വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയ്ക്ക് മുന്നോടിയായി സഞ്ജു സാംസണിനെതിരെ തുറന്നടിച്ച് മുൻ ഇന്ത്യൻ താരം ഹനുമ വിഹാരി. സഞ്ജു ഇനി കളിക്കുന്ന ഓരോ പരമ്പരയും അവന് ഒരുപോലെ പ്രധാനപ്പെട്ടതാണെന്നും വിഹാരി പറഞ്ഞു.

ഹനുമ വിഹാരി

കൂടാതെ അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ, തിലക് വർമ തുടങ്ങിയ താരങ്ങളെല്ലാം മികച്ച പ്രകടനം കാഴ്‌ചവച്ചതിനാൽ, വെസ്റ്റ് ഇൻഡീസിനെതിരെ സഞ്ജുവിന് കടുത്ത സമ്മർദം നേരിടേണ്ടി വരുമെന്നും വിഹരി അഭിപ്രായപ്പെട്ടു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയിരുന്നു മുൻ താരം.

‘സഞ്ജു സാംസണിന് ഇത് വളരെ നിർണായകമായ ഒരു പരമ്പരയാണ്. ഏഷ്യൻ ഗെയിംസിൽ റൺസ് കണ്ടെത്താൻ കഴിയാതിരുന്നതുകൊണ്ട്, അവൻ ഇപ്പോൾ കളിക്കുന്ന ഓരോ പരമ്പരയും അവന് ഒരുപോലെ പ്രധാനപ്പെട്ടതാണ്. വൈഭവവും അഭിഷേകും മികച്ച പ്രകടനമാണ് ഏഷ്യൻ ഗെയിംസിൽ നടത്തിയത്. ഇഷാൻ കിഷനും നന്നായി കളിച്ചു. ശ്രേയസും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഫൈനലിൽ തിലകിനും ദുബെക്കും മികച്ച രീതിയിൽ പെർഫോം ചെയ്യാൻ സാധിച്ചു,’ വിഹാരി പറഞ്ഞു.

സഞ്ജു സാംസൺ

2026 ലെ ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കാൻ സഞ്ജുവിന് കഴിഞ്ഞില്ല. സെമി ഫൈനൽ, ഫൈനൽ എന്നി രണ്ട് മത്സരങ്ങളിൽ നിന്ന് ഒമ്പത് റൺസ് മാത്രമാണ് താരം നേടിയത്.

കൂടാതെ സൂര്യവംശിയെ പതിവായി കളിപ്പിക്കാൻ ഇന്ത്യ ഒരു വഴി കണ്ടെത്തണമെന്നും വിഹാരി അഭിപ്രായപ്പെട്ടു. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ ഒരു മത്സരത്തിൽ പോലും യുവതാരം കളിച്ചില്ല. എന്നിരുന്നാലും, വെസ്റ്റ് ഇൻഡീസിനും ന്യൂസിലൻഡിനുമെതിരെ 10 ടി-20 മത്സരങ്ങൾ കളിക്കാൻ മെൻ ഇൻ ബ്ലൂ ചുരുങ്ങിയ സമയത്തിനുള്ളിൽ തീരുമാനിച്ചതിനാൽ, ഒരു റൊട്ടേഷൻ പോളിസി ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഞ്ജു സാംസൺ ,വൈഭവ് സൂര്യവംശി

‘സൂര്യവംശിക്ക് ഒരു അവസരം നൽകണം. റൊട്ടേഷൻ രീതിയിലൂടെയെങ്കിലും അതിനൊരു വഴി കണ്ടെത്തണം. അടുത്ത 10-ൽ 8 അല്ലെങ്കിൽ 9 കളി അഭിഷേക് കളിച്ചോട്ടെ, അത് നിങ്ങളുടെ ഇഷ്ടം. പക്ഷേ സൂര്യവംശിയെയും സാംസണെയും മാറിമാറി കളിപ്പിക്കണം. ഇനി ഗംഭീർ എന്താണ് ചെയ്യുന്നതെന്ന് നോക്കി കാണുകതന്നെ വേണം,’ വിഹാരി പറഞ്ഞു.

വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പര ഇന്ന് ( ഒക്ടോബർ 6) ലഖ്‌നൗവിൽ നടക്കുന്ന ആദ്യ മത്സരത്തോടെയാണ് ആരംഭിക്കുക. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം ക്ടോബർ 9 ന് റാഞ്ചിയിലെ ജെ.എസ്.സി.എ സ്റ്റേഡിയത്തിലും, മൂന്നാം മത്സരം ഒക്ടോബർ 11ന് ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിലും നടക്കും.

നാലാം മത്സരം ഒക്ടോബർ 14-ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിലും, അവസാനത്തെ അഞ്ചാം മത്സരം ഒക്ടോബർ 17-ന് ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലും വെച്ചാണ് നടക്കുന്നത്. വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്ക് ശേഷം ഇന്ത്യ അഞ്ച് ടി-20 മത്സരങ്ങളും അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുംക്കായി ന്യൂസിലൻഡിൽ പര്യടനം നടത്തും.

 

Content Highlights; Hanuma Vihari talks about Sanju Samson