ഞാന്‍ സംസാരിച്ചപ്പോള്‍ പത്രക്കാരാരും ഇല്ലായിരുന്നു, ഏതോ തല്‍പരകക്ഷി പ്രചരിപ്പിച്ചതാണ്; ഒരു കുത്തും കോമയും തമ്മില്‍ മാറ്റിയാല്‍ മതിയല്ലോ: ജി. സുധാകരന്‍
Kerala News
ഞാന്‍ സംസാരിച്ചപ്പോള്‍ പത്രക്കാരാരും ഇല്ലായിരുന്നു, ഏതോ തല്‍പരകക്ഷി പ്രചരിപ്പിച്ചതാണ്; ഒരു കുത്തും കോമയും തമ്മില്‍ മാറ്റിയാല്‍ മതിയല്ലോ: ജി. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th November 2022, 11:22 am

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന്റെ പ്രായപരിധി സംബന്ധിച്ച പരാമര്‍ശം വിവാദമായതിന് പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി സി.പി.ഐ.എം നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരന്‍.

അമ്പത് വയസ് പൂര്‍ത്തിയായ സ്ത്രീകള്‍ മാത്രം ശബരിമലയില്‍ പ്രവേശിച്ചാല്‍ മതി, എന്ന വാദത്തെ അംഗീകരിക്കണമെന്ന് ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ സുധാകരന്‍ പറഞ്ഞതായിട്ടായിരുന്നു റിപ്പോര്‍ട്ടുകള്‍. മാതൃഭൂമിയായിരുന്നു വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ താനായി പുതിയ കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നും നിലവിലുള്ള ചട്ടവും പ്രായപരിധിയും അതുപോലെ തുടരുക മാത്രമാണ് ചെയ്തതെന്ന് പറയുകയായിരുന്നെന്നുമാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ സുധാകരന്‍ പറയുന്നത്. താന്‍ പ്രസംഗിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകരാരും അവിടെ ഉണ്ടായിരുന്നില്ലെന്നും പിന്നീട് ആരോ പറഞ്ഞതനുസരിച്ച്, തന്റെ വാക്കുകള്‍ വളച്ചൊടിച്ച് മാധ്യമങ്ങള്‍ ഇത് തെറ്റായി പ്രചരിപ്പിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”ശബരിമലയിലെ സ്ത്രീകളുടെ പ്രായപരിധിയെ പറ്റി പല മാധ്യമങ്ങളും എന്നോട് ചോദിച്ചു. അതില്‍ പുതിയ അഭിപ്രായമൊന്നുമില്ല.

സര്‍ക്കാര്‍ നേരത്തെ തന്നെ ഇറക്കിയ ചട്ടം, 50 വയസ് പൂര്‍ത്തിയാകുന്ന സ്ത്രീകളാണ് ശബരിമലയില്‍ പോകുക എന്നാണ്. അതിന് താഴെ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പോകാനുള്ള അനുവാദം ഇപ്പോഴില്ല.

2006ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ വന്നപ്പോള്‍ ഞാന്‍ ദേവസ്വം മന്ത്രിയായിരുന്നു. അന്ന് ഞാന്‍ ബന്ധപ്പെട്ട എല്ലാവരുമായി കൂടിയാലോചിച്ച് ദേവസ്വം നിയമം കൊണ്ടുവന്നു.

നിലവിലെ ദേവസ്വം ബോര്‍ഡിനെ പറ്റി വലിയ ആരോപണങ്ങളായിരുന്നു. അതുകൊണ്ട് ആ ബോര്‍ഡ് പിരിച്ചുവിട്ടു. ഇന്ത്യയിലാദ്യമായി ഒരു ബോര്‍ഡ് പിരിച്ചുവിട്ടത് അങ്ങനെയാണെന്നാണ് എനിക്ക് തോന്നുന്നത്.

അപ്പോഴും 50 വയസ് പ്രായപരിധി മാറ്റിയില്ല. മൂന്ന് പേരുള്ള ബോര്‍ഡില്‍, അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചില്ലെങ്കിലും അതില്‍ ഒരു സീറ്റ് പുരാണ ഗ്രന്ഥങ്ങളില്‍ വിദഗ്ധയായ ഒരു സ്ത്രീക്ക് സംവരണം ചെയ്തു.

ക്ഷേത്രങ്ങളില്‍ നിന്നും പൊതുജീവിതത്തില്‍ നിന്നും ആട്ടിപ്പായിക്കപ്പെട്ട പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന് ക്ഷേത്രങ്ങളില്‍ ഭരണാധികാരിയാകാന്‍ ദേവസ്വം ബോര്‍ഡ് ഒരു സീറ്റും സംവരണം ചെയ്തു.

ദേവസ്വം ബോര്‍ഡില്‍ അംഗമായി വരുന്ന സ്ത്രീയുടെ പ്രായപരിധി 50 ആക്കി നിശ്ചയിച്ചു. കാരണം, പൂര്‍ണമായും ഭൗതിക ജീവിതത്തില്‍ നിന്ന് മാറിയില്ലെങ്കിലും ഭക്തിയിലേക്കും ആധ്യാത്മിക ചിന്താഗതിയിലേക്കും പല സ്ത്രീകളും ഒരു പ്രായമാണത്.

ഇത് 60 വയസാക്കിയപ്പോഴും മറ്റേ 50 വയസ് മാറ്റിയില്ല. ആ 60 വയസ് പരിധിയും ഇപ്പോഴും ആരും കുറച്ചിട്ടില്ല.

ഇതുപോലെ ദേവസ്വം വകുപ്പ് നടത്തിയ വിവിധ പരിഷ്‌കാരങ്ങളെ പറ്റിയും പരിവര്‍ത്തനങ്ങളെ പറ്റിയും ദേവസ്വം കാര്യങ്ങളുമായി ബന്ധമുള്ള സദസിനോട് ഞാന്‍ പറഞ്ഞ അനേകം കാര്യങ്ങളില്‍ ഒന്ന് മാത്രമാണ്.

ഒരു മണിക്കൂര്‍ ഞാന്‍ സംസാരിച്ചു. അതില്‍ പുതിയ കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല. അപ്പോഴവിടെ ഒരു പത്രക്കാരുമില്ലായിരുന്നു, ഒരു ക്യാമറയുമില്ലായിരുന്നു.

മുന്‍കൂട്ടി പത്രലേഖകരെയോ ക്യാമറാപേഴ്‌സണെയോ വിളിച്ചുവരുത്തി ലോബിയിങ് നടത്തുന്ന പി.ആര്‍.ഒ വര്‍ക്ക് ഞാന്‍ ഒരുകാലത്തും നടത്തില്ലെന്ന് നിങ്ങള്‍ക്കുമറിയാം.

നിങ്ങള്‍ മാധ്യമപ്രവര്‍ത്തകരെയാരെയും ഞാന്‍ പ്രീതിപ്പെടുത്താറില്ല, നിങ്ങള്‍ പ്രീതിക്ക് വേണ്ടി എന്റെയടുത്ത് വന്നിട്ടുമില്ല. അങ്ങനെ പരസ്പര ബഹുമാനമുള്ള, വിമര്‍ശനവും പരസ്പര വിമര്‍ശനവുമുള്ള ബന്ധമാണ് മാധ്യമപ്രവര്‍ത്തകരുമായുള്ളത്.

അന്നത്തെ പരിപാടിയില്‍ ആരും ഉണ്ടായിരുന്നില്ല. ഏതോ ഒരു തല്‍പരകക്ഷി സുധാകരന്‍ ഇങ്ങനെ പറഞ്ഞു എന്ന് തിരുവനന്തപുരത്തും മറ്റിടത്തുമൊക്കെ വിളിച്ചുപറഞ്ഞു. അതാണ് സംഭവം. ഞാന്‍ പറഞ്ഞതില്‍ പുതിയ കാര്യമൊന്നുമില്ല. ഈ 50 വയസ് നേരത്തെ ഉള്ളതാണ്.

50 വയസ് പൂര്‍ത്തിയായവര്‍ മാത്രം ശബരിമലയില്‍ കയറിയാല്‍ മതി എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. ഞാനല്ല അത് പറഞ്ഞത്, നിലവിലുള്ള ചട്ടമാണ്. മന്ത്രിയായിരിക്കെ പുതിയ നിയമം കൊണ്ടുവന്നപ്പോഴും ഞാന്‍ ഈ ചട്ടം മാറ്റിയില്ല എന്നാണ് പറഞ്ഞത്.

ശബരിമലയിലെ പ്രതിഷ്ഠ നിത്യബ്രഹഹ്മചാരിയായത് കൊണ്ട് ആ സങ്കല്‍പം അങ്ങനെ തന്നെ വെച്ചിരിക്കുകയാണ്. ഇത് നമ്മളെല്ലാം ബഹുമാനിച്ചും അംഗീകരിച്ചും പോന്ന കാര്യമാണ്. അത് മാറ്റിപ്പറയേണ്ട കാര്യമല്ല. അങ്ങനെയാണ് മുന്നോട്ട് പോകുന്നത്. അത്രയേ ഉള്ളൂ, ഒരു കുത്തും കോമയും തമ്മില്‍ മാറ്റിയാല്‍ മതിയല്ലോ.

ഒരു പൊതുപ്രവര്‍ത്തകന്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗം എന്നീ നിലയില്‍ ഞങ്ങളുടെ പാര്‍ട്ടി പരിപാടിയെയും പ്രത്യയശാസ്ത്രത്തെയും ഭരണഘടനയെയും കുറിച്ചൊക്കെ ഞാന്‍ നന്നായി വായിച്ചുപഠിച്ച് മനസിലാക്കിയാണ് നില്‍ക്കുന്നത്,” ജി. സുധാകരന്‍ പറഞ്ഞു.

അജ്ഞാതമായ കാര്യങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം ജ്യോതിഷത്തിന് പ്രസക്തിയുണ്ടെന്നും ജ്യോതിഷിമാരല്ല രാഷ്ട്രീയക്കാരാണ് നരബലി നടത്തുന്നതെന്നും താന്‍ പറഞ്ഞതായുള്ള വാര്‍ത്തകളെ കുറിച്ചും സുധാകരന്‍ വിശദീകരിച്ചു.

”ജ്യോതിഷ താന്ത്രികവേദി സംഘടനയുടെ അധ്യക്ഷന്റെ പ്രസംഗം ഞാന്‍ കേട്ടു. അയാള്‍ ആര്യഭടനെയും വരാഹമിഹിരനെയും ചാണക്യനെയും പറ്റിയാണ് പ്രസംഗിച്ചത്. ആയിരക്കണക്കിന് വര്‍ഷം മുമ്പുള്ള ആ കാലത്ത് എഴുതപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങളുടെയും പാരമ്പര്യത്തിന്റെയും അടിസ്ഥാനത്തില്‍ ശാസ്ത്രവും സാങ്കേതികവിദ്യയും വളര്‍ന്നപ്പോള്‍ അതിനെ ഉള്‍ക്കൊണ്ടുകൊണ്ടാണ് ജ്യോതിഷിമാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നാണ് ഇപ്പോള്‍ അവരുടെ കാഴ്ചപ്പാട്.

അവര്‍ ഇത്തരം പുരോഗമനപരമായ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ സന്തോഷം തോന്നി. പക്ഷെ ഇത് കേട്ടപ്പോള്‍ കവടി കൊണ്ടുവന്ന് ആള്‍ക്കാരെ പറ്റിക്കുന്ന പരിപാടിയാണ് നിങ്ങള്‍ക്ക് ഓര്‍മവന്നത്,” സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: G Sudhakaran explanation on controversial comment on Sabarimala women entry