ഐ.പി.എല്‍ 2024 53ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ 28 റണ്‍സിനായിരുന്നു മഞ്ഞപ്പടയുടെ വിജയം. നീണ്ട 942 ദിവസങ്ങള്‍ക്ക് ശേഷമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തുന്നത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടി. 26 പന്തില്‍ 43 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയാണ് സൂപ്പര്‍ കിങ്‌സിന്റെ ടോപ് സ്‌കോറര്‍.

21 പന്തില്‍ 32 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദും 19 പന്തില്‍ 30 റണ്‍സടിച്ച ഡാരില്‍ മിച്ചലും സ്‌കോറിങ്ങില്‍ നിര്‍ണായകമായി.

പഞ്ചാബ് കിങ്‌സിനായി രാഹുല്‍ ചഹറും ഹര്‍ഷല്‍ പട്ടേലും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി. അര്‍ഷ്ദീപ് സിങ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സാം കറന്‍ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്‌സിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ചെന്നൈ സൂപ്പര്‍ കിങ്സിനായി രവീന്ദ്ര ജഡേജ ബൗളിങ്ങിലും തിളങ്ങി. മൂന്ന് വിക്കറ്റാണ് താരം നേടിയത്. സിമര്‍ജീത് സിങ്ങും തുഷാര്‍ ദേശ്പാണ്ഡേയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ മിച്ചല്‍ സാന്റ്നറും ഷര്‍ദുല്‍ താക്കൂറും ഓരോ വിക്കറ്റും നേടി.

മത്സരത്തില്‍ എം.എസ്. ധോണി ഗോള്‍ഡന്‍ ഡക്കായാണ് പുറത്തായത്. 19ാം ഓവറിലെ അഞ്ചാം പന്തില്‍ ഹര്‍ഷല്‍ പട്ടേലിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് താരം പുറത്തായത്.

ഐ.പി.എല്ലില്‍ ഇത് ആറാം തവണയാണ് ധോണി പൂജ്യത്തിന് പുറത്താകുന്നത്.

ധോണിയെ പൂജ്യത്തിന് പുറത്താക്കിയതോടെ ഹര്‍ഷല്‍ പട്ടേലിനെതിരെ ധോണി ആരാധകരുടെ സൈബര്‍ അറ്റാക്കും തുടങ്ങിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലെ താരത്തിന്റെ പുതിയ പോസ്റ്റിന് കീഴിലാണ് ആരാധകരുടെ പൊങ്കാല.