ജോജിക്ക് ഇരട്ടിമധുരം; ഒരു കുടുംബത്തിലേക്ക് രണ്ട് അവാര്‍ഡുകള്‍
Film News
ജോജിക്ക് ഇരട്ടിമധുരം; ഒരു കുടുംബത്തിലേക്ക് രണ്ട് അവാര്‍ഡുകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 27th May 2022, 5:44 pm

52ാമത് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മികച്ച നടിയായി രേവതിയേയും മികച്ച നടന്മാരായി ജോജു ജോര്‍ജിനേയും ബിജു മേനോനേയുമാണ് തെരഞ്ഞെടുത്തത്.

മികച്ച സംവിധായകന്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളാണ് ജോജി എന്ന ചിത്രത്തിന് ലഭിച്ചത്. ജോജിക്ക് ലഭിച്ച പുരസ്‌കാരങ്ങളുടെ കൂട്ടത്തില്‍ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഒരു കുടുംബത്തിലെ രണ്ട് പേര്‍ക്കാണ് ജോജി സിനിമയിലൂടെ പുരസ്‌കാരങ്ങള്‍ ലഭിച്ചത്.

ഉണ്ണിമായക്കും ഭര്‍ത്താവ് ശ്യാം പുഷ്‌കരനുമാണ് സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചത്. ജോജിയിലെ ബിന്‍സി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഉണ്ണിമായ മികച്ച സ്വഭാവ നടിയായപ്പോള്‍ തിരക്കഥാകൃത്തായ ശ്യാം പുഷ്‌കരന് മികച്ച അവലംബിത തിരക്കഥയ്ക്കുള്ള (അഡാപ്‌റ്റേഷന്‍) അവാര്‍ഡും ലഭിച്ചു.

തികഞ്ഞ പുരുഷാധിപത്യം പുലരുന്ന ഒരു കുടുംബാന്തരീക്ഷത്തില്‍ അവഗണിക്കപ്പെടുകയും ഒറ്റപ്പെടുകയും കുറ്റകൃത്യങ്ങളില്‍ നിശബ്ദമായി പങ്കാളിയാവാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ ധാര്‍മിക പ്രതിസന്ധികളുടെ നിയന്ത്രിതമായ ഭാവാവിഷ്‌കാരത്തിനാണ് ഉണ്ണി മായയെ അവാര്‍ഡ് തേടിയെത്തിയത്.

വില്യം ഷേക്‌സ്പിയറിന്റെ ക്ലാസിക് രചനയായ മാക്‌ബെത്തിന്റെ കഥാന്തരീക്ഷത്തെ ആണധികാരത്തിന്റെ ഉഗ്രശാസനകള്‍ നടപ്പാക്കുന്ന ഒരു കേരളീയ കുടുംബത്തിലേക്ക് പറിച്ചു നട്ടപ്പോഴും നാടകീയ സ്വഭാവത്തിന്റെ നിഴല്‍ പോലുമില്ലാതെ അരങ്ങില്‍ നിന്ന് തിരശ്ശീലയിലേക്ക് അനുവര്‍ത്തനം നടത്തിയ രചനാമികവാണ് ശ്യാം പുഷ്‌കരനെ അവാര്‍ഡിനര്‍ഹനാക്കിയത്.

ശ്യാം പുഷ്‌കരന്റേതും ഉണ്ണി മായയുടേതും ഉള്‍പ്പെടെ നാല് അവാര്‍ഡാണ് ജോജിക്ക് ലഭിച്ചത്. ദിലീഷ് പോത്തന് മികച്ച സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചപ്പോള്‍ ജോജിയിലെ മികച്ച പശ്ചാത്തല സംഗീതത്തിന് ജസ്റ്റിന്‍ വര്‍ഗീസിനും അവാര്‍ഡ് ലഭിച്ചു.

Content Highlight: Unnimayya and her husband Shyam Pushkar received the state awards for joji movie