ജയ്പൂര്‍: ഒരുമാസത്തെ വിമതനീക്കത്തിന് ശേഷം മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ നേരില്‍ക്കണ്ട് സച്ചിന്‍ പൈലറ്റ്. ഗെലോട്ട് വിളിച്ചുചേര്‍ത്ത കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പൈലറ്റ്.

സര്‍ക്കാരിനെതിരെ വിമതനീക്കം നടത്തിയ ശേഷം ആദ്യമായാണ് ഗെലോട്ട്-പൈലറ്റ് കൂടിക്കാഴ്ച സംഭവിക്കുന്നത്. പരസ്പരം ഹസ്തദാനം ചെയ്ത് ചിരിച്ചുനില്‍ക്കുന്ന ഫോട്ടോ ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

പാര്‍ട്ടി നേതാക്കളായ കെ.സി വേണുഗോപാല്‍, അവിനാഷ് പാണ്ഡ, രണ്‍ദീപ് സുര്‍ജേവാല, അജയ് മാക്കന്‍, ഗോവിന്ദ് സിംഗ് ഡോട്‌സാര എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

അതേസമയം രണ്ട് വിമത എം.എല്‍.എമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി കോണ്‍ഗ്രസ് പിന്‍വലിച്ചു. ഭന്‍വാര്‍ലാല്‍ ശര്‍മ്മയേയും വിശ്വേന്ദ്രസിംഗിനേയുമാണ് തിരിച്ചെടുത്തത്.

നേരത്തെ കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ ബി.ജെ.പി അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കട്ടാരിയ പറഞ്ഞിരുന്നു. വ്യാഴാഴ്ച നടന്ന ബി.ജെ.പി നിയമസഭാ പാര്‍ട്ടി യോഗത്തിലാണ് തീരുമാനം.

കോണ്‍ഗ്രസില്‍ വിമത പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ബി.ജെ.പി എം.എല്‍.എമാര്‍ ഒരുമിച്ച് ചേര്‍ന്ന ആദ്യത്തെ യോഗമാണിത്.

യോഗത്തിന് പിന്നാലെയാണ് വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവിശ്വാസ പ്രമേയം നീക്കുമെന്ന തീരുമാനം കട്ടാരിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഒരു മാസത്തോളം നീണ്ടുനിന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമായതിന് തൊട്ടുപിന്നാലെയാണ് പുതിയ നീക്കവുമായി ബി.ജെ.പി രംഗത്തെത്തിയിരിക്കുന്നത്.

കോണ്‍ഗ്രസിലെ ഇടര്‍ച്ചയെ തങ്ങള്‍ക്കനുകൂലമാക്കാന്‍ ബി.ജെ.പി ശ്രമം നടത്തിയിരുന്നെങ്കിലും വസുന്ധര രാജെയുടെ മൗനംമൂലം പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rajastan Crisis Sachin Pilot Ashok Gehlot