24 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂൺ 18 ന്; പ്രഖ്യാപനവുമായി തെരഞ്ഞടുപ്പ് കമ്മീഷൻ
India
24 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂൺ 18 ന്; പ്രഖ്യാപനവുമായി തെരഞ്ഞടുപ്പ് കമ്മീഷൻ
മുഹമ്മദ് നബീല്‍
Friday, 22nd May 2026, 12:30 pm

ന്യൂദൽഹി: 24 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂൺ 18 ന് നടക്കുമെന്ന പ്രഖ്യാപനവുമായി തെരഞ്ഞടുപ്പ് കമ്മീഷൻ. തമിഴ്നാട്ടിലെയും മഹാരാഷ്ട്രയിലെയും ഓരോ സീറ്റിലേക്കുള്ള ഉപതെരഞ്ഞടുപ്പ് അടക്കമായിരിക്കും ഇത്തവണ നടക്കുക.

കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, മുൻ മന്ത്രി എച്ച്.ഡി ദേവഗൗഡ എന്നിവരുടെ സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 24 സീറ്റുകളിൽ ആന്ധ്രാപ്രദേശിലെ നാലും, ഗുജറാത്തിലെ അഞ്ചും, ജാർഖണ്ഡിലെ രണ്ടും, മധ്യപ്രദേശിലെ മൂന്നും, കർണാടകയിലെ നാലും സീറ്റുകൾക്ക് പുറമെ മണിപ്പൂർ, മേഘാലയ, അരുണാചൽ പ്രദേശ്, മിസോറാം എന്നിവിടങ്ങളിലെ ഓരോ സീറ്റുകൾ വീതവും ഉൾപ്പെടുന്നു.

തെരഞ്ഞടുപ്പ് കമ്മീഷന്റെ വിജ്ഞാപനപ്രകാരം ജൂൺ ഒന്നുമുതൽ എട്ടുവരെ നാമനിർദ്ദേശം സമർപ്പിക്കാം. അതാത് സംസ്ഥാനങ്ങളിൽ ജൂൺ 18 ന് രാവിലെ 9 മുതൽ വൈകീട്ട് 4 വരെ വോട്ടെടുപ്പ് നടക്കും. 5 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും.

മഹാരാഷ്ട്രയിൽ അജിത് പവാർ മരിച്ചതിനെത്തുടർന്ന് പങ്കാളി സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായതോടെ രാജ്യസഭാ സീറ്റ് രാജിവച്ചിരുന്നു. ഈ സീറ്റിലേക്കും, സി.വി ഷൺമുഖം രാജിവച്ച ഒഴിവിലേക്ക് തമിഴ്‌നാട്ടിലും ഉപതെരഞ്ഞടുപ്പ് നടക്കും.

സംസ്ഥാന നിയമസഭകളിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എം.എൽ.എ മാരാണ് വോട്ടുചെയ്യുക മറ്റുതെരഞ്ഞെടുപ്പുകളിൽ നിന്നും വ്യത്യസ്തമായി ബാലറ്റ് പേപ്പറിലാണ് രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക.

Content Highlight: Elections to 24 Rajya Sabha seats to be held on June 18; Election Commission announces

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം