'മികച്ച അഭിനയത്തിന് സര്‍ക്കാറിന് അഭിവാദ്യങ്ങള്‍'; ഇന്ദ്രന്‍സിന്റെ ഫോട്ടോ പങ്കുവെച്ച് രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും
Film News
'മികച്ച അഭിനയത്തിന് സര്‍ക്കാറിന് അഭിവാദ്യങ്ങള്‍'; ഇന്ദ്രന്‍സിന്റെ ഫോട്ടോ പങ്കുവെച്ച് രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 27th May 2022, 6:26 pm

52ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നടന്‍ ഇന്ദ്രന്‍സിന്റെ ഫോട്ടോ ഷെയര്‍ ചെയ്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും.

‘ഇത് നീ വിശ്വസിച്ചില്ലെങ്കില്‍, ഇനി പറയാന്‍ പോണത് നീ വിശ്വസിക്കത്തേയില്ല…. മികച്ച അഭിനയത്തിന് സര്‍ക്കാറിന് അഭിവാദ്യങ്ങള്‍,’ എന്നാണ് ഹോം എന്ന ചിത്രത്തിലെ ഇന്ദ്രന്‍സിന്റെ ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചത്.

ഇതേ ചിത്രത്തിലെ തന്നെ ഇന്ദ്രന്‍സിന്റെ മറ്റൊരു ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് ‘എല്ലാ അവാര്‍ഡ് ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍’ എന്നാണ് ഷാഫി പറമ്പില്‍ കുറിച്ചത്. ഇരു നേതക്കാന്മാരുടെയും കമന്റ് ബോക്‌സില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട ജോജു ജോര്‍ജിനെതിരെ സൈബര്‍ ആക്രമണവും നടക്കുന്നുണ്ട്.

അതേസമയം അവാര്‍ഡ് പ്രഖ്യാപനത്തിന് മുമ്പ് സിനിമാ പ്രേമികള്‍ അവാര്‍ഡ് ലഭിക്കും എന്ന് ഏറ്റവുമധികം സാധ്യത കല്‍പിച്ച നടനായിരുന്നു ഇന്ദ്രന്‍സ്.

മികച്ച നടന്മാരായി ഇപ്രാവിശ്യം തെരഞ്ഞെടുക്കപ്പെട്ടത് ജോജു ജോര്‍ജും ബിജു മേനോനുമായിരുന്നു. മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ്, തുറമുഖം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജോജുവിന് അവാര്‍ഡ് ലഭിച്ചത്. ആര്‍ക്കറിയാം എന്ന ചിത്രത്തിലെ പ്രകടനം ബിജു മേനോനേയും തുണച്ചു.

ഭൂതകാലത്തിലെ അഭിനയത്തിനേ രേവതി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയമാണ് ജനപ്രിയ ചിത്രം, സ്വഭാവനടി ഉണ്ണിമായ (ജോജി), സ്വഭാവനടന്‍ സുമേഷ് മൂര്‍ (കള).

Content Highlight: Following the announcement of the State Film Awards, Shafi Parampil and Rahul Mankoottam shared a photo of actor Indrans