ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ലഖ്‌നൗ അടിസ്ഥാനമാക്കിയുള്ള ഫ്രാഞ്ചൈസി. എന്നാല്‍ ടൂര്‍ണമെന്റില്‍ ആദ്യമായാണ് കാല്‍വെയ്പ് നടത്തുന്നതെങ്കിലും മികച്ച ടാക്ടിക്‌സിലൂടെയാണ് ടീം ഐ.പി.എല്ലിനെ ഒന്നാകെ ഞെട്ടിച്ചത്.
ഇന്ത്യയിലെ ഏറ്റവും മികച്ച ബാറ്ററെ തന്നെ നായകനാക്കി യുദ്ധപ്രഖ്യാപനമാരംഭിച്ച ലഖ്‌നൗ, ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളെയും ടോപ് സ്പിന്നറെയും റാഞ്ചാനുള്ള നീക്കത്തിലാണ്.
ടൂര്‍ണമെന്റിലെ പുതിയ ഫ്രാഞ്ചൈസി എന്ന നിലയില്‍ മൂന്ന് താരങ്ങളെ ലേലത്തിന് മുമ്പ് തന്നെ ടീമിന് സ്വന്തമാക്കാം. പഞ്ചാബ് കിംഗ്സിന്റെ മുന്‍ നായകനും ഇന്ത്യന്‍ സൂപ്പര്‍ താരവുമായ കെ.എല്‍. രാഹുലിനെ തങ്ങളുടെ ആദ്യത്തെ താരമായി സൈന്‍ ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആദ്യ സീസണില്‍ രാഹുല്‍ ലഖ്നൗവിനെ നയിക്കുമെന്നാണ് വിവരം. ലേലത്തില്‍ അനേകം ഫ്രാഞ്ചൈസികളുടെ നോട്ടപ്പുള്ളിയായ രാഹുലിനെ ടീമിലെത്തിക്കാന്‍ സാധിച്ചത് മികച്ച മുന്നേറ്റമായാണ് ടീം മാനേജ്‌മെന്റ് കണക്കാക്കുന്നത്.
രാഹുലിന് പിന്നാലെ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടറായ മാര്‍ക്കസ് സ്റ്റോയിന്‌സിനെയും ടീമിലെത്തിക്കാനുള്ള പദ്ധതികളും ടീം ആസൂത്രണം ചെയ്യു്ന്നുണ്ട്.
സണ്‍ റൈസേഴ്സ് ഹൈദരാബാദ് വിട്ട അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാനേയും ടീം ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യന്‍ യുവ സ്പിന്നര്‍ രവി ബിഷ്ണോയിയേയും ലഖ്നൗ ടീമിലെത്തിക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചനകള്‍.
പരിശീലകനായി ആന്‍ഡി ഫ്ലവറിനേയും, മെന്ററായി മുന്‍ ഇന്ത്യന്‍ നായകന്‍ ഗൗതം ഗംഭീറിനേയും ടീം നേരത്തെ പ്രഖ്യാപിച്ചിരുന്നു.