എന്റെ അഭിനയം ഭേദപ്പെട്ടിട്ടുണ്ടെന്നാണ് തോന്നുന്നത്: ഗായത്രി സുരേഷ്
Malayalam Cinema
എന്റെ അഭിനയം ഭേദപ്പെട്ടിട്ടുണ്ടെന്നാണ് തോന്നുന്നത്: ഗായത്രി സുരേഷ്
അശ്വിന്‍ രാജേന്ദ്രന്‍
Friday, 7th August 2026, 3:11 pm

2015ല്‍ തോമസ് സെബാസ്റ്റിയന്‍ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന അഭിനേത്രിയാണ് ഗായത്രി സുരേഷ്. പിന്നീട് കരിങ്കുന്നം സിക്‌സസ്, ഒരു മെക്‌സിക്കന്‍ അപാരത, സഖാവ്, ചില്‍ഡ്രന്‍സ് പാര്‍ക്ക തുടങ്ങിയ ചിത്രങ്ങളിലൂടെയെല്ലാാം താരം മലയാള സിനിമാ പ്രേമികള്‍ക്ക് സുപരിചിതയാകുകയായിരുന്നു. എന്നാല്‍ സമീപകാലത്തായി സോഷ്യല്‍ മീഡിയയിലെ ട്രോളുകളിലൂടെയായിരുന്നു താരം വാര്‍ത്തകളില്‍ ഇടം പിടിച്ചത്. സിനിമയ്ക്ക് പുറത്ത് താരം നടത്തുന്ന പ്രസ്താവനകളും പ്രവര്‍ത്തികളുമാണ് ഗായത്രിയെ ട്രോളുകള്‍ക്ക് ഇരയാക്കിയത്.

ഗായത്രി സുരേഷ്. Photo: IMDB

ഒരിടവേളയ്ക്ക് ശേഷം താരത്തിന്റേതായി തിയേറ്ററുകളിലേക്ക് വരാനിരിക്കുന്ന ചിത്രമാണ് മാത്യൂ സക്കറിയ സംവിധാനം ചെയ്യുന്ന മധുരമീ ജീവിതം. ജോണി ആന്റണി, സിദ്ദിഖ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ കാമിയോ റോളിലാണ് താരം വേഷമിടുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് ദി ജേണലിസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ തന്റ അഭിനയത്തിലുണ്ടായ പുരോഗമനത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

തന്റെ അഭിനയത്തില്‍ പുരോഗതി വന്നിട്ടുണ്ടെന്ന് പറയുകയാണ് താരം. ‘ചിത്രത്തിന് വേണ്ടി ഡബ്ബ് ചെയ്തപ്പോള്‍ എന്റെ അഭിനയം ഭേദപ്പെട്ടതായാണ് എനിക്ക് തോന്നിയത്. അതെല്ലാം കണ്ടപ്പോള്‍ എന്റെ പെര്‍ഫോമന്‍സില്‍ ഞാന്‍ വളരെ ഹാപ്പിയാണ്. കുറച്ച് സട്ടിലായി അഭിനയിക്കാന്‍ പറ്റിയെന്നാണ് വിശ്വസിക്കുന്നത്. മാത്രമല്ല ഇത്രയും സ്റ്റാര്‍ കാസ്റ്റ് ഉള്ള ഒരു ചിത്രത്തില്‍ ഞാന്‍ കുറച്ച് നാളുകള്‍ക്ക് ശേഷമാണ് അഭിനയിക്കുന്നത്. എന്റെ കരിയറിന് മുന്നോട്ട് പോകാന്‍ അത് വളരെ ഗുണം ചെയ്യുമെന്നാണ് വിശ്വസിക്കുന്നത്.

ചിത്രത്തില്‍ ഞാന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് ദീപ എന്നാണ്. ഒരു കാമിയോ ആണെങ്കിലും സിദ്ധിഖ് ഇക്കയുടെ കൂടെയാണ് കോമ്പിനേഷന്‍ സീന്‍ ചെയ്തിട്ടുള്ളത്. അതിന്റേതായ വാല്യൂ എന്തായാലും ഉണ്ടാകുമല്ലോ,’ ഗായത്രി പറഞ്ഞു.

മധുരമീ ജീവിതം. Photo: IMDB

ഗായത്രി വരുന്നത് ചിത്രത്തിലെ നിര്‍ണായക സീനിലാണെന്നും താരത്തിന്റെ കഥാപാത്രം വരുന്നതോടെ ചിത്രം മറ്റൊരു തലത്തിലേക്ക് മാറുമെന്നും സിദ്ദിഖ് പറയുന്നു. ഡബ്ബിങ്ങിന് ശേഷം താന്‍ ചിത്രം കണ്ടിരുന്നുവെന്നും വളരെ നന്നായി കഥാപാത്രത്തെ കൈകാര്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Gayathri Suresh Talks about her career and performance

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.