യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ റഷ്യക്കെതിരെ വോട്ട് ചെയ്ത് ഇന്ത്യ; ആദ്യം
World News
യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ റഷ്യക്കെതിരെ വോട്ട് ചെയ്ത് ഇന്ത്യ; ആദ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th August 2022, 8:46 pm

ന്യൂയോര്‍ക്ക്: യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ ആദ്യമായി റഷ്യക്കെതിരെ വോട്ട് ചെയ്ത് ഇന്ത്യ.

ഉക്രൈന്‍ വിഷയത്തില്‍ നടത്തിയ പ്രൊസീജിയറല്‍ വോട്ടിങ്ങിലാണ് (procedural vote) ഇന്ത്യ റഷ്യക്കെതിരെ വോട്ട് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ റഷ്യ ഉക്രൈനില്‍ സൈനിക അധിനിവേശവും ആക്രമണങ്ങളും ആരംഭിച്ച ശേഷം ഇതാദ്യമായാണ് ഉക്രൈന്‍ വിഷയത്തില്‍ ഇന്ത്യ റഷ്യക്കെതിരെ വോട്ട് ചെയ്യുന്നത്.

ഓണ്‍ലൈനിലൂടെയായിരുന്നു ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി ഓഗസ്റ്റ് 24ന് നടന്ന സെക്യൂരിറ്റി കൗണ്‍സില്‍ മീറ്റിങ്ങില്‍ പങ്കെടുത്തത്. റഷ്യ- ഉക്രൈന്‍ സംഘര്‍ഷം ആറ് മാസം പിന്നിട്ടതിന്റെയും ഉക്രൈന്റെ സ്വാതന്ത്ര്യ ദിനത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു മീറ്റിങ് ചേര്‍ന്നത്.

യോഗം ആരംഭിച്ച സമയത്ത്, ഉക്രൈന്‍ പ്രസിഡന്റ് വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് ഐക്യരാഷ്ട്രസഭയിലെ റഷ്യന്‍ അംബാസഡര്‍ വാസിലി എ. നെബെന്‍സിയ പ്രൊസീജിയറല്‍ വോട്ട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഇതിലാണ് ഇന്ത്യ ഉക്രൈന്‍ പ്രസിഡന്റിനെ പിന്തുണച്ചത്.

നിലവില്‍ യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ താല്‍ക്കാലിക അംഗമാണ് ഇന്ത്യ. രണ്ട് വര്‍ഷത്തെ കാലാവധി ഈ വരുന്ന ഡിസംബറില്‍ അവസാനിക്കും.

റഷ്യ ഉക്രൈനില്‍ അധിനിവേശ ശ്രമങ്ങള്‍ ആരംഭിച്ചതിന് പിന്നാലെ ഇതിനെതിരെ യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇതിന്മേല്‍ നടന്ന വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടുനില്‍ക്കുകയായിരുന്നു.

റഷ്യയും ഉക്രൈനും ചര്‍ച്ചക്ക് തയ്യാറാവണമെന്നും നയതന്ത്രപരമായ രീതിയിലൂടെ മാത്രമേ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കൂ എന്നുമായിരുന്നു ഇന്ത്യയുടെ നിലപാട്.

ഇക്കഴിഞ്ഞ ഫെബ്രുവരി 24നായിരുന്നു റഷ്യ ഉക്രൈനില്‍ അധിനിവേശവും ആക്രമണവും ആരംഭിച്ചത്. ഇതിന് തൊട്ടുപിന്നാലെ ഫെബ്രുവരി 26ന് തന്നെ റഷ്യക്കെതിരെ യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിക്കപ്പെട്ടിരുന്നു.

യു.എസും അല്‍ബേനിയയും ചേര്‍ന്നായിരുന്നു ഉക്രൈനില്‍ നിന്നും റഷ്യയുടെ സൈനിക പിന്മാറ്റം ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍ തങ്ങളുടെ വീറ്റോ അധികാരം ഉപയോഗിച്ച് റഷ്യ ഈ പ്രമേയം തള്ളിക്കളയുകയായിരുന്നു.

യു.എന്‍ സമിതിയിലെ സ്ഥിരാംഗം എന്ന നിലയില്‍ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പാസായില്ല.

15 അംഗ സെക്യൂരിറ്റി കൗണ്‍സിലില്‍ 11 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യ, ചൈന, യു.എ.ഇ എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

Content Highlight: India votes against Russia for the first time in UN Security Council during procedural vote on Ukraine