാദേശ്, യെമന്‍, സുഡാന്‍, കൊമോറോസ് എന്നീ രാജ്യങ്ങള്‍ സൗദിക്കൊപ്പമായിരുന്നു സൗദി നാവിക സഖ്യം രൂപീകരിച്ചത്. ചെങ്കടലിലെ ബാബ് അല്‍ മന്ദെബിലെ കപ്പല്‍ ഗതാഗതത്തിന് യമനിലെ ഹൂത്തികള്‍ ഫീസ് ചുമത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയായിരുന്നു അന്ന് സൗദി നാവിക സഖ്യ രൂപീകരണം.
Content Highlight: Iran says it is not concerned by new ‘Mecca Joint Defense Agreement
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.