ഫോക്ക്‌ലാന്‍ഡ് തര്‍ക്കം ലോകകപ്പ് വേദിയില്‍; അര്‍ജന്റീനക്കെതിരെ ഫിഫയുടെ അച്ചടക്ക നടപടിക്ക് സാധ്യത
FIFA World Cup 2026
ഫോക്ക്‌ലാന്‍ഡ് തര്‍ക്കം ലോകകപ്പ് വേദിയില്‍; അര്‍ജന്റീനക്കെതിരെ ഫിഫയുടെ അച്ചടക്ക നടപടിക്ക് സാധ്യത
സുദേവ് എ
Thursday, 16th July 2026, 11:22 am

2026 ഫിഫ ലോകകപ്പിന്റെ കിരീട പോരിന് വീണ്ടും യോഗ്യത നേടിയിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്.

ഇപ്പോള്‍ ഈ മത്സരത്തിന് ശേഷം അര്‍ജന്റീന താരങ്ങള്‍ നടത്തിയ ഒരു പെരുമാറ്റം വിവാദമായിരിക്കുകയാണ്. ഇംഗ്ലണ്ടുമായി കാലങ്ങളായി നിലനില്‍ക്കുന്ന ഫോക്ക്‌ലാന്‍ഡ് ദീപുമായി ബന്ധപ്പെട്ട രാഷ്ട്രീയ തര്‍ക്കം ലോകകപ്പ് വേദിയിലേക്ക് കൊണ്ടുവന്ന സംഭവമാണ് വിവാദമായത്.

മത്സരശേഷം ഗാലറിയില്‍ നിന്നും കൈമാറിയ ബാനര്‍ അര്‍ജന്റൈന്‍ താരങ്ങളായ നിക്കോളാസ് ഒട്ടമെന്‍ഡിയും ജിയോവാനി ലോ സെല്‍സോയും മൈതാനത്ത് പ്രദര്‍ശിപ്പിക്കുകയായിരുന്നു.

ലാസ് മാല്‍വിനാസ് സണ്‍ അര്‍ജന്റീനാസ് എന്ന് സ്പാനിഷില്‍ എഴുതിയ ബാനറാനാണ് അര്‍ജന്റൈന്‍ താരങ്ങള്‍ ഉയര്‍ത്തിയത്. ഫോക്ക്ലാന്‍ഡ് ദീപുകള്‍ അര്‍ജന്റീനയുടേതാണ് എന്നാണ് ബാനറിലെ വാചകത്തിന്റെ അര്‍ത്ഥം.

ഈ സംഭവത്തില്‍ ഫിഫ അര്‍ജന്റീനക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. മത്സരത്തിന്റെ ഇടയിലോ മത്സരത്തിന് ശേഷമുള്ള ഒഫീഷ്യല്‍ സമയങ്ങളിലോ രാഷ്ട്രീയ, മതപര, വ്യക്തിപര മുദ്രാവാക്യങ്ങളും ചിഹ്നങ്ങളും ഉപയോഗിക്കുന്നത് ഫിഫയും രാജ്യാന്തര ഫുട്‌ബോള്‍ അസോസിയേഷനും വിലക്കിയിട്ടുണ്ട്.

ഫിഫയുടെ നിയമപ്രകാരം താരങ്ങളുടെ ജേഴ്‌സിയിലോ മറ്റുള്ള വസ്തുക്കളിലോ രാഷ്ട്രീയവും മതപരവുമായ മുദ്രാവാക്യങ്ങളോ ചിത്രങ്ങളോ പ്രസ്താവനകളോ ഉണ്ടാവാന്‍ പാടില്ല. ഈ നിയമം ലംഘിക്കുന്ന താരങ്ങള്‍ക്കെതിരെയോ ആ രാജ്യത്തിന്റെ ഫുട്‌ബോള്‍ അസോസിയേഷനെതിരെയോ ടൂര്‍ണമെന്റ് സംഘാടകര്‍ക്കോ ഫിഫയ്‌ക്കോ ശക്തമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കാനാവും. ഫിഫയുടെ നടപടിയുടെ ഭാഗമായി ഫൈനല്‍ പോരാട്ടത്തില്‍ താരങ്ങള്‍ക്ക് വിലക്ക്, കനത്ത പിഴ തുടങ്ങിയ ശിക്ഷ നടപടികള്‍ നേരിടേണ്ടി വന്നേക്കാം.

അര്‍ജന്റീനയുടെ കിഴക്കന്‍ തീരത്ത് നിന്നും 480 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ദീപ സമൂഹമാണ് ഫോക്ക്ലാന്‍ഡ്. ഇപ്പോള്‍ ഈ ദീപ് ബ്രിട്ടണിന്റെ നേതൃത്തിലാണ്. ഈ ദീപുകളുടെ അവകാശത്തെ ചൊല്ലി അര്‍ജന്റീനയും ബ്രിട്ടണും പത്തൊമ്പതാം നൂറ്റാണ്ട് മുതല്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

1982ല്‍ അര്‍ജന്റീനയിലെ സൈനിക ഭരണകൂടം ഫോക്ക്ലാന്‍ഡ് പിടിച്ചെടുക്കാന്‍ ശ്രമിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ ഫോക്ക്ലാന്‍ഡ് യുദ്ധം നടന്നിരുന്നു. 74 ദിവസത്തോളം നീണ്ടു നിന്ന യുദ്ധത്തില്‍ അര്‍ജന്റീന പരാജയപ്പെടുകയും 649 അര്‍ജന്റീന സൈനികരും 255 ബ്രിട്ടീഷ് സൈനികരും കൊല്ലപ്പെടുകയും ചെയ്തു. ഈ രാഷ്ട്രീയ തര്‍ക്കത്തിന്റെ സ്വാധീനമാണിപ്പോള്‍ അര്‍ജന്റീന-ഇംഗ്ലണ്ട് മത്സരത്തിലും എത്തിയത്.

ജൂലൈ 20ന് നടക്കുന്ന ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടം സ്‌പെയ്‌നും അര്‍ജന്റീനയും തമ്മിലാണ് നടക്കുന്നത്. ജൂണ്‍ 19ന് നടക്കുന്ന ലൂസേഴ്സ് ഫൈനലില്‍ ഫ്രാന്‍സും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ എത്തും.

 

Content Highlight: Falklands dispute at World Cup stage; FIFA disciplinary action against Argentina possible

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.