അവന്‍ ബാറ്റ് ചെയ്യുന്നത് പരിഭ്രാന്തിയോടെ; സൂപ്പര്‍ താരത്തെ കുറിച്ച് ചോപ്ര
Cricket
അവന്‍ ബാറ്റ് ചെയ്യുന്നത് പരിഭ്രാന്തിയോടെ; സൂപ്പര്‍ താരത്തെ കുറിച്ച് ചോപ്ര
ഫസീഹ പി.സി.
Tuesday, 14th April 2026, 5:09 pm

2026 ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് തങ്ങളുടെ അഞ്ചാം മത്സരത്തിനിറങ്ങുകയാണ്. മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളികള്‍. സി.എസ്.കെയുടെ സ്വന്തം തട്ടകമായ ചെപ്പോക്കിലാണ് ഈ മത്സരം അരങ്ങേറുക.

ഇപ്പോള്‍ മത്സരത്തിന് മുന്നോടിയായി സി.എസ്.കെ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. ഗെയ്ക്വാദ് പരിഭ്രാന്തിയോടെയാണ് കളിക്കുന്നതെന്നും അത് താരം സമ്മര്‍ദത്തിലാണെന്നാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആകാശ് ചോപ്ര. Photo: Mahi Patel/x.com

റണ്‍സ് കണ്ടെത്താന്‍ സാധിക്കാത്തത് മാത്രമല്ല, ആയുഷ് മാഹ്‌ത്രെ നന്നായി കളിക്കുന്നതും ഗെയ്ക്വാദിന് സമ്മര്‍ദം നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര.

‘സി.എസ്.കെയില്‍ നിലവില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതില്ല. കാര്യങ്ങള്‍ ഇങ്ങനെ തന്നെ തുടരട്ടെ. ഇതുവരെ റണ്‍സ് നേടാന്‍ സാധിക്കാത്തതിനാല്‍ ഋതുരാജ് ഗെയ്ക്വാദിന് സമ്മര്‍ദമുണ്ടാകും. വളരെ പതുക്കെ, പരിഭ്രാന്തിയിലാണ് അവന്‍ കളിക്കുന്നത്. നമുക്ക് പരിചയമുള്ള ഗെയ്ക്വാദ് ഇതിലും എത്രയോ മികച്ച കളിക്കാരനാണ്.

ഗെയ്ക്വാദിന് സമ്മര്‍ദമുണ്ടാക്കാന്‍ മറ്റൊരു കാരണമുണ്ട്. ആയുഷ് മാഹ്‌ത്രെ മികച്ച ഫോമില്‍ കളിക്കുന്നുവെന്നതാണ് അത്. സ്വാഭാവിക ഓപ്പണറായ മാഹ്‌ത്രെയെ മൂന്നാം നമ്പറിലാണ് കളിപ്പിക്കുന്നത്. അവന്‍ മികച്ച ഫോമില്‍ കളിക്കുമ്പോള്‍ ഓപ്പണിങ്ങിലേക്ക് തന്നെ തിരിച്ച് കൊണ്ടുവന്നാലോ എന്ന ചിന്ത ഉയരും. ക്യാപ്റ്റന്‍ ഗെയ്ക്വാദിന്റെ മനസിലും ഇക്കാര്യമുണ്ടാകും,’ ചോപ്ര പറഞ്ഞു.

ഋതുരാജ് ഗെയ്ക്വാദ്. Photo: Chennai Super Kings/ x.com

ഈ സീസണില്‍ ഗെയ്ക്വാദിന് ഇതുവരെ ഫോമിലെത്താന്‍ സാധിച്ചിട്ടില്ല. നാല് മത്സരങ്ങള്‍ കളിച്ച താരം വെറും 56 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തത്. 28 റണ്‍സാണ് താരത്തിന്റെ ഈ സീസണിലെ ഉയര്‍ന്ന സ്‌കോര്‍.

അതേസമയം, മാഹ്‌ത്രെ നാല് മത്സരങ്ങളില്‍ നിന്ന് 133 റണ്‍സ് എടുത്തിട്ടുണ്ട്. ഈ സീസണില്‍ രണ്ട് അര്‍ധ സെഞ്ച്വറി നേടിയ താരമാണ് സി.എസ്.കെയുടെ രണ്ടാമത്തെ റണ്‍ വേട്ടക്കാരന്‍. ഇടം കൈയ്യന്‍ ഓപ്പണറുടെ ഉയര്‍ന്ന സ്‌കോര്‍ 73 റണ്‍സാണ്.

Content Highlight: IPL 2026: Akash Chopra talks about CSK’s captain Ruturaj Gaikwad

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി