തിരുവനന്തപുരം: അമേരിക്ക ലോകരാജാവിനെ പോലെയാണ് പെരുമാറുന്നതെന്ന് സംസ്ഥാന വ്യാവസായിക മന്ത്രി പി. രാജീവ്.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യാതൊരു നിയന്ത്രണവുമില്ലാതെ രാജ്യങ്ങള്‍ക്ക് മേല്‍ അധികനികുതി ചുമത്തുകയാണെന്നും പി. രാജീവ് പറഞ്ഞു. എച്ച്-1 ബി വിസയുടെ ഫീസ് ഗണ്യമായി വര്‍ധിപ്പിച്ച യു.എസ് നടപടിയിലാണ് മന്ത്രിയുടെ പ്രതികരണം.
‘അമേരിക്ക ലോകരാജാവിനെ പോലെ പെരുമാറുന്നത് ലോകത്തിലെ പല കമ്പനികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും അസഹനീയമായിക്കൊണ്ടിരിക്കുകയാണ്,’ പി. രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു. നിലവില്‍ അമേരിക്കയിലേക്ക് പോകാനാഗ്രഹിക്കുന്ന ഉയര്‍ന്ന കഴിവുകളുള്ള ചെറുപ്പക്കാര്‍ അനിശ്ചിതത്വത്തിലും പ്രതിസന്ധിയിലുമാണെന്നും മന്ത്രി പറഞ്ഞു.
കൂടാതെ കമ്പനികള്‍ക്കും അവരുടെ വിപുലീകരണ സ്വപ്നങ്ങള്‍ക്കും അമേരിക്കയുടെ നയങ്ങളില്‍ വിശ്വാസ്യത കുറയുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ പ്രതിസന്ധിഘട്ടത്തെ അവസരമാക്കി മാറ്റാനുള്ള കഴിവും സാഹചര്യവും ഇപ്പോള്‍ കേരളത്തിനുണ്ടെന്നാണ് മന്ത്രി പി. രാജീവ് പറയുന്നത്.
‘കേരളം ഇന്ന് പുതിയ വ്യവസായ നയത്തിലൂടെ തുറന്നിടുന്നത് ലോകോത്തര നിലവാരത്തിലുള്ള ഒരു നിക്ഷേപ സൗഹൃദ ആവാസവ്യവസ്ഥയാണ്. നിരവധി ഇന്‍സന്റീവുകളാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഒപ്പം ‘ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റിഫോംസ്’ല്‍ രാജ്യത്ത് തന്നെ ഒന്നാമതുള്ളതും നമ്മുടെ കേരളമാണ്,’ മന്ത്രി പറഞ്ഞു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിലേക്ക് ഐ.ബി.എം ഉള്‍പ്പെടെയുള്ള നിരവധി വലിയ നിക്ഷേപങ്ങള്‍ എത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഒപ്പം ലോകത്തിലെ നിരവധി കമ്പനികള്‍ കേരളത്തില്‍ അവരുടെ ജി.സി.സികള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍, രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങള്‍, 17 തുറമുഖങ്ങള്‍, വാട്ടര്‍മെട്രോ, മെട്രോ റെയില്‍, ദേശീയപാത, റെയില്‍വേ, ദേശീയ ജലപാത തുടങ്ങി കമ്പനികള്‍ ആഗ്രഹിക്കുന്ന എല്ലാ കണക്റ്റിവിറ്റി സൗകര്യവും കേരളത്തിലുണ്ടെന്നും മന്ത്രി പറയുന്നു.
എച്ച്-1 ബി വിസ ആഗോളതലത്തില്‍ കമ്പനികള്‍ക്ക് വിലങ്ങുതടിയാകുമ്പോള്‍ കേരളം നിങ്ങളുടെ സുസ്ഥിരമായ വളര്‍ച്ചയ്ക്കും സുരക്ഷയ്ക്കും ഉറപ്പ് നല്‍കുന്നു. ലോകം അമേരിക്കയുടെ വികലമായ വിദേശനയം കാരണം അനിശ്ചിതത്വം നേരിടുമ്പോള്‍ കേരളത്തില്‍ നിക്ഷേപം നടത്തൂ എന്നാണ് പറയാനുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlight: H-1B visa fee hike; US is behaving like the king of the world: P. Rajeev