ഭ്രാന്തന്‍ യാഥാസ്ഥിതികരുടെ നാട്ടില്‍ നമുക്ക് ജോസ് ബട്‌ലറാകാം; ഇംഗ്ലണ്ട് നായകന്റെ കരുതലിനെ പ്രശംസിച്ച് കെ.ടി ജലീല്‍
Sports News
ഭ്രാന്തന്‍ യാഥാസ്ഥിതികരുടെ നാട്ടില്‍ നമുക്ക് ജോസ് ബട്‌ലറാകാം; ഇംഗ്ലണ്ട് നായകന്റെ കരുതലിനെ പ്രശംസിച്ച് കെ.ടി ജലീല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 16th November 2022, 10:16 am

ടി-20 ലോകകപ്പ് വിജയത്തിന് ശേഷം ഇംഗ്ലണ്ട് ടീമിന്റെ വിന്നിങ് സെലിബ്രേഷന്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ട്രോഫി പ്രെസന്റേഷന് ശേഷമുള്ള ഷാംപെയ്ന്‍ സെലിബ്രേഷന് മുന്നോടിയായി ടീം അംഗങ്ങളായ ആദില്‍ റഷീദിനും മോയിന്‍ അലിക്കും മാറി നില്‍കര്കാന്‍ അവസരം നല്‍കിയതോടെയാണ് ഇംഗ്ലണ്ട് നായകന്‍ ലോകമെമ്പാടുമുള്ള കായിക പ്രേമികളുടെ പ്രശംസയേറ്റുവാങ്ങിയത്.

ട്രോഫിക്കൊപ്പം ഷാംപെയ്ന്‍ ബോട്ടിലുകളുമായി ഇംഗ്ലണ്ട് താരങ്ങള്‍ വിന്നിങ് മൊമെന്റ് ആഘോഷിക്കാന്‍ അക്ഷമരായി കാത്തുനില്‍ക്കുന്നതിനിടെ ബട്ലര്‍ ഇടുപെടുകയായിരുന്നു.

ട്രോഫിക്കും ഫുള്‍ സ്‌ക്വാഡിനുമൊപ്പമുള്ള ചിത്രങ്ങളെടുത്തതിന് ശേഷം ആദില്‍ റഷീദിനും മോയിന്‍ അലിക്കും മാറി നില്‍ക്കാനുള്ള അവസരം ബട്ലര്‍ നല്‍കുകയായിരുന്നു.

ഇവര്‍ കൂട്ടത്തില്‍ നിന്നും മാറി എന്നുറപ്പാക്കിയതിന് ശേഷം മാത്രമാണ് ഇംഗ്ലണ്ട് ഷാംപെയ്ന്‍ മൊമെന്റ് ആഘോഷമാക്കിയത്.

ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറിന്റെ ഈ കരുതലിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ മന്ത്രിയും എം.എല്‍.എയുമായ കെ.ടി. ജലീല്‍.

മറ്റുള്ളവരെ മനസ്സിലാക്കാനും അപരന്റെ മനോഗതത്തെ ബഹുമാനിക്കാനുമുള്ള ബ്രിട്ടീഷ് മനസ്സിന്റെ ബഹിര്‍പ്രകടനത്തിനാണ് ടി-20 ലോകകപ്പ് ക്രിക്കറ്റിന്റെ സമാപന വേദിയും സാക്ഷ്യം വഹിച്ചതെന്നും മദ്യസേവയോട് മതപരമായ കാരണങ്ങളാല്‍ താത്പര്യമില്ലാത്ത തന്റെ ടീമിലെ മോയിന്‍ അലിയെയും ആദില്‍ റഷീദിനെയും മാറ്റി നിര്‍ത്താന്‍ ബട്‌ലര്‍ കാണിച്ച കരുതല്‍ വലിയ പ്രശംസയാണ് പിടിച്ചുപറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ബട്‌ലറിന്റെ കരുതലിനെ ചൂണ്ടിക്കാട്ടി ഇക്കാര്യം പറയുന്നത്.

‘എല്ലാം ഒരു കുപ്പിയില്‍ കുത്തിനിറച്ച് ഒന്നാക്കാന്‍ വെമ്പല്‍ കൊള്ളുന്ന എല്ലാ രാജ്യങ്ങളിലുമുള്ള ഭ്രാന്തന്‍ യാഥാസ്ഥികര്‍ക്കായി ജോസ് ബ്ട്‌ലറുടെ കരുതല്‍ സമര്‍പ്പിക്കുന്നു. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് എ.എം. ആരിഫ് എം.പി സന്ദേശം കൊടുത്തപ്പോള്‍ ‘സലാം’ ചൊല്ലി എന്നും പറഞ്ഞ് വിവാദമാക്കിയ ‘മാതൃഭൂമി’ചാനലുകാരും സോഷ്യല്‍ മീഡിയയിലെ സ്ഥിരം ഉറഞ്ഞുതുള്ളല്‍കാരും ഇതൊക്കെയൊന്ന് കണ്ണ് തുറന്ന് കാണണം.

ഒരു പൂന്തോട്ടത്തില്‍ വിവിധ നിറങ്ങളിലുള്ള പൂക്കള്‍ വിരിഞ്ഞ് നില്‍ക്കുന്നത് കാണാന്‍ എന്തൊരു ഭംഗിയുണ്ടാകും. അതാസ്വദിക്കാന്‍ പക്ഷെ നല്ലൊരു മനസ്സും കൂടി വേണം,’ ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം പറയുന്നു.

2019ല്‍ ഇംഗ്ലണ്ട് ഏകദിന ലോകകപ്പ് നേടിയപ്പോഴും ഇരുവരും ഷാംപെയ്ന്‍ സെലിബ്രേഷനില്‍ പങ്കെടുത്തിരുന്നില്ല. അന്ന് സൂപ്പര്‍ താരം ജോണി ബെയര്‍സ്റ്റോ ഷാംപെയ്ന്‍ ബോട്ടില്‍ പൊട്ടിച്ചതിന് പിന്നാലെ ഇരുവരും കൂട്ടത്തില്‍ നിന്നും ഓടി മാറുകയായിരുന്നു.

എന്നാല്‍ ഇത്തവണ അതിന് അവസരമൊരുക്കാതെ ഇരുവര്‍ക്കും മാറി നില്‍ക്കാനുള്ള സമയം നല്‍കിയതിന് ശേഷമാണ് ബട്ലര്‍ ഷാംപെയ്ന്‍ സെലിബ്രേഷന്‍ ആരംഭിച്ചത്.

കെ.ടി. ജലീലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

 

നമുക്ക് ജോസ് ബട്‌ലറാകാം
ഇംഗ്ലണ്ട് ടി-20 ലോകക്കപ്പ് കിരീടം സ്വന്തമാക്കിയത് പാക്കിസ്ഥാനെ അടിയറവ് പറയിച്ചാണ്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഉടമകളെന്നാണ് ബ്രിട്ടീഷുകാര്‍ വിശേഷിപ്പിക്കപ്പെടാറ്.

ഇന്ത്യയുള്‍പ്പടെ പല കോളനികളും അടക്കി വാണിട്ടും പല ബ്രിട്ടീഷ് രീതികളും മര്യാദകളും മൂല്യങ്ങളും ഇന്നും പല ദിക്കുകാരും പിന്തുടരുന്നത് പതിവു കാഴ്ചയാണ്. വിമര്‍ശനങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കാനുള്ള ഇംഗ്ലീഷ് മനസ്സ് അപാരമാണ്. ശശി തരൂര്‍ ബ്രിട്ടീഷുകാരുടെ മുഖത്ത് നോക്കി ‘നിങ്ങളാണ് ഇന്ത്യയുടെ അധോഗതിയുടെ കാരണക്കാരെന്നും നിങ്ങള്‍ ഒരുക്കിയ പശ്ചാതല സൗകര്യങ്ങളെല്ലാം ഞങ്ങളെ അടിച്ചൊതുക്കാനും ഞങ്ങളുടെ സമ്പത്ത് കൊള്ളയടിക്കാനുമാണെന്നും തുറന്നടിച്ചു. തരൂരിന്റെ വാക്കുകള്‍ കയ്യടിച്ച് സ്വീകരിച്ച ഇംഗ്ലീഷുകാരുടെ ജനാധിപത്യബോധം ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.

മറ്റുള്ളവരെ മനസ്സിലാക്കാനും അപരന്റെ മനോഗതത്തെ ബഹുമാനിക്കാനുമുള്ള ബ്രിട്ടീഷ് മനസ്സിന്റെ ബഹിര്‍പ്രകടനത്തിനാണ് ടി-20 ലോകക്കപ്പ് ക്രിക്കറ്റിന്റെ സമാപന വേദിയും സാക്ഷ്യം വഹിച്ചത്.

എല്ലാ രാജ്യങ്ങളിലുമെന്ന പോലെ ബ്രിട്ടനിലും സന്തോഷ മുഹൂര്‍ത്തങ്ങളില്‍ പിന്തുടരുന്ന പരമ്പരാഗത ആചാരങ്ങളും ശീലങ്ങളുമുണ്ട്. അതിനോട് യോജിപ്പുള്ളവരും വിയോജിപ്പുള്ളവരും ഉണ്ടാവുക സ്വാഭാവികം. പരസ്പരം മനസ്സിലാക്കാനും മറ്റുള്ളവരുടെ വിശ്വാസം കണ്ടറിഞ്ഞ് ബഹുമാനിക്കാനുമുള്ള മനസ്സാണ് ഓരോ വ്യക്തിയില്‍ നിന്നും കാലം ആവശ്യപ്പെടുന്നത്.

അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ ജോസ് ബട്‌ലറില്‍ ലോകം കണ്ടത്. ഇംഗ്ലീഷുകാരുടെ പരമ്പരാഗത ആഹ്ലാദാരവങ്ങളിലെ അവസാന ഇനം ‘ഷാംപെയ്ന്‍ പൊട്ടിച്ച്’ പരസ്പരം ദേഹത്തേക്ക് ചീറ്റിയുള്ള ആവേശ പ്രകടനമാണ്. അതിന് മുമ്പുതന്നെ മദ്യസേവയോട് മതപരമായ കാരണങ്ങളാല്‍ താല്‍പര്യമില്ലാത്ത തന്റെ ടീമിലെ മൊയിന്‍ അലിയെയും ആദില്‍ റഷീദിനെയും മാറ്റി നിര്‍ത്താന്‍ ബട്‌ലര്‍ കാണിച്ച കരുതല്‍ വലിയ പ്രശംസയാണ് പിടിച്ചുപറ്റിയത്.

ക്യാപ്റ്റന്റെ കരുതലിനെ അഭിനന്ദിച്ച് ഇംഗ്ലണ്ട് ടീം അംഗം മൊയിന്‍ അലി ട്വിറ്റ് ചെയ്തത് ഇങ്ങിനെയാണ്; ‘നായകാ, നന്ദി. മാറി നില്‍ക്കാന്‍ ആദിലിനെ ഓര്‍മിപ്പിച്ചതിന് നന്ദി. താങ്കളുടെ തിരിച്ചറിവിന് നന്ദി. നമ്മള്‍ പരസ്പരം ബഹുമാനിക്കുന്നു. അതാണ് നമ്മുടെ ടീമിന്റെ ശക്തി’.

എല്ലാം ഒരു കുപ്പിയില്‍ കുത്തിനിറച്ച് ഒന്നാക്കാന്‍ വെമ്പല്‍ കൊള്ളുന്ന എല്ലാ രാജ്യങ്ങളിലുമുള്ള ഭ്രാന്തന്‍ യാഥാസ്ഥികര്‍ക്കായി ജോസ് ബട്‌ലറുടെ കരുതല്‍ സമര്‍പ്പിക്കുന്നു. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് എ.എം ആരിഫ് എം.പി സന്ദേശം കൊടുത്തപ്പോള്‍ ‘സലാം’ ചൊല്ലി എന്നും പറഞ്ഞ് വിവാദമാക്കിയ ‘മാതൃഭൂമി’ചാനലുകാരും സോഷ്യല്‍ മീഡിയയിലെ സ്ഥിരം ഉറഞ്ഞുതുള്ളല്‍കാരും ഇതൊക്കെയൊന്ന് കണ്ണ് തുറന്ന് കാണണം.

ഒരു പൂന്തോട്ടത്തില്‍ വിവിധ നിറങ്ങളിലുള്ള പൂക്കള്‍ വിരിഞ്ഞ് നില്‍ക്കുന്നത് കാണാന്‍ എന്തൊരു ഭംഗിയുണ്ടാകും. അതാസ്വദിക്കാന്‍ പക്ഷെ നല്ലൊരു മനസ്സും കൂടി വേണം.

 

Content Highlight: KT Jaleel praises England captain Jos Buttler