കങ്കാരുവല്ല, വിശ്വനാഥ് ആന്‍ഡ് സണ്‍സ് ആ മോഹന്‍ലാല്‍ സിനിമയുടെ കഥയാണോ? ചര്‍ച്ചയായി ഫാന്‍ തിയറികള്‍
Indian Cinema
കങ്കാരുവല്ല, വിശ്വനാഥ് ആന്‍ഡ് സണ്‍സ് ആ മോഹന്‍ലാല്‍ സിനിമയുടെ കഥയാണോ? ചര്‍ച്ചയായി ഫാന്‍ തിയറികള്‍
അമര്‍നാഥ് എം.
Wednesday, 18th March 2026, 7:12 am

ഏറെക്കാലമായി കാണാന്‍ കാത്തിരുന്ന സ്റ്റൈലിഷ് സൂര്യയെ ആരാധകര്‍ക്ക് സമ്മാനിച്ചുകൊണ്ടാണ് വെങ്കി അട്‌ലൂരി വിശ്വനാഥ് ആന്‍ഡ് സണ്‍സിന്റെ ടീസര്‍ പുറത്തുവിട്ടത്. ഗജിനി, വാരണം ആയിരം പോലുള്ള സിനിമകളില്‍ കണ്ട ചാമിങ് സൂര്യയെ ടീസറില്‍ കാണാന്‍ സാധിച്ചു. അടുത്തകാലത്തായി തിയേറ്റര്‍ ഹിറ്റൊന്നുമില്ലാതിരിക്കുന്ന സൂര്യ ഈ വര്‍ഷം തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകര്‍ കരുതുന്നത്.

വിശ്വനാഥ് ആന്‍ഡ് സണ്‍സ് Photo: Venky Atluri / Facebook

സഞ്ജയ് വിശ്വനാഥ് എന്ന ബിസിനസ് മാനായാണ് സൂര്യ ഈ ചിത്രത്തില്‍ വേഷമിടുന്നത്. സൗത്ത് ഇന്ത്യന്‍ സെന്‍സേഷനായ മമിത ബൈജുവാണ് ചിത്രത്തിലെ നായിക. 20കാരിക്ക് 40കാരനോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ കഥ. സൂര്യയുടെ നായികയായി മമിത എത്തുമ്പോള്‍ ആരാധകര്‍ക്ക് ഒരേസമയം സര്‍പ്രൈസും ടെന്‍ഷനുമാണ്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നപ്പോള്‍ പല തിയറികളും പുറത്തുവന്നിരുന്നു. പൃഥ്വിരാജ് നായകനായ കങ്കാരുവിന്റെ റീമേക്കാണോ വിശ്വനാഥ് ആന്‍ഡ് സണ്‍സ് എന്ന് പലരും ചോദിച്ചിരുന്നു. എന്നാല്‍ ആ പോസ്റ്ററിന് മാത്രമേ കങ്കാരുവുമായി സാമ്യമുള്ളൂ എന്ന് പല സിനിമാപേജുകളും റിപ്പോര്‍ട്ട് ചെയ്തു. ടീസറിന് ശേഷം ചിത്രത്തിന്റെ കഥയെക്കുറിച്ചുള്ള മറ്റൊരു ഫാന്‍ തിയറി വൈറലായിരിക്കുകയാണ്.

മോഹന്‍ലാലിന്റെ എവര്‍ഗ്രീന്‍ ക്ലാസിക് ദശരഥവുമായി വിശ്വനാഥ് ആന്‍ഡ് സണ്‍സിന് സാമ്യമുണ്ടെന്നാണ് ഈ തിയറിയില്‍ പറയുന്നത്. കോടികളുടെ ആസ്തിയുള്ള സഞ്ജയ് 40 വയസ് കഴിഞ്ഞിട്ടും അവിവാഹിതനെന്ന് ടീസറില്‍ കാണിക്കുന്നുണ്ട്. കല്യാണം കഴിക്കാന്‍ താത്പര്യമില്ലാത്ത സഞ്ജയ് തന്റെ ബിസിനസ് സാമ്രാജ്യത്തിന് പിന്‍ഗാമിയുണ്ടാകാനായി സറോഗേറ്റ് മദറിനെ തേടുകയും അവസാനം മമിത അവതരിപ്പിക്കുന്ന മാഡിയെന്ന കഥാപാത്രത്തെ കണ്ടുപിടിക്കുകയും ചെയ്യുന്നു.

ജീവിതത്തെക്കുറിച്ച് വലിയ ലക്ഷ്യബോധമൊന്നുമില്ലാത്ത മാഡിക്ക് സഞ്ജയ്‌യോട് പ്രണയം തോന്നുന്നതുമെല്ലാമാണ് ചിത്രത്തിന്റെ കഥയെന്ന് ടീസറിലെ പല ഷോട്ടുകളും സൂചന നല്‍കുന്നുണ്ട്. 20 വയസിന്റെ വ്യത്യാസമുള്ള മാഡിയോട് സഞ്ജയ്ക്ക് ആദ്യം പ്രണയം തോന്നില്ലെന്നും എന്നാല്‍ ഒടുവില്‍ ഇരുവരും ഒന്നിച്ചേക്കുമെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

സൂര്യയും മമിതയും തമ്മിലുള്ള കെമിസ്ട്രി കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ് വെങ്കി അട്‌ലൂരി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് പലരും അഭിപ്രായപ്പെടുന്നു. വിജയ് നായകനായ വാരിസുമായി വിശ്വനാഥ് ആന്‍ഡ് സണ്‍സിന്റെ ടീസറിന് സാമ്യമുണ്ടെന്നും ചിലര്‍ കമന്റ് പങ്കുവെക്കുന്നുണ്ട്. ലക്കി ഭാസ്‌കറിന് ശേഷം വെങ്കി ഒരുക്കുന്ന ചിത്രം ഹിറ്റാകുമെന്നാണ് പ്രതീക്ഷ. ജൂലൈയിലാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Content Highlight: Fan theories saying that Viswanath and Sons have the same story of Dasaratham

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം