'കാപ്പി, കാപ്പി, കാപ്പി'; ഒടുവിൽ കാപ്പിക്കും മന്ത്രിയെ നിയമിച്ച് പപ്പുവ ന്യൂ ​​ഗിനിയ
World News
'കാപ്പി, കാപ്പി, കാപ്പി'; ഒടുവിൽ കാപ്പിക്കും മന്ത്രിയെ നിയമിച്ച് പപ്പുവ ന്യൂ ​​ഗിനിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th August 2022, 3:45 pm

പോര്‍ട്ട് മോര്‍സ്ബി: ലോകത്തെ ആദ്യ പാം ഓയില്‍, കോഫി മന്ത്രിമാരെ പ്രഖ്യാപിച്ച് പപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മരാപെ (James Marape). രാജ്യത്തെ പ്രധാന കൃഷി സമ്പ്രദായത്തിന്റെ വികസനത്തിന് വേണ്ടിയാണ് പുതിയ വകുപ്പിലേക്കുള്ള നിയമനമെന്ന് മരാപെ പറഞ്ഞു.

വോട്ടില്‍ തിരിമറി നടത്തിയെന്ന ആരോപണങ്ങളെ തുടര്‍ന്ന് രണ്ടാമത് നടത്തിയ തെരഞ്ഞെടുപ്പില്‍ ജയിച്ച മരാപെ ഈ മാസം ആദ്യമായിരുന്നു അധികാരമേറ്റെടുത്തത്.

സൗത്ത് വാഗിയിലെ ആംഗ്ലിപില്‍ നിന്നുള്ള ജോ കുലിയാണ് (Joe kuli) ലോകത്തിലെ തന്നെ ആദ്യ കോഫി മന്ത്രിയായി അധികാരമേറ്റത്. രാജ്യത്തെ കാപ്പി കൃഷിയെ കൂടുതല്‍ കാര്യക്ഷമമാക്കാനുണ്ടെന്നും പുതിയ മന്ത്രിയുടെ ശ്രദ്ധ കാപ്പിയില്‍ മാത്രമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജിവാകയിലെ വാഗിയാണ് കുലിയുടെ ജന്മദേശമെന്നും അതുകൊണ്ട് തന്നെ ഈ മേഖലയെ വ്യക്തമായി പരിഗണിക്കേണ്ടതിന്റെ ആവശ്യകത കുലിക്ക് മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരുകാലത്ത് വലിയ കാപ്പിത്തോട്ടമായിരുന്നു വാഗിയെന്നും ഇന്ന് അത് കുറ്റിക്കാടായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

പാമോയില്‍ കഴിഞ്ഞാല്‍ രാജ്യത്തെ രണ്ടാമത്തെ പ്രധാന കൃഷിയാണ് കാപ്പി.

പാം ഓയില്‍ മന്ത്രിയെയും മരാപെ നിയോഗിച്ചിട്ടുണ്ട്.

Content Highlight: Papua new guinea appointed new minister for coffee and palm oil