കേന്ദ്രത്തിന്റെ ക്രൂരത പൊതുജനങ്ങളെ ബോധ്യപ്പെടുത്തും; സി.പി.ഐ.എമ്മിന്റെ ഗൃഹസന്ദര്‍ശനം തുടങ്ങി
Kerala News
കേന്ദ്രത്തിന്റെ ക്രൂരത പൊതുജനങ്ങളെ ബോധ്യപ്പെടുത്തും; സി.പി.ഐ.എമ്മിന്റെ ഗൃഹസന്ദര്‍ശനം തുടങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st January 2023, 3:05 pm

തിരുവനന്തപുരം: സി.പി.ഐ.എമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടിക്ക് തുടക്കമായി.
കേന്ദ്രസര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണന പൊതുജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.

ജനുവരി 21 വരെ കേരളത്തിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ജനങ്ങളുമായി സംവദിക്കുമെന്ന് സി.പി.ഐ.എം അറിയിച്ചു. ഗൃഹസന്ദര്‍ശന പരിപാടി വലിയ വിജയമാക്കുന്നതിന് എല്ലാ പാര്‍ട്ടി സഖാക്കളും രംഗത്തിറങ്ങണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു.

പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ മുതല്‍ പാര്‍ട്ടി അംഗങ്ങള്‍ വരെയുള്ളവര്‍ കേരളത്തിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിക്കുകയും ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയും ജനങ്ങളോട് പറയാനുള്ളത് പറയുകയും ചെയ്യും.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ തിരുവനന്തപുരം ചാല അമ്പലത്തറ പുത്തന്‍പള്ളി പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിച്ച് ജനങ്ങളോട് സംവദിച്ചു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാ വീടുകളും സന്ദര്‍ശിക്കുകയും ജനങ്ങള്‍ക്കും പറയാനുള്ളതും അവര്‍ക്ക് അറിയാനുള്ളതും ഉള്‍പ്പെടെ മുഴുവന്‍ കാര്യങ്ങളും അവരോട് നേരിട്ട് ചോദിച്ച് മനസിലാക്കുമെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ പറഞ്ഞു.

കേരളത്തിനെതിരായ കേന്ദ്രസര്‍ക്കാര്‍ നിലപാടും സംസ്ഥാന സര്‍ക്കാരിന്റെ ജനകീയ പ്രവര്‍ത്തനങ്ങളും ജനങ്ങളോട് വിശദീകരിക്കും. ശരിയായ രീതിയിലുള്ള പാര്‍ട്ടി സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജനകീയമായ ബന്ധം ഊട്ടി ഉറപ്പിക്കുന്നതിന് വേണ്ടിയിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടി ഏറ്റെടുക്കുന്നതെന്നും സി.പി.ഐ.എം അറിയിച്ചു.

‘ആര്‍.എസ്.എസ് അജണ്ട പിന്തുടര്‍ന്ന് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രചാരണങ്ങളെ ചെറുക്കാനുള്ള പ്രക്ഷോഭങ്ങള്‍ക്ക് കരുത്ത് പകരാനാണ് സി.പി.ഐ.എം ഭവനസന്ദര്‍ശനം അടക്കമുള്ള പ്രചാരണ പരിപാടികള്‍ ഏറ്റെടുത്തിരിക്കുന്നത്. കോണ്‍ഗ്രസും സംഘപരിവാറിന് കീഴ്‌പ്പെട്ട് പ്രവര്‍ത്തിക്കുന്നു. ഈ സാഹചര്യത്തില്‍ ഇടതുപക്ഷം മുന്നോട്ടുവച്ച കേരള ബദല്‍ ശക്തിപ്പെടുത്തുക എന്നത് ഏറ്റവും ആവശ്യമായി വന്നിരിക്കുകയാണ്.

ഇതിന് പരമാവധി ജനകീയ പിന്തുണ നേടുന്നതിനൊപ്പം ജനങ്ങളുമായി സംവദിക്കാനും പാര്‍ട്ടിയെയും സര്‍ക്കാരിനെയും സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വിമര്‍ശനങ്ങളും സമാഹരിക്കാനും ഭവനസന്ദര്‍ശനം ലക്ഷ്യമിടുന്നു,’ സി.പി.ഐ.എം അറിയിച്ചു.