പലായനത്തിന്റെ അഞ്ച് വര്‍ഷങ്ങള്‍; 'വംശഹത്യ അനുസ്മരണ ദിനം' ആചരിച്ച് ബംഗ്ലാദേശിലെ ക്യാമ്പുകളിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍
World News
പലായനത്തിന്റെ അഞ്ച് വര്‍ഷങ്ങള്‍; 'വംശഹത്യ അനുസ്മരണ ദിനം' ആചരിച്ച് ബംഗ്ലാദേശിലെ ക്യാമ്പുകളിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th August 2022, 4:19 pm

കുട്ടുപലോങ്: മ്യാന്‍മറിലെ സൈനിക ആക്രമണത്തില്‍ നിന്ന് പലായനം ചെയ്തതിന്റെ അഞ്ചാം വാര്‍ഷികത്തില്‍ ‘വംശഹത്യ അനുസ്മരണ ദിനം’ ആചരിച്ച് ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍.

വ്യാഴാഴ്ച ആയിരക്കണക്കിന് അഭയാര്‍ത്ഥികളാണ് ബംഗ്ലാദേശിലെ ക്യാമ്പുകളില്‍ റാലികള്‍ നടത്തിയത്. പടിഞ്ഞാറന്‍ മ്യാന്‍മറിലെ തങ്ങളുടെ നാടായ റാഖൈനിലേക്ക് സുരക്ഷിതമായുള്ള മടക്കം ആവശ്യപ്പെട്ടാണ്
ബാനറുകള്‍ ഉയര്‍ത്തി, മുദ്രാവാക്യം വിളിച്ച് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പാണ് ബംഗ്ലാദേശിലെ കോക്‌സ് ബസാറിലേത്. 2017 ഓഗസ്റ്റില്‍ 750,000 റോഹിങ്ക്യന്‍ മുസ്‌ലിങ്ങളാണ് മ്യാന്മറില്‍ നടന്ന വംശീയ ആക്രമണത്തെ തുടര്‍ന്ന് ബംഗ്ലാദേശിലേക്ക് കടന്നത്.

നിലവില്‍ ഏകദേശം ഒരു ദശലക്ഷത്തോളം റോഹിങ്ക്യകള്‍ ക്യാമ്പുകളിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആയിരക്കണക്കിന് പേര്‍ ഇതിനകം മരിച്ചു. ഇതില്‍ പകുതിയും 18 വയസ്സിന് താഴെയുള്ളവരാണ്. വൃത്തിഹീനമായ ക്യാമ്പുകളിലെ കുടിലുകളിലാണ് ഇവര്‍ താമസിക്കുന്നത്.

റോഹിങ്ക്യകള്‍ക്കെതിരെ നടന്നത് വംശീയ ഉന്‍മൂലനമാണെന്നും ഇക്കാര്യത്തില്‍ ആങ് സാങ് സൂചി ഭരണകൂടത്തിന്റെ കുറ്റകരമായ മൗനമാണെന്നും മനുഷ്യാവകാശ സംഘടനകളും ഐക്യരാഷ്ട്രസഭയും കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം, അഞ്ച് വര്‍ഷത്തിനിപ്പുറവും തിരിച്ചുവരുന്ന അഭയാര്‍ഥികള്‍ക്ക് സുരക്ഷ ഒരുക്കുന്ന കാര്യത്തിലും ഇനിയും വ്യക്തത വന്നിട്ടില്ല.