കിട്ടിയ കളക്ഷന്‍ മൂന്ന് കോടി, ഇളയരാജയുടെ റൈറ്റ്‌സിന് കൊടുക്കാന്‍ വേണം അരക്കോടി... അള്‍ട്രാ ഡിസാസ്റ്ററായി മഗുഡം
Indian Cinema
കിട്ടിയ കളക്ഷന്‍ മൂന്ന് കോടി, ഇളയരാജയുടെ റൈറ്റ്‌സിന് കൊടുക്കാന്‍ വേണം അരക്കോടി... അള്‍ട്രാ ഡിസാസ്റ്ററായി മഗുഡം
അമര്‍നാഥ് എം.
Saturday, 22nd August 2026, 1:26 pm

ഇതിലും മോശം സിനിമ ഈ വര്‍ഷം വേറെയില്ലെന്ന് പ്രേക്ഷകരും നിരൂപകരും ഒരുപോലെ അഭിപ്രായപ്പെട്ട ചിത്രമാണ് മഗുഡം. തമിഴിലെ മുന്‍നിര താരമായ വിശാല്‍ ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ചിത്രം ബോക്‌സ് ഓഫീസില്‍ പാടേ തകര്‍ന്നു. മൂപ്പത് കോടിയിലേറെ ചെലവഴിച്ച് ഒരുക്കിയ ചിത്രം ബജറ്റിന്റെ പത്തിലൊന്ന് മാത്രമാണ് ഇതുവരെ നേടിയത്.

ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലറായൊരുങ്ങിയ ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് വിശാല്‍ പ്രത്യക്ഷപ്പെടുന്നത്. ഡബിള്‍ റോളും സംവിധാനവും ഒന്നിച്ച് കൊണ്ടുപോകുന്ന വിശാലിന്റെ ബി.ടി.എസ് വീഡിയോ ട്രോള്‍ മെറ്റീരിയലായി മാറി. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ വെറും മൂന്ന് കോടി മാത്രമാണ് മഗുഡം ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്.

എന്നാല്‍ ഇതിനെക്കാളേറെ സിനിമാപേജുകളില്‍ ചര്‍ച്ചയാകുന്നത് മറ്റൊരു കാര്യമാണ്. ചിത്രത്തില്‍ ഇസൈജ്ഞാനി ഇളയരാജയുടെ ഹിറ്റ് ഗാനം വിശാല്‍ ഉപയോഗിച്ചിട്ടുണ്ട്. വളരെ പ്രധാനപ്പെട്ട ആക്ഷന്‍ സീനില്‍ ഇളയരാജയുടെ ‘മുത്തുമണി മാല’ എന്ന ഗാനം ഉപയോഗിച്ചത് ചര്‍ച്ചയായിരിക്കുകയാണ്. ഈ പാട്ടിന്റെ റൈറ്റ്‌സിന് 50 ലക്ഷത്തിനടുത്ത് ചെലവായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കിട്ടിയ കളക്ഷന്റെ ആറിലൊന്ന് റൈറ്റ്‌സായി കൊടുക്കേണ്ടി വന്ന ദുരവസ്ഥ മറ്റൊരു സിനിമക്കും വരുത്തരുതേ എന്നാണ് പലരുടെയും കമന്റുകള്‍. വിശാലിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായി മാറിയ ചിത്രമെന്നാണ് മഗുഡത്തെ സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്. ഗുഡ് ബാഡ് അഗ്ലി, മാര്‍ക്ക് ആന്റണി എന്നീ സിനിമകളെപ്പോലെ ഓവര്‍ ദി ടോപ് പരിപാടി പിടിക്കാനുള്ള വിശാലിന്റെ ശ്രമം അമ്പേ പാളിയിരിക്കുകയാണ്.

രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന കഥയില്‍ അച്ഛനും മകനുമായാണ് വിശാല്‍ പ്രത്യക്ഷപ്പെടുന്നത്. വിശാഖപട്ടണത്തിലെ ഗ്യാങ്സ്റ്ററായ ലിംഗ, ചെന്നൈയില്‍ മെഡിക്കല്‍ റെപ്പായ കരുണാകരന്‍ എന്നീ കഥാപാത്രങ്ങളെയാണ് വിശാല്‍ അവതരിപ്പിച്ചത്. ഒരുതരത്തിലും പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിക്കാത്ത മോശം സിനിമയാണ് മഗുഡം.

അഭിനയിക്കുന്നതിനൊപ്പം ഓടിനടന്ന് സംവിധാനം ചെയ്യുന്ന വിശാലിന്റെ വീഡിയോ ഇതിനോടകം ട്രോള്‍ മെറ്റീരിയലായി മാറി. വിശാലിന് പുറമെ ദുഷാര വിജയന്‍, അഞ്ജലി, ജോണ്‍ വിജയ്, തമ്പി രാമയ്യ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി. ചൗധരിയാണ് മഗുഡം നിര്‍മിച്ചത്.

Content Highlight: Ilaiyaraja’s rights for Magudam movie is nearly 50 lakhs and movie got three crores

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം