തുടരും എന്ന ചിത്രത്തില്‍ നടന്‍ മോഹന്‍ലാലിനൊപ്പമുള്ള കോമ്പിനേഷന്‍ രംഗങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ഫര്‍ഹാന്‍ ഫാസില്‍.
സുധീഷ് എന്ന കഥാപാത്രത്തിന്റെ വിരല്‍ ഷണ്മുഖം ഒടിക്കുന്ന ഒരു സീനിനെ കുറിച്ചാണ് ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഫര്‍ഹാന്‍ സംസാരിക്കുന്നത്.
ആ സീനില്‍ മോഹന്‍ലാല്‍ എന്ന നടന്‍ തന്നെ ഞെട്ടിച്ചുകളഞ്ഞെന്നും കട്ട് പറഞ്ഞ ഉടന്‍ താന്‍ ഇറങ്ങിയോടുകയായിരുന്നെന്നും ഫര്‍ഹാന്‍ പറയുന്നു.
‘എന്റെ വിരലൊടിച്ച ശേഷം പുള്ളിയുടെ ഒരു ചിരിയുണ്ട്. അത് ഏറ്റവും അടുത്ത് കാണുന്നത് ഞാനാണ്. ലാലേട്ടന്റെ ക്ലോസ് ആണെങ്കിലും ഞാനും അവിടെയുണ്ട്. ഫ്രേമില്‍ ഇല്ലെങ്കിലും.
ആ ഷോട്ട് എടുക്കാന്‍ പോകുന്നതിന് മുന്‍പ് ലാലേട്ടന്‍ തരുണിനോട് സാര്‍, ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചു. ഇത് ഒടിച്ചുകഴിഞ്ഞിട്ട് പുള്ളി അതൊന്ന് എന്‍ജോയ് ചെയ്യുന്നുണ്ട് എന്ന് തരുണ്‍ പറഞ്ഞു.
ഷോട്ട് എടുക്കുന്നതിന്റെ തൊട്ടുമുന്‍പാണ് അത് പറയുന്നത്. ഒടിച്ച് കഴിഞ്ഞ ശേഷം പുള്ളി അത് കണ്ടൊന്ന് ആസ്വദിക്കണം എന്ന് പറഞ്ഞു.
ഇത് എന്താണ് വരാന്‍ പോകുന്നത് എന്ന് വെയ്റ്റ് ചെയ്തു നില്‍ക്കുകയാണ് ഞാന്‍. ആക്ഷന്‍ പറഞ്ഞതും പുള്ളി ഒരു സാധനം ഇട്ടു. ഒരു ചിരി, അത് കണ്ടിട്ട് ഞാനിങ്ങനെ അന്തം വിട്ട് നോക്കി നില്‍ക്കുകയാണ്.
ആ ചിരി ഒരു മൂന്ന് നാല് സെക്കന്റേ ഉള്ളൂ. അത് കഴിഞ്ഞിട്ടും വേറെയും സാധനങ്ങള്‍ ഉണ്ടായിരുന്നു. ആ ചിരി കണ്ട് ഞാന്‍ ഇങ്ങനെ നോക്കി നില്‍ക്കുകയാണ്. കട്ട് എന്ന് പറഞ്ഞതും ഞാന്‍ എഴുന്നേറ്റ് ഒരു ഓട്ടം ഓടി.
എന്തുപറ്റി മോനെ, എന്തുപറ്റി മോനെ എന്ന് ലാല്‍ സാര്‍ ചോദിക്കുന്നുണ്ട്. ഞാന്‍ നേരെ മോണിറ്ററിന്റെ അടുത്തേക്കാണ് ഓടിയത്. തരുണേ ആ പ്ലേ ബാക്ക് ഒന്നു താ, പ്ലേ ബാക്ക് ഒന്നു താ എന്ന് പറഞ്ഞിട്ട് ഓടിയതാണ്. കാണാന്‍ ഉള്ള കൊതികൊണ്ടാണ്.
നമ്മള്‍ എല്ലാവരും ഇങ്ങനെ അന്തംവിട്ട് നോക്കി നില്‍ക്കുകയാണ്. ഓണ്‍ സ്‌പോര്‍ട്ടില്‍ എങ്ങനെ ഈ സാധനം ചെയ്യുന്നു എന്ന് തോന്നി. പുള്ളി ഇത് പ്ലാന്‍ ചെയ്തിട്ടില്ല.
ഇതിന് മുന്‍പ് എന്താണ് ചെയ്യേണ്ടത് എന്നതിനെ പറ്റി ഐഡിയ ഇല്ല. സ്‌പോട്ടില്‍ പറഞ്ഞ സാധനം ഇത്ര ആക്യുറേറ്റ് ആയി എങ്ങനെ പുള്ളിയത് പിടിക്കുന്നു. അതെന്നെ ഭയങ്കരമായി ഞെട്ടിച്ച സാധനമാണ്,’ ഫര്‍ഹാന്‍ പറഞ്ഞു.
സിനിമയുടെ റിലീസിന് മുന്‍പേ ലാല്‍ സാര്‍ തന്നെ വിളിച്ചിരുന്നെന്നും തന്റെ പെര്‍ഫോമന്‍സിനെ കുറിച്ച് സംസാരിച്ചെന്നും ഫര്‍ഹാന്‍ പറയുന്നു.
റിലീസിന് അടുത്തോണ്ടിരിക്കുകയാണ്. തിയേറ്ററില്‍ ഫസ്റ്റ് ഡേ ക്രൂ മൊത്തം പോകുന്നുണ്ട്. എനിക്ക് പോകാന്‍ പേടിയുണ്ട്. ഒരു ദിവസം ലാലേട്ടന്‍ വിളിച്ചു. മോനെ മോന്‍ നന്നായി ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു. അന്നാണ് തിയേറ്ററിലേക്ക് പോകാമെന്ന കോണ്‍ഫിഡന്‍സില്‍ എനിക്ക് കിട്ടുന്നത്.
എനിക്ക് കിട്ടിയ ഏറ്റവും വലിയ കോംപ്ലിമെന്റും അത് തന്നെയായിരുന്നു. അദ്ദേഹത്തിന് അത് എന്നോട് വിളിച്ചുപറയേണ്ടതില്ല. അതിന് മുന്‍പ് തരുണിനോടും സുനിലേട്ടനോടും ഞാന്‍ ചോദിക്കുന്നുണ്ട്. നന്നായി ചെയ്തിട്ടുണ്ട് എന്ന് അവര്‍ പറഞ്ഞെങ്കിലും എനിക്ക് വിശ്വാസമാകുന്നുണ്ടായിരുന്നില്ല,’ ഫര്‍ഹാന്‍ പറഞ്ഞു.
Content Highlight: Farhaan Faasil about a combination scene with mohanlal and his reaction