ലൈംഗിക പീഡനക്കേസ്; ഹരിയാന കായിക മന്ത്രി രാജിവെച്ചു
national news
ലൈംഗിക പീഡനക്കേസ്; ഹരിയാന കായിക മന്ത്രി രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st January 2023, 1:12 pm

ഛണ്ഡീഗഡ്: ലൈംഗിക പീഡനാരോപണത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ ഹരിയാനയില്‍ മന്ത്രി രാജിവെച്ചു. കായികവകുപ്പ് മന്ത്രിയും ബി.ജെ.പി നേതാവുമായ സന്ദീപ് സിങ്ങാണ് രാജി വെച്ചത്.

മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന് സന്ദീപ് സിങ് രാജിക്കത്ത് കൈമാറി.

ജൂനിയര്‍ അത്ലറ്റിക്‌സ് പരിശീലകയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സന്ദീപ് സിങ്ങിനെതിരെ ചണ്ഡീഗഡ് പൊലീസ് ലൈംഗിക പീഡനത്തിനും ക്രിമിനല്‍ ഭീഷണിക്കും കേസെടുത്തത്.

എന്നാല്‍ തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ് ഈ ആരോപണങ്ങളെന്നാണ് അവയെ തള്ളിക്കൊണ്ട് സന്ദീപ് സിങ് പറഞ്ഞത്.

”എന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമം നടക്കുന്നു. എനിക്കെതിരെ ഉന്നയിക്കപ്പെട്ട വ്യാജ ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അന്വേഷണ റിപ്പോര്‍ട്ട് വരുന്നതുവരെ കായിക വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്ക് കൈമാറും,” രാജി തീരുമാനം അറിയിച്ചുകൊണ്ട് സന്ദീപ് സിങ് പ്രതികരിച്ചു.

പ്രതിപക്ഷ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ ലോക്ദളിന്റെ (ഐ.എന്‍.എല്‍.ഡി) ഓഫീസിലായിരുന്നു പരാതിക്കാരിയായ യുവതി വാര്‍ത്താസമ്മേളനം നടത്തിയത്. മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ സന്ദീപ് സിങ്ങിനെ ഉടന്‍ പുറത്താക്കണമെന്നും വിഷയം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുന്‍ നായകന്‍ കൂടിയാണ് സന്ദീപ് സിങ്.

Content Highlight: Haryana Sports Minister resigned