ജല്ലിക്കെട്ട് ചെന്നൈയിലും നടത്തും; പ്രഖ്യാപനവുമായി കമല്‍ ഹാസന്‍
national news
ജല്ലിക്കെട്ട് ചെന്നൈയിലും നടത്തും; പ്രഖ്യാപനവുമായി കമല്‍ ഹാസന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th January 2023, 10:25 am

ചെന്നൈ: തമിഴകത്തില്‍ കോളിളക്കം സൃഷ്ടിച്ച ജല്ലിക്കെട്ട് വിഷയത്തില്‍ പുതിയ പ്രഖ്യാപനവുമായി നടനും മക്കള്‍ നീതിമയ്യം പ്രസിഡന്റുമായ കമല്‍ഹാസന്‍.

പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളില്‍ അരങ്ങേറുന്ന ജല്ലിക്കെട്ട് മത്സരം ചെന്നൈയിലും നടത്തുമെന്ന് കമല്‍ പ്രഖ്യാപിച്ചു.

‘ചെന്നൈയില്‍ ജല്ലിക്കെട്ട് നടത്തണമെന്നത് എന്റെ ആഗ്രഹമാണ്. അതിനുളള ഒരുക്കത്തിലാണ്. വേദി ഉടന്‍ പ്രഖ്യാപിക്കും,’ കമല്‍ ഹാസന്‍ പറഞ്ഞു.

വെള്ളിയാഴ്ച ചെന്നൈയില്‍ പാര്‍ട്ടി പ്രതിനിധികളുമായി ചേര്‍ന്ന യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജല്ലിക്കെട്ടിനായി വന്‍പ്രക്ഷോഭം അരങ്ങേറിയ ചെന്നൈ മറീന കടല്‍ക്കരയില്‍ മത്സരം നടത്താനാണ് തന്റെ ആഗ്രഹം.

അധികൃതരില്‍നിന്ന് അനുമതി നേടിയാലുടന്‍ ഒരുക്കങ്ങള്‍ തുടങ്ങും. തമിഴകത്തിന്റെ പരമ്പരാഗത കായിക വിനോദമായ ജല്ലിക്കെട്ടിന്റെ ഭംഗിയും മഹത്വവും നഗരവാസികള്‍ക്ക് കൂടി കാട്ടിക്കൊടുക്കാനാണ് ലക്ഷ്യമിടുന്നതെന്നും കമല്‍ പറഞ്ഞു.

2017ല്‍ മറീന ബീച്ചില്‍ നടന്ന ജല്ലിക്കെട്ട് പ്രക്ഷോഭത്തെ ശക്തമായി പിന്തുണയുമായി എത്തിയ വ്യക്തിയാണ് കമല്‍ ഹാസന്‍. കേരളത്തില്‍ പൂരത്തിനും മറ്റും ആനയെ എഴുന്നള്ളിക്കാമെങ്കില്‍ തമിഴ്‌നാട്ടില്‍ എന്തുകൊണ്ട് ജല്ലിക്കെട്ട് നടത്തിക്കൂടായെന്ന് അദ്ദേഹം അന്ന് ചോദിച്ചിരുന്നു.

‘കേരളത്തില്‍ മദമിളകിയ ആനകളുടെ കുത്തേറ്റ് ധാരാളം പേര്‍ മരിക്കുന്നു. എന്നിട്ടും ആനയെഴുന്നള്ളിപ്പ് തടയുന്നില്ല. മണിക്കൂറുകളോളം ആനകളെ വെയിലത്ത് നിര്‍ത്തുന്നു. ചെണ്ടയും വാദ്യമേളങ്ങളും കൊണ്ട് അവയുടെ കാതടപ്പിക്കുന്നു. കേരളത്തിനും തമിഴ്‌നാടിനും രണ്ടുനിയമം പാടില്ല,’ എന്നാണ് കമല്‍ ഹാസന്‍ അന്ന് അഭിപ്രായപ്പെട്ടത്.

പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി തമിഴ്നാടിന്റെ തെക്കന്‍ ജില്ലകളിലാണ് സാധാരണ ജല്ലിക്കെട്ട് മത്സരങ്ങള്‍ നടക്കാറുള്ളത്.

Content Highlight: Plans to hold Jallikattu in Chennai, says Kamal Haasan