ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് ക്രിമിനല്‍ കുറ്റം, ഉദ്യോഗസ്ഥര്‍ നിയമങ്ങള്‍ ദുരുപയോഗം ചെയ്യരുത്: ആരോഗ്യ മന്ത്രി
Kerala News
ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് ക്രിമിനല്‍ കുറ്റം, ഉദ്യോഗസ്ഥര്‍ നിയമങ്ങള്‍ ദുരുപയോഗം ചെയ്യരുത്: ആരോഗ്യ മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th January 2023, 12:06 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചക്കിടെ ഭക്ഷ്യ വിഷബാധയേറ്റ് രണ്ട് പേര്‍ മരിച്ച സാഹചര്യത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

മായം ചേര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും, കാസര്‍ഗോഡ് പെണ്‍കുട്ടി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചതിന്റെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.

ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നവര്‍ക്കെതിരെ കേസെടുക്കുമ്പോള്‍ ശക്തമായ വകുപ്പുകള്‍ ചുമത്തുമെന്നും, ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയാല്‍ പിന്നെ തുറക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് മുഴുവന്‍ പരിശോധന അധികാരമുള്ള സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഉടന്‍ രൂപീകരിക്കും. പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് രണ്ട് മൂന്നു ദിവസത്തിനുള്ളില്‍ തന്നെ പുറത്തിറങ്ങും.

ഉദ്യോഗസ്ഥര്‍ക്ക് ഭയമില്ലാതെ നടപടിയെടുക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തും. ഉദ്യോഗസ്ഥര്‍ നിയമങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ പാടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കുഴിമന്തി കഴിച്ച് കാസര്‍ഗോഡ് സ്വദേശിയായ അഞ്ജുശ്രീ പാര്‍വ്വതി മരിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് 19കാരി അഞ്ജുശ്രീ പാര്‍വ്വതി മരിച്ചത്. ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വാങ്ങിയ ഭക്ഷണം കഴിച്ചപ്പോള്‍ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. കാസര്‍ഗോട്ടെ അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്നാണ് പെണ്‍കുട്ടി ഭക്ഷണം വാങ്ങിയതെന്നാണ് വിവരം.

ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട പെണ്‍കുട്ടിയെ ആദ്യം കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിദഗ്ദ ചികിത്സക്കായി മംഗളൂരുവിലേക്ക് കൊണ്ടുപോകുകയായിരുന്നു.

അതിനിടെ, കാസര്‍ഗോട്ടെ മരണത്തില്‍ കര്‍ശന നടപടി എടുക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.

ഭക്ഷ്യാസുരക്ഷാ നിയമം ഉണ്ടായിട്ടും ഭക്ഷ്യവിഷബാധ മൂലം ആളുകള്‍ മരിച്ചതിന് ഒരു ഹോട്ടലുടമപോലും സംസ്ഥാനത്ത് ഇത് വരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. കേസുകളുടെ തീര്‍പ്പ് വൈകുന്നതാണ് ഇതിന് കാരണമെന്നാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ വി.ആര്‍. വിനോദ് പറഞ്ഞു.

നേരത്തെ കോട്ടയത്തും ഭക്ഷ്യ വിഷബാധയേറ്റ് യുവതി മരിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്സ് രശ്മി രാജ് (32) ആണ് മരിച്ചത്.

കഴിഞ്ഞ 29നാണ് കോട്ടയം സംക്രാന്തിയിലുള്ള ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത് വരുത്തിയ അല്‍ഫാം രശ്മി കഴിച്ചത്. ഇതിനെത്തുടര്‍ന്ന് ഭക്ഷ്യ വിഷബാധയേല്‍ക്കുകയായിരുന്നു.

അതേസമയം, സംസ്ഥാനത്ത് ഒരാഴ്ചക്കിടെ ഭക്ഷ്യ വിഷബാധയേറ്റ് രണ്ട് പേര്‍ മരിച്ച  സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

Content Highlight: Health Minister Veena George on Food Poisoning Death of in Kasaragod Native