കഴിഞ്ഞ സീസണില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ഇത്തവണ കിരീടം മാത്രം ലക്ഷ്യമിട്ടാണ് രാജസ്ഥാന്‍ റോയല്‍സ് കളത്തിലിറങ്ങുന്നത്. ഏറെ കാലം തങ്ങളെ നയിച്ച, രാജസ്ഥാന്‍ റോയല്‍സിന്റെ ചരിത്രത്തില്‍ ടീമിനെ ഏറ്റവുമധികം വിജയത്തിലേക്ക് നയിച്ച സഞ്ജു സാംസണിന്റെ അഭാവം പുതിയ സീസണില്‍ രാജസ്ഥാന് വെല്ലുവിളിയാകുമെങ്കിലും രാഹുല്‍ ദ്രാവിഡിന് പകരം പരിശീലക സ്ഥാനത്തേക്ക് സാക്ഷാല്‍ കുമാര്‍ സംഗക്കാര മടങ്ങിയെത്തിയത് ടീമിനെ സംബന്ധിച്ച് ഏറെ പോസിറ്റീവാണ്.
മെഗാ താരലേലത്തില്‍ വരുത്തിയ പിഴവ് ഒരു പരിധി വരെ കഴിഞ്ഞ ഡിസംബറില്‍ നടന്ന മിനി ലേലത്തിലൂടെയും സ്വാപ് ഡീലിലൂടെയും പരിഹരിച്ച രാജസ്ഥാന്‍ മികച്ച സ്‌ക്വാഡുമായാണ് കളത്തിലിറങ്ങുന്നത്.
കഴിഞ്ഞ സീസണില്‍, സഞ്ജുവിന് പരിക്കേറ്റ സാഹചര്യത്തില്‍ ടീമിന്റെ ഗ്ലൗമാനായ ധ്രുവ് ജുറെല്‍ തന്നെയാകും ഈ സീസണിലും രാജസ്ഥാന്‍ റോയല്‍സിന്റെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. ഇതിന് പുറമെ മറ്റ് മൂന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരും ടീമിനൊപ്പമുണ്ട്.
ധ്രുവ് ജുറെല്‍
സൗത്ത് ആഫ്രിക്കന്‍ താരങ്ങളായ ഡോണോവന്‍ ഫെരേര, ലുവാന്‍ ഡ്രെ പ്രിട്ടോറിയസ്, ഇന്ത്യന്‍ ഡൊമസ്റ്റിക് ക്രിക്കറ്റില്‍ നിന്നും രാജസ്ഥാന്‍ സ്വന്തമാക്കിയ രവി സിങ് എന്നിവരാണ് ടീമിലെ മറ്റ് വിക്കറ്റ് കീപ്പര്‍മാര്‍.
എസ്.എ20യില്‍ മികച്ച പ്രകടനം പുറത്തെടുത്താണ് സൗത്ത് ആഫ്രിക്കന്‍ താരങ്ങള്‍ ഇരുവരും ഐ.പി.എല്ലിനെത്തുന്നത്. പ്രിട്ടോറിയസ് രാജസ്ഥാന്‍ റോയല്‍സിന്റെ സൗത്ത് ആഫ്രിക്കന്‍ കൗണ്ടര്‍പാര്‍ട്ടായ പാള്‍ റോയല്‍സിന് വേണ്ടിയും ഫെരേര ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സിസ്റ്റര്‍ ഫ്രാഞ്ചൈസിയായ ജോബെര്‍ഗ് സൂപ്പര്‍ കിങ്‌സിനും വേണ്ടിയാണ് ടൂര്‍ണമെന്റില്‍ കളത്തിലിറങ്ങിയത്.
എസ്.എ20യില്‍ ഫെരേര പന്തെറിഞ്ഞ് വിക്കറ്റ് വീഴ്ത്തിയതും ആരാധകരെ ആവേശത്തിലാഴ്ത്തുന്നുണ്ട്. എസ്.എ-20യില്‍ ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്സിനെതിരെ നടന്ന രണ്ട് മത്സരത്തിലും ഫെരേര വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇരു ടീമുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ രണ്ട് മത്സരത്തിലും വെടിക്കെട്ട് വീരന്‍ ഹെന്റിക് ക്ലാസനെയാണ് താരം പുറത്താക്കിയത്. ഇതിന് പുറമെ രണ്ടാം മത്സരത്തില്‍ രണ്ട് റണ്‍ ഔട്ടിനും താരം വഴിയൊരുക്കിയിരുന്നു.
അഞ്ച് പ്യുവര്‍ ബാറ്റര്‍മാര്‍, നാല് വിക്കറ്റ് കീപ്പര്‍മാര്‍, മൂന്ന് ഓള്‍ റൗണ്ടര്‍മാര്‍ 13 ബൗളര്‍മാര്‍ എന്നിവര്‍ക്കൊപ്പമാണ് നഷ്ടപ്പെട്ട കിരീടം വീണ്ടെടുക്കന്‍ രാജസ്ഥാന്‍ റോയല്‍സ് പുതിയ സീസണിനിറങ്ങുന്നത്.
മാര്‍ച്ച് 30നാണ് രാജസ്ഥാന്‍ സീസണിലെ ആദ്യ മത്സരത്തിനിറങ്ങുന്നത്. തങ്ങളുടെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയമാണ് വേദി. തങ്ങളുടെ മുന്‍ നായകന്‍ സഞ്ജു സാംസണിന്റെ പുതിയ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് എതിരാളികള്‍.