കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാര്‍; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് കെ. സുധാകരന്‍; റിപ്പോർട്ട്
Kerala News
കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാര്‍; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് കെ. സുധാകരന്‍; റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th November 2022, 8:49 am

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് കെ. സുധാകരന്‍. സ്ഥാനമൊഴിയാനുള്ള സന്നദ്ധത ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇത് സംബന്ധിച്ച് കെ. സുധാകരന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞ ദിവസം കത്തയച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി സന്നദ്ധത അറിയിച്ചത്.

കെ.പി.സി.സി അധ്യക്ഷ പദവിയിലിരുന്ന് കൊണ്ട് ചികിത്സയുമായി തനിക്ക് മുന്നോട്ട് പോകണം. എന്നാല്‍ ഈ രണ്ട് കാര്യങ്ങളും ഒരുപോലെ കൊണ്ടുപോകാന്‍ പറ്റുന്നില്ലെന്നും കത്തില്‍ പറയുന്നു.

പാര്‍ട്ടിയില്‍ മുന്നോട്ട് പോകുന്നതില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനില്‍ നിന്ന് വേണ്ടത്ര പിന്തുണയും സഹകരണവും കിട്ടുന്നില്ലെന്നും കത്തില്‍ പറയുന്നുണ്ട്. ഇപ്പോഴത്തെ നിസ്സഹകരണം കാരണം കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നും കെ. സുധാകരന്‍ കത്തില്‍ പറയുന്നു.

അതേസമയം, കെ. സുധാകരനോ മറ്റ് കോണ്‍ഗ്രസ് നേതാക്കളോ ഈ കത്ത് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കെ. സുധാകരന്റെ ഭാഗത്തുനിന്ന് തുടര്‍ച്ചയായുണ്ടാകുന്ന ‘നാക്കുപിഴ’കളെ വിമര്‍ശിച്ചുകൊണ്ട് വി.ഡി. സതീശനും സംസാരിച്ചിരുന്നു.

നെഹ്‌റുവിനെ കുറിച്ചുള്ള സുധാകരന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് ഇപ്പോള്‍ അദ്ദേഹം രാഹുല്‍ ഗാന്ധിക്ക് കത്തയച്ചതിന്റെ വിവരവും പുറത്തുവരുന്നത്.

അതേസമയം, നെഹ്‌റുവിനെ കുറിച്ചുള്ള സുധാകരന്റെ പ്രസ്താവനയില്‍ യു.ഡി.എഫ് സഖ്യകക്ഷിയായ മുസ്‌ലിം ലീഗ് ഇന്ന് നിര്‍ണായക യോഗം ചേരുകയാണ്.

ആര്‍.എസ്.എസിന് പോലും അവസരം കൊടുത്ത വിശാല ജനാധിപത്യ ബോധമാണ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റേതെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ വിവാദ പ്രസ്താവന. പാര്‍ലമെന്റില്‍ ആര്‍.എസ്.എസ്- സി.പി.ഐ.എം നേതാക്കള്‍ക്ക് അവസരം നല്‍കിയ ജനാധിപത്യവാദിയാണ് നെഹ്‌റുവെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞിരുന്നു. കണ്ണൂര്‍ ഡി.സി.സി സംഘടിപ്പിച്ച നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Content Highlight: Report says KPCC president K Sudhakaran wrote to letter Rahul Gandhi saying ready to resign