ചെറുപ്പത്തിൽ വലിയ പരാജയങ്ങള്‍ ഏറ്റുവാങ്ങി; തിരിച്ചുവന്നപ്പോൾ അവരുടെ മുഖത്ത് സന്തോഷം കണ്ടു: രജപുത്ര രഞ്ജിത്ത്
Malayalam Cinema
ചെറുപ്പത്തിൽ വലിയ പരാജയങ്ങള്‍ ഏറ്റുവാങ്ങി; തിരിച്ചുവന്നപ്പോൾ അവരുടെ മുഖത്ത് സന്തോഷം കണ്ടു: രജപുത്ര രഞ്ജിത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 2nd August 2025, 2:15 pm

മലയാള സിനിമാരംഗത്ത് 35 വര്‍ഷത്തോളമായി നിലനില്‍ക്കുന്ന നിര്‍മാണക്കമ്പനിയാണ് രജപുത്ര. ഒട്ടേറെ സിനിമകള്‍ നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട് രജപുത്ര. എം. രഞ്ജിത്താണ് രജപുത്രയുടെ ഉടമസ്ഥന്‍.

നിര്‍മാതാവ് എന്ന നിലയില്‍ തന്റെ കരിയറിയില്‍ നിരവധി വിജയ പരാജയങ്ങളിലൂടെ കടന്നുപോയ നിര്‍മാതാവാണ് അദ്ദേഹം. മോഹന്‍ലാലിനെ വെച്ച് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും ആണ് അവസാനമായി റിലീസ് ചെയ്ത ചിത്രം. സിനിമ വമ്പന്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ വിജയ പരാജയത്തെക്കുറിച്ച് സംസാരിക്കുകയാണ് രഞ്ജിത്ത്.

ആദ്യത്തെ സിനിമ വലിയ ഹിറ്റായിരുന്നുവെന്നും രണ്ടാമത്തേതും വലിയ കുഴപ്പമില്ലായിരുന്നുവെന്നും രഞ്ജിത്ത് പറയുന്നു. എന്നാല്‍ മൂന്നാമത്തെ സിനിമ മുതല്‍ പരാജയത്തിന്റെ രുചി അറിഞ്ഞുതുടങ്ങിയെന്നും ചെറിയപ്രായത്തില്‍ തന്നെ വലിയ പരാജയങ്ങള്‍ ഏറ്റുവാങ്ങിയെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

‘ഇന്നത്തെപ്പോലെ ഒരു വലിയ വരുമാന മാര്‍ഗം ആയിരുന്നില്ല അന്ന് സിനിമ നിര്‍മിക്കുന്നതില്‍ നിന്ന് കിട്ടിയിരുന്നത്. തിയേറ്റര്‍ വരുമാനം മാത്രമായിരുന്നു അന്ന്. ഒരു സിനിമ പരാജയപ്പെട്ടാല്‍ മുഴുവന്‍ പ്രശ്‌നത്തിലാകും. ചെറിയ പ്രായത്തില്‍ തന്നെ വലിയ കടങ്ങള്‍ ആണ് നമ്മള്‍ക്ക് ഉണ്ടാകുന്നത്. അമ്മയെയും അച്ഛനെയും ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ട് പോലും ഉണ്ടായിട്ടുണ്ട്. ഒരുപാട് കഷ്ടപ്പെട്ടാണ് ആ പ്രശ്‌നങ്ങളെല്ലാം തരണം ചെയ്തത്,’ അദ്ദേഹം പറയുന്നു.

താന്‍ തിരിച്ചുവന്നപ്പോള്‍ തന്റെ അച്ഛന്റെയും അമ്മയുടെയും മുഖത്ത് വലിയ സന്തോഷം കണ്ടുവെന്നും സിനിമയോടുള്ള താത്പര്യവും ഇഷ്ടവും അത്രമാത്രം ഉണ്ടായിരുന്നതുകൊണ്ടും വിടാതെ അതിനെ പിന്തുടര്‍ന്നതുകൊണ്ടുമാണ് അങ്ങനെ സംഭവിച്ചതെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് മാത്രമാണ് തനിക്ക് സിനിമയില്‍ രക്ഷപെടാന്‍ ആയത് എന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

താന്‍ സിനിമയിലേക്ക് വരാനുള്ള കാരണം അമ്മയാണെന്നും അമ്മയുടെ സഹോദരന്‍ ചേലങ്ങാട്ട് ഗോപാലകൃഷ്ണനാണെന്നും അത് വഴിയാണ് സിനിമയിലേക്ക് വന്നതെന്നും രഞ്ജിത്ത് പറഞ്ഞു. സിനിമയില്‍ താന്‍ വളരാന്‍ കാരണം അമ്മയുടെ സപ്പോര്‍ട്ട് ആണെന്നും രജപുത്ര രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

Content Highlight: I suffered big failures at a young age says Rejaputhra Ranjith