മിശ്രവിവാഹം; പഞ്ചാബില്‍ ദളിത് കുടുംബത്തിന് ഊരുവിലക്ക്, വീട് തകര്‍ത്ത് കൊള്ളയടിച്ച് പെണ്‍കുട്ടിയുടെ കുടുംബം
Dalit Life and Struggle
മിശ്രവിവാഹം; പഞ്ചാബില്‍ ദളിത് കുടുംബത്തിന് ഊരുവിലക്ക്, വീട് തകര്‍ത്ത് കൊള്ളയടിച്ച് പെണ്‍കുട്ടിയുടെ കുടുംബം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th August 2025, 12:01 pm

ചണ്ഡീഗഡ്: മകന്റെ മിശ്രവിവാഹത്തിന്റെ പേരില്‍ ഊരുവിലക്ക് നേരിട്ട് പഞ്ചാബിലെ ദളിത് കുടുംബം. മുക്തസര്‍ ജില്ലയിലെ എനിഖേര എന്ന ഗ്രാമത്തിലെ ഒരു ദളിത് കുടുംബമാണ് മകന്‍ ജാട്ട് സമുദായത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ ഒരു മാസത്തിലേറെയായി ഊരുവിലക്ക് നേരിട്ട് കൊണ്ടിരിക്കുന്നത്. പെണ്‍കുട്ടിയുടെ കുടുംബം ഇവരുടെ വീട് തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തതായും പരാതിയുണ്ട്.

ജൂലൈ 7നാണ് 22 വയസ്സുള്ള സുരീന്ദര്‍ സിങ് അതേ ഗ്രാമത്തിലുള്ള ജാട്ട് വിഭാഗത്തില്‍ നിന്നുള്ള 18 വയസ്സുകാരിയെ വിവാഹം കഴിച്ചത്. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലുള്ള ഒരു ഗുരുദ്വാരയില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്. ഇവിടെ വെച്ച് നിയമപരമായി വിവാഹിതരായതിന്റെ സര്‍ട്ടിഫിക്കറ്റും ലഭിച്ചു. എന്നാല്‍ വിവാഹ വാര്‍ത്ത ഗ്രാമത്തില്‍ അറിഞ്ഞതോടെ പെണ്‍കുട്ടിയുടെ സമുദായത്തില്‍ നിന്നുള്ള സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം ആരംഭിക്കുകയായിരുന്നു.

ഇരുവരും വിവാഹിതരായതിന് പിന്നാലെ സുരീന്ദറിന്റെ കുടുംബം ഗ്രാമത്തില്‍ നിന്നും പുറത്തുപോകാന്‍ നിര്‍ബന്ധിതരായി. ഗ്രാമത്തിന് പുറത്തുള്ള ബന്ധുക്കളുടെ വീടുകളിലാണ് അവര്‍ അഭയം തേടിയത്. ഇതിനിടെ പെണ്‍കുട്ടിയുടെ കുടുംബം സുരീന്ദറിന്റെ വീട് തകര്‍ക്കുകയും വസ്തുവകകള്‍ കൊള്ളയടിക്കുകയും ചെയ്തു. വിവരമറിഞ്ഞ് വീട് പരിശോധിക്കാനെത്തിയ തങ്ങളെ ജാതി പറഞ്ഞ് അധിക്ഷേപിച്ചതായി സുരീന്ദറിന്റെ പിതാവ് മല്‍കിത് സിങും അമ്മാവന്‍ ഗുര്‍മീത് സിങ്ങും പറയുന്നു.

പഞ്ചാബിലെ വിവിധ ഗ്രാമപഞ്ചായത്തുകള്‍ ഒരേ ഗ്രാമത്തില്‍ നിന്നുള്ള ആളുകള്‍ പരസ്പരം വിവാഹം കഴിക്കുന്നത് വിലക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സുരീന്ദറിന് ഗ്രാമത്തിലേക്ക് തിരികെ വരുന്നതിന് വിലക്കുണ്ടായിരിക്കും. എന്നാല്‍ ഇത് തങ്ങള്‍ക്കെതിരായ അതിക്രമത്തിനുള്ള കാരണമല്ലെന്നാണ് സുരീന്ദറിന്റെ കുടുംബം പറയുന്നത്.

അതേസമയം സുരീന്ദറിന്റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ പിതാവും സഹോദരനും ഉള്‍പ്പടെയുള്ള മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാലൗട്ട് ഡി.എസ്.പി. ഇക്ബാല്‍ സിങ് സിന്ധുവാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. വിഷയം വലിയ രീതിയിലുള്ള ജാതി സംഘര്‍ഷത്തിലേക്ക് വഴിമാറാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് പറയുന്നു.

content highlights: intermarriage; Dalit family banned in Punjab, house broken and looted by girl’s family