ഇതിഹാസങ്ങളെ ഒരുമിച്ച് വെട്ടാന്‍ കോഹ്‌ലി; ഇംഗ്ലണ്ട് വാഴാന്‍ കിങ്
Cricket
ഇതിഹാസങ്ങളെ ഒരുമിച്ച് വെട്ടാന്‍ കോഹ്‌ലി; ഇംഗ്ലണ്ട് വാഴാന്‍ കിങ്
ഫസീഹ പി.സി.
Tuesday, 14th July 2026, 8:42 am

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. ഇന്നാണ് മൂന്ന് മത്സരങ്ങളുള്ള പരമ്പരക്ക് തുടക്കമാവുന്നത്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണാണ് വേദി.

ടി – 20 പരമ്പരയില്‍ ഏറ്റ നാണംകെട്ട തോല്‍വിയ്ക്ക് പകരം വീട്ടാന്‍ ലക്ഷ്യമിട്ടാവും ഗില്ലും സംഘവും ഇറങ്ങുക. മറുവശത്ത് ഏകദിന പരമ്പരയിലും വിജയമാവര്‍ത്തിക്കുക എന്നതില്‍ പരം മറ്റൊരു ലക്ഷ്യം ഇംഗ്ലീഷ് പടക്കുണ്ടാവില്ല.

ഈ മത്സരത്തിന് ഇറങ്ങുമ്പോള്‍ ഏറെ കാലത്തിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്ന വിരാട് കോഹ്‌ലിക്ക് ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാന്‍ സാധിക്കും. ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമാതാവാനാണ് കിങ്ങിന് അവസരമുള്ളത്.

ഇതിനായി കോഹ്‌ലിക്ക് വേണ്ടത് 68 റണ്‍സാണ്. നിലവില്‍ ഇംഗ്ലണ്ട് മണ്ണില്‍ താരത്തിന് 581 ഏകദിന റണ്‍സുണ്ട്. ഈ ലിസ്റ്റില്‍ ഒന്നാമത് ഇന്ത്യന്‍ വന്മതില്‍ രാഹുല്‍ ദ്രാവിഡാണ്. 20 ഇന്നിങ്‌സില്‍ കളിച്ച താരം 648 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്.

639 റണ്‍സ് നേടിയ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും 613 റണ്‍സുമായി എം.എസ്. ധോണിയുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ഈ ലിസ്റ്റില്‍ നാലാം സ്ഥാനത്തുള്ള കോഹ്ലിയ്ക്ക് 32 റണ്‍സെടുത്താല്‍ ധോണിയെയും 58 റണ്‍സെടുത്താല്‍ സച്ചിനെയും മറികടക്കാന്‍ സാധിക്കും.

ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – ഇന്നിങ്സ് – റണ്‍സ് എന്നീ ക്രമത്തില്‍)

രാഹുല്‍ ദ്രാവിഡ് – 20 – 648

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 17 – 639

എം.എസ്. ധോണി – 18 – 613

വിരാട് കോഹ്‌ലി – 16 – 581

സൗരവ് ഗാംഗുലി – 16 – 565

അതേസമയം, ഒന്നാം ഏകദിനത്തിന് ശേഷം ജൂലൈ 16നും ജൂലൈ 19നും രണ്ടും മൂന്നും ഏകദിനത്തിലും ഇംഗ്ലണ്ടിനെതിരെ നീലപ്പട ഇറങ്ങും. യഥാക്രമം സോഫിയ ഗാര്‍ഡന്‍സും ലോര്‍ഡ്സുമാണ് ഈ മത്സരങ്ങളുടെ വേദി.

Content Highlight: Ind vs Eng: Virat Kohli needs 68 needs to top the list of most runs in by Indian batters in ODIs in England

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.