ദുരന്തകാലത്തെ മാധ്യമ പ്രവര്‍ത്തനം
FB Notification
ദുരന്തകാലത്തെ മാധ്യമ പ്രവര്‍ത്തനം
മുരളി തുമ്മാരുകുടി
Tuesday, 24th July 2018, 1:28 pm

 

അന്താരാഷ്ട്ര ആണവ ഊര്‍ജ്ജ ഏജന്‍സിയില്‍ ഒരു മീറ്റിങ്ങിന് വന്നിരിക്കയാണ്, അതുകൊണ്ട് കേരളത്തിലെ ദുരന്തത്തിന്റെയും ദുരിതാശ്വാസത്തിന്റെയും വാര്‍ത്തകള്‍ അപ്പപ്പോള്‍ ഫോളോ ചെയ്യാന്‍ പറ്റുന്നില്ല. എന്നാലും വള്ളത്തില്‍ നിന്നും വെള്ളത്തില്‍ നിന്നും യാതൊരു വ്യക്തി സുരക്ഷാ ഉപാധികളും ഇല്ലാതെ മാധ്യമപ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും ഫോട്ടോ ഇടുന്നത് കണ്ടപ്പോഴേ പേടിച്ചു. വ്യക്തി സുരക്ഷയുടെ കാര്യം ശ്രദ്ധിക്കണമെന്ന് ഒരു പോസ്റ്റുമിട്ടിരുന്നു. കാര്യമുണ്ടായില്ല. മാതൃഭൂമി വാര്‍ത്താ സംഘത്തിലെ രണ്ടു പേര്‍ വെള്ളത്തില്‍ കാണാതായി എന്ന വാര്‍ത്തയാണ് പിന്നീട് കേട്ടത്. ആദരാജ്ഞലികള്‍..!

Also Read:ചലച്ചിത്ര പുരസ്‌കാര വിവാദം; മോഹന്‍ലാലിനെതിരായ ഭീമഹരജിയില്‍ ഒപ്പിട്ടിട്ടില്ലെന്ന് പ്രകാശ് രാജ്

ദുരന്തകാലത്തെ മാധ്യമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് രണ്ടു വര്‍ഷം മുന്‍പ് ഞാന്‍ ഒരു പോസ്റ്റിട്ടിരുന്നു. ഒരിക്കല്‍ കൂടി അതിവിടെ പുനഃ പ്രസിദ്ധീകരിക്കുന്നു. മാധ്യമ സുഹൃത്തുക്കള്‍ ദയവായി വായിക്കണം. മാധ്യമ സുഹൃത്തുക്കളെ ടാഗ് ചെയ്യണം. ഏതു ദുരന്തത്തിന്റെ നടുവിലേക്കും ഓടിച്ചെല്ലുന്ന മാധ്യമ പ്രവര്‍ത്തകരോട് എനിക്ക് ബഹുമാനമേ ഉള്ളൂ, കോംപറ്റീഷന്‍ കാരണം കൂടുതല്‍ റിസ്‌ക് എടുക്കുകയും അനൗചിത്യത്തോടെ പെരുമാറേണ്ടി വരികയും ചെയ്യുന്നവരോട് സഹതാപവും… ഇനിയെങ്കിലും നിങ്ങളുടെ സുരക്ഷ നോക്കണം പ്ലീസ്…

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചില നിര്‍ദേശങ്ങള്‍..

അടിസ്ഥാന വിവരശേഖരണം: വിവിധ തരം ദുരന്തങ്ങളെപ്പറ്റിയുള്ള അടിസ്ഥാന വിവരങ്ങളും ആധികാരികമായ വിവരങ്ങളും എവിടെ കിട്ടുമെന്ന കാര്യം മുന്‍കൂട്ടി അന്വേഷിച്ചുവക്കണം. ഉദാഹരണത്തിന്, ലോകത്ത് ഉണ്ടാകുന്ന ദുരന്തങ്ങളുടെ എല്ലാം തല്‍സമയവിവരം Global Disaster Alert and Coordination Center (http://www.gdacs.org/) ല്‍ ലഭ്യമാണ്. ലോകത്തെവിടെയെങ്കിലും ഭൂകമ്പം ഉണ്ടായാല്‍ മിനുട്ടുകള്‍ക്കകം അതിന്റെ ശക്തി, ആഴം എന്നിവ US Geological Survey-യുടെ വെബ്‌സൈറ്റില്‍ (http://www.usgs.gov/) ലഭ്യമായിരിക്കും. ലോകത്തെ ഏതു രാസവസ്തുവിന്റെയും അപകട സാധ്യത Canadian Center for Occupational Health and Safetyയുടെ വെബ്‌സൈറ്റില്‍ (https://www.ccohs.ca/oshanswers/legisl/msdss.html) ലഭ്യമായിരിക്കും. ഇന്ത്യയിലാണെങ്കില്‍ Indian Meteorological Department, കേരളത്തില്‍ State Disaster Management Authority ഇവയെല്ലാം ആധികാരിക വിവരങ്ങളുടെ കലവറ ആണ്. ഇതെല്ലാം മുന്‍കൂട്ടി അറിഞ്ഞ് പരിചയപ്പെട്ടു വെക്കണം.

Also Read:ക്ലോസറ്റിലെ വെള്ളം നക്കികുടിക്കുന്നവരായി ആദിവാസി സമൂഹത്തെ ചിത്രീകരിച്ച അലി അക്ബറാണ് സംഘിനേതാവാകാന്‍ പരമയോഗ്യന്‍

മാധ്യമക്കാരുടെ സ്വയംസുരക്ഷ: കേരളത്തിലോ പുറത്തോ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നവര്‍ സ്വയംസുരക്ഷ ആദ്യമേ ശ്രദ്ധിക്കണം. സ്വയംസുരക്ഷയെ അപകടപ്പെടുത്തുന്ന ഒരു കാര്യവും ദുരന്തത്തിന്റെ റിപ്പോര്‍ട്ടിംഗിനായി ചെയ്യുന്നത് പ്രൊഫഷണല്‍ അല്ല. ടാങ്കര്‍ അപകടമോ ഫാക്ടറി അപകടമോ നടക്കുന്നിടത്തേക്ക് പോകുമ്പോള്‍ വ്യക്തിസുരക്ഷാ ഉപകരണങ്ങള്‍ കയ്യില്‍ കരുതണം. അപായസാധ്യത ഉള്ള സ്ഥലങ്ങളില്‍ ഉപയോഗിക്കാവുന്നതാണോ കാമറയും മറ്റുപകരണങ്ങളും എന്ന് മുന്‍കൂട്ടി അറിഞ്ഞിരിക്കുകയും വേണം.

സ്വയം പര്യാപ്തത: കേരളത്തിന് പുറത്താണ് ദുരന്തം റിപ്പോര്ട്ട് ചെയ്യാന്‍ പോകുന്നതെങ്കില്‍ അത്യാവശ്യം സ്വയം പര്യാപ്തത ഉണ്ടായിരിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. കുടിക്കാനുള്ള വെള്ളം, രണ്ടു ദിവസത്തേക്കുള്ള പാക്ക് ചെയ്ത ഭക്ഷണം (meals ready to eat), സ്ലീപ്പിങ്ങ് ബാഗ്, അവശ്യ മരുന്ന്, ടിഷ്യൂ പേപ്പര്‍, കൊതുകിനെ അകറ്റാനുള്ള സ്‌പ്രേ എന്നിങ്ങനെ. എന്നാല്‍ പല ദുരന്തമുഖത്തെക്കും എത്താന്‍ പറ്റുന്നത് ഹെലികോപ്ടറില്‍ ആയിരിക്കുന്നതിനാല്‍ ലഗേജ് ഏറ്റവും കുറവായിരിക്കുകയും വേണം. പതിനഞ്ചു കിലോക്കുള്ളില്‍ മുന്‍പ് പറഞ്ഞതെല്ലാം പാക്ക് ചെയ്യാന്‍ മുന്‍കൂര്‍ പഠിച്ചു വെക്കണം. അപകട സ്ഥലത്തേക്ക് പോകുന്നതിന് അരമണിക്കൂര്‍ മുന്‍പ് സ്ലീപിംഗ് ബാഗ് അന്വേഷിക്കുന്നതും അപകട സ്ഥലത്തെത്തി സ്ലീപിംഗ് ബാഗ് ഇല്ലാതെ കഷ്ടപ്പെടുന്നതും ഒഴിവാക്കണം.

ഔചിത്യബോധം: ദുരന്തരംഗങ്ങള്‍ ചിത്രീകരിക്കുന്നതിലും റിപ്പോര്‍ട്ട് ചെയ്യുന്നതിലും ഉയര്‍ന്ന ഔചിത്യബോധം ഉണ്ടായിരിക്കണം. ദുരന്തത്തില്‍പെട്ടവരുടെ ആത്മാഭിമാനവും ദുരന്തനിവാരണത്തില്‍ ഏര്‍പ്പെടുന്നവരുടെ ആത്മവിശ്വാസവും തകര്‍ക്കുന്ന ചിത്രീകരണമോ റിപ്പോര്‍ട്ടിംഗോ ശരിയായ പ്രവൃത്തി അല്ല. മുന്‍പ് പറഞ്ഞപോലെ അപകടത്തില്‍ മരിച്ചവരുടെ പേര് വെളിപ്പെടുത്തുന്നതോ ദുരന്തമരണം സംഭവിച്ചവരുടെ ക്ലോസപ്പ് എടുത്തു കാണിക്കുന്നതോ ദുരന്തത്തിന്റെ റിപ്പോര്‍ട്ടിംഗിന് ആവശ്യമായ പ്രവൃത്തിയല്ല. ദുരന്തം ഉണ്ടായി ഉടന്‍തന്നെ അധികാരികളേയോ ദുരന്തത്തില്‍പ്പെട്ടവരേയോ കുറ്റപ്പെടുത്തുന്ന തരത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതും റിപ്പോര്‍ട്ട് ചെയ്യുന്നതും ഒഴിവാക്കണം.

ദുരന്തനിവാരണം ആണ് പ്രധാനം: ആകാശത്തുവച്ച് വിമാനത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ എന്തുചെയ്യണം എന്നതിനെപ്പറ്റി പൈലറ്റുമാര്‍ക്ക് ഒരു മന്ത്രം ഉണ്ട്. Aviate, Navigate, Communicate. അതായത് വിമാനം പറത്തിക്കൊണ്ടിരിക്കുക എന്നത് ഒന്നാമത്തെ ലക്ഷ്യം, അത് എങ്ങോട്ടാണെന്ന് അറിയുന്നത് രണ്ടാമത്തെ ലക്ഷ്യം, ഇതു രണ്ടും കഴിഞ്ഞാണ് പ്രശ്‌നം ആരെയെങ്കിലും അറിയിക്കാനുള്ള ശ്രമം നടത്തേണ്ടതുള്ളൂ.

ദുരന്തമുഖത്തെത്തുന്ന മാധ്യമങ്ങള്‍ ഇക്കാര്യം എപ്പോഴും ഓര്‍ക്കണം. സംഭവിച്ച ദുരന്തത്തെ, അല്ലെങ്കില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തത്തെ കൈകാര്യം ചെയ്യുക എന്നതാണ് പ്രധാനം. ദുരന്തമുഖത്തുള്ളവര്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയോ മാധ്യമങ്ങളെ ശ്രദ്ധിക്കാതിരിക്കുകയോ ചെയ്താല്‍ അതൊരു വലിയ വിഷയമാക്കരുത്. അവര്‍ മാധ്യമങ്ങളെ അവഗണിക്കുന്നതോ അവഹേളിക്കുന്നതോ ശരിയല്ലെന്ന് ഞാന്‍ ആദ്യമേ പറഞ്ഞല്ലോ.

ദുരന്തബാധിതരുടെ താല്പര്യം മുന്നില്‍ : ദുരന്തത്തില്‍ പെട്ട മനുഷ്യര്‍ക്ക് പരമാവധി സഹായം ഏറ്റവും വേഗത്തില്‍ എത്തിക്കാന്‍ സഹായിക്കുക എന്നതായിരിക്കണം ആദ്യ ദിവസങ്ങളില്‍ മാധ്യമങ്ങളുടെ ലക്ഷ്യം. ഇതിനു ദുരന്തത്തിന്റെ വാര്‍ത്തയും, അതില്‍ അകപ്പെട്ട ആളുകളുടെ കഷ്ടപ്പാടുകളും, ദുരന്തനിവാരണ സംഘത്തിന്റെ പരിമിതികളും എല്ലാം ഏറ്റവും വേഗത്തില്‍ വാര്‍ത്തയാക്കി ലോകത്തെ അറിയിക്കണം.

എന്നാല്‍ ഇത് ദുരന്തബാധിതരുടെ ഉത്തരവാദിത്തം ആണെന്ന തരത്തില്‍ വാര്‍ത്ത കൊടുക്കരുത്. ഉദാഹരണത്തിന് വെള്ളപ്പൊക്കത്തിന്റെ സമയത്ത് നദീതീരത്ത് പുറമ്പോക്കില്‍ താമസിക്കുന്നവരുടെ വീട് നഷ്ടപ്പെട്ടാല്‍ അവര്‍ നിയമവിരുദ്ധം ആയിട്ടാണ് അവിടെ താമസിച്ചതെന്നാണ് വാര്‍ത്ത വരുന്നതെങ്കില്‍ പിന്നെ അവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ പുറം ലോകം തയ്യാറാവില്ല. അതുപോലെ തന്നെ ദുരിതാശ്വാസം നടത്തുന്നതിലെ അഴിമതിയോ കെടുകാര്യസ്ഥതയോ പറയണം എന്നിരിക്കിലും അതിലാണ് കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നതെങ്കില്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള സഹായം കുറയും. കാരണം, അവര്‍ എന്ത് നല്കിയാലും ഇടനിലക്കാര്‍ അടിച്ചു മാറ്റും എന്നവര്‍ക്ക് തോന്നും. വാര്‍ത്തയുടെ സമയത്തിലും ഫോക്കസിലും പ്രത്യേകം ശ്രദ്ധിക്കണം.

കുറ്റവിചാരണക്ക് സമയം ഉണ്ട് : ഒരു ദുരന്തം ഉണ്ടായ ഉടന്‍ തന്നെ ആരെയെങ്കിലും കുറ്റവാളിയാക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടിങ്ങ് കൊണ്ടും ചര്‍ച്ചകൊണ്ടും ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് ഒരു ഗുണവുമില്ല, മറിച്ചു ദോഷം ഉണ്ടായേക്കാം. കളക്ടര്‍ കാര്യങ്ങള്‍ മുന്‍കൂട്ടി ചെയ്തിരുന്നോ, സംഭവം കഴിഞ്ഞപ്പോള്‍ മന്ത്രി ഓടിയെത്തിയോ ഇതൊന്നുമല്ല പ്രധാന പ്രശ്‌നം. ദുരന്ത നിവാരണവും ദുരിതാശ്വാസവും വേണ്ട തരത്തില്‍ നടക്കുന്നുണ്ടോ എന്നതാണ്. ദുരിതാശ്വാസമോ ദുരിത നിവാരണമോ വേണ്ട പോലെ നടക്കുന്നില്ലെങ്കില്‍ അത് തീര്‍ച്ചയായും വാര്‍ത്തയാണ്. പക്ഷെ മന്ത്രി വരുന്നതും വരാത്തതും ഒന്നുമല്ല വര്‍ത്തയാകേണ്ടത്. ദുരിതാശ്വാസത്തിന്റെ സമയം കഴിഞ്ഞാല്‍ പിന്നെ മറ്റുള്ള കാര്യങ്ങള്‍ തീര്‍ച്ചയായും ചര്‍ച്ച ചെയ്യണം.