ഡോ. ഗസ്സാന്‍ അബു സിത്ത; അല്‍-ഷിഫ, അല്‍-അഹ്ലി ആശുപത്രികളിലെ ശസ്ത്രക്രിയാ മേശകളില്‍ നിന്ന് ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന കൂട്ടക്കുരുതിയുടെ ഭീകരത എത്രയെന്ന് ആദ്യ ഘട്ടത്തില്‍ തന്നെ നേരിട്ട് മനസിലാക്കിയ ഒരാള്‍. 'ഇതൊരു കൂട്ടക്കൊലയാണ്' എന്ന് ആദ്യം പറഞ്ഞതും അദ്ദേഹമായിരുന്നു. ഇതൊരു യുദ്ധമല്ലെന്നും ഇസ്രഈലിന്റെ വംശഹത്യ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രഈല്‍ ഗസയില്‍ വംശഹത്യ ആരംഭിച്ച് രണ്ട് ദിവസത്തിന് ശേഷം, 2023 ഒക്ടോബര്‍ 9 നാണ് ബ്രിട്ടീഷ്-ഫലസ്തീന്‍ ഡോക്ടറും പ്ലാസ്റ്റിക് സര്‍ജനുമായ ഡോ. ഗസ്സാന്‍ അബു സിത്ത ഗസയില്‍ എത്തുന്നത്.
അല്‍-ഷിഫ, അല്‍-അഹ്ലി ആശുപത്രികളിലെ ശസ്ത്രക്രിയാ മേശകളില്‍ നിന്ന് ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന കൂട്ടക്കുരുതിയുടെ ഭീകരത എത്രയെന്ന് ആദ്യ ഘട്ടത്തില്‍ തന്നെ നേരിട്ട് മനസിലാക്കിയ ഒരാള്‍.
ആദ്യ ദിവസങ്ങളില്‍ തന്നെ ഡസന്‍ കണക്കിന് ശസ്ത്രക്രിയകള്‍ അദ്ദേഹത്തിന് നടത്തേണ്ടി വന്നു. പലതും കുട്ടികളുടേതായിരുന്നു.
നാലാം ദിവസമായപ്പോഴേക്കും, ശസ്ത്രക്രിയ ടേബിളില്‍ എത്തുന്ന ആളുകളില്‍ പകുതിയും പ്രായപൂര്‍ത്തിയാകാത്തവരായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു.
വൈറ്റ് ഫോസ്ഫറസും മറ്റ് നിരോധിത യുദ്ധോപകരണങ്ങളും കാരണം ഗസയിലെ മനുഷ്യരുടെ ദേഹത്തുണ്ടായ പരിക്കുകള്‍ അദ്ദേഹം നേരിട്ടു കണ്ടു. പിന്നീട് അന്താരാഷ്ട്ര അന്വേഷണങ്ങള്‍ക്ക് സഹായകമാകുംവിധം പല തെളിവുകളും രേഖകളും നല്‍കിയത് അദ്ദേഹമായിരുന്നു.
‘ഗസയെ വംശീയമായി ഉന്മൂലനം ചെയ്യുക എന്നതാണ് ഇസ്രഈലിന്റെ അന്തിമ ലക്ഷ്യമെന്ന് ആദ്യ ഘട്ടത്തില്‍ തന്നെ മനസിലാക്കിയ ചുരുക്കമാളുകളില്‍ ഒരാളായിരുന്നു ഡോ. ഗസ്സാന്‍ അബു.
വടക്കന്‍ ഗസയില്‍ ഇസ്രഈല്‍ വ്യോമാക്രമണം നടത്തിയതിന്റെ ആദ്യ ആഴ്ചകളില്‍ വീട് വിട്ട് പലായനം ചെയ്ത സാധാരണക്കാര്‍ക്ക് അഭയമായത് അല്‍-അഹ്ലി ആശുപത്രിയുടെ മുറ്റമായിരുന്നു.
ഒക്ടോബര്‍ 17 ന് വൈകുന്നേരം 6:59 ന് ആശുപത്രിയുടെ മുറ്റത്ത് ഒരു വന്‍ സ്ഫോടനം ഉണ്ടായി, ആശുപത്രിയുടെ വശങ്ങളിലായി പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ചു.
ചുറ്റുമുള്ള പുല്‍ത്തകിടികളില്‍ തമ്പടിച്ചിരുന്ന നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. സ്ഫോടന സമയം ആശുപത്രിക്കുള്ളില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു ഡോ. ഗസ്സാന്‍ അബു.
സ്‌ഫോടനത്തില്‍ നൂറ് കണക്കിനാളുകള്‍ മരിച്ചുവീണു. ഗസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് അന്നത്തെ സ്ഫോടനത്തില്‍ 471 പേര്‍ കൊല്ലപ്പെടുകയും 342 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് ശേഷം, പരിക്കേറ്റവരെ ചികിത്സിച്ച ഗസ്സാന്‍ അബു ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാര്‍ അടുത്തുള്ള അല്‍-ഷിഫ ആശുപത്രിയില്‍ ഒരു വാര്‍ത്താ സമ്മേളനം നടത്തി, സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ക്കരികെ നിന്നുകൊണ്ട് തന്നെ.
‘ഇതൊരു കൂട്ടക്കൊലയാണ്’ എന്ന് ആദ്യം പറഞ്ഞത് ഡോ. ഗസ്സാന്‍ അബുവായിരുന്നു. ഇസ്രഈല്‍ ഇത് ഇവിടം കൊണ്ട് അവസാനിപ്പിക്കില്ലെന്നും കൂടുതല്‍ ആശുപത്രികള്‍ അവര്‍ ലക്ഷ്യമിട്ടേക്കാമെന്നും അദ്ദേഹം അന്ന് പ്രവചിച്ചു. ഇതൊരു യുദ്ധമല്ലെന്നും ഇസ്രഈലിന്റെ വംശഹത്യ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
സ്ഫോടനത്തിന് തൊട്ടുപിന്നാലെ ഇസ്രായേല്‍ സൈനിക ഉദ്യോഗസ്ഥര്‍ തെറ്റായ ചില വിവരങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. അല്‍-അഹ്ലി ആശുപത്രിയിലെ മാരകമായ സ്ഫോടനം ഹമാസോ പി.ഐ.ജെ.യോ തൊടുത്തുവിട്ട റോക്കറ്റ് മൂലമാണെന്നായിരുന്നു ഇസ്രഈലിന്റെ ആദ്യ വാദം. എന്നാല്‍ ഇതിനെ പിന്തുണയ്ക്കുന്ന ഒരു തെളിവുകളും മുന്നോട്ടു വെക്കാന്‍ അവര്‍ക്കായില്ല.
സ്ഫോടനത്തിന് നാല് ദിവസം മുമ്പ്, ഒക്ടോബര്‍ 13 ന്, അല്‍-അഹ്ലി ഉള്‍പ്പെടെ വടക്കന്‍ ഗാസയിലെ എല്ലാ ആശുപത്രികളും ഒഴിപ്പിക്കാന്‍ ഇസ്രഈല്‍ ഉത്തരവിട്ടിരുന്നു.
അടുത്ത ദിവസം, ആശുപത്രിയുടെ കാന്‍സര്‍ ചികിത്സാ വാര്‍ഡില്‍ ഒരു പീരങ്കി ആക്രമണം ഇസ്രഈല്‍ നടത്തുകയും ചെയ്തിരുന്നു. ഇത് ഇസ്രഈലിന്റെ മുന്നറിയിപ്പാണെന്ന് അന്ന് തന്നെ ആശുപത്രി അധികൃതര്‍ മനസിലാക്കി.
ഗസയില്‍ ഇസ്രഈല്‍ ആക്രമണം ആരംഭിച്ചതുമുതല്‍, തന്നെ മേഖലയിലെ ആരോഗ്യസംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ക്കാന്‍ ഇസ്രഈല്‍ പദ്ധതിയിട്ടിരുന്നു. ഫലസ്തീനിലെ ഒരു മനുഷ്യനും ചികിത്സ കിട്ടരുതെന്ന് അവര്‍ തീരുമാനിച്ചു.
അപ്പോഴേക്കും യുദ്ധത്തില്‍ എല്ലാം നഷ്ടപ്പെട്ട ഒരു സമൂഹത്തിന്റെ അഭയകേന്ദ്രങ്ങളായി ആശുപത്രി മാറിയിരുന്നു. വലിയൊരു സമൂഹത്തെ നിമിഷങ്ങള്‍ക്കകം ഇല്ലാതാക്കാന്‍ ആശുപത്രികള്‍ക്ക് നേരെയുള്ള ആക്രമണം സഹായകരമാകുമെന്ന് ഇസ്രഈല്‍ തിരിഞ്ഞറിഞ്ഞു കാണും.
ആ രാത്രി അല്‍-അഹ്‌ലിയില്‍ ചികിത്സിച്ച മിക്കവരുടെയും മുറിവുകളുടെ സ്വഭാവത്തെക്കുറിച്ച് ഡോ. ഗസ്സാന്‍ അബുവിന് ഇന്നും ഓര്‍മയുണ്ട്.
‘പലരുടേയും മുറിവുകള്‍ വൃത്തിയുള്ളതായിരുന്നു. അവയില്‍ പൊടിയോ ചെളിയോ ചരലോ ഒന്നും ഉണ്ടായിരുന്നില്ല. പല അവയങ്ങളും മുറിഞ്ഞുപോയിരുന്നു. ആഴത്തിലുള്ള മുറിവുകള്‍. ആളുകള്‍ക്ക് നേരെ ഉപയോഗിച്ചത് ഒരു ‘ഫ്രാഗ്മെന്റേഷന്‍ ബോംബ്’ ആയിരിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം ഉറപ്പിച്ചു. മുറിവില്‍ നോക്കുമ്പോള്‍ ഒരു ഫ്രാഗ്മെന്റേഷന്‍ ബോംബും ഒരു സാധാരണ ബോംബും തമ്മിലുള്ള വ്യത്യാസം നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയും’ അദ്ദേഹം പറഞ്ഞു.
സിറിയ, യെമന്‍, ഇറാഖ്, സൗത്ത് ലെബനന്‍, ഗസ എന്നിവയുള്‍പ്പെടെ നിരവധി സംഘര്‍ഷ മേഖലകളില്‍ യുദ്ധസമയത്ത് സര്‍ജനെന്ന നിലയില്‍ സേവനമനുഷ്ടിച്ച വ്യക്തിയാണ് ബ്രിട്ടീഷ് -ഫലസ്തീന്‍ വംശജനായ ഡോ. ഗസ്സാന്‍.
1989 ല്‍ ഒന്നാം ഇന്‍തിഫാദയില്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിട്ടാണ് അദ്ദേഹം ആദ്യമായി ഗസ സ്ട്രിപ്പ് സന്ദര്‍ശിച്ചത്. 2000 മുതല്‍ രണ്ടാം ഇന്‍തിഫാദയില്‍ ഫലസ്തീനികള്‍ക്കുള്ള മെഡിക്കല്‍ എയ്ഡില്‍ അംഗമായിരുന്നു.
2008-2009ല്‍ നടന്ന യുദ്ധം, 2012ലെ ഓപ്പറേഷന്‍, 2014 യുദ്ധം, 2018-ലെ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ സംഘര്‍ഷ സമയത്തും അദ്ദേഹം ഗസ സ്ട്രിപ്പിലേക്ക് യാത്ര ചെയ്തു.
യുദ്ധകാലത്ത് 43 ദിവസത്തെ സന്നദ്ധസേവനത്തിന് ശേഷം നവംബര്‍ 18 ന്, അബു-സിത്ത ഇംഗ്ലണ്ടിലേക്ക് മടങ്ങി. ഗസയില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ ക്ഷാമം കാരണം ശസ്ത്രക്രിയകള്‍ നടത്താന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞു.
ഗസയിലെ തന്റെ അനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് ലണ്ടനില്‍ അദ്ദേഹം ഒരു പത്രസമ്മേളനം നടത്തി. താന്‍ ചികിത്സിച്ചവരില്‍ കുട്ടികള്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗവും വൈറ്റ് ഫോസ്ഫറസ് കൊണ്ട് പൊള്ളലേവരായിരുന്നെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി. എന്നാല്‍ ഇസ്രഈല്‍ സൈന്യം അത് അംഗീകരിക്കാന്‍ വിസ്സമതിച്ചു.
ഗസയില്‍ നടന്നതായി ആരോപിക്കപ്പെടുന്ന യുദ്ധക്കുറ്റങ്ങള്‍ സംബന്ധിച്ച് മൊഴി നല്‍കാനും തെളിവുകള്‍ ശേഖരിക്കാനുമായി ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) ഡോ. ഗസ്സാന്‍ അബുവിനെ ബന്ധപ്പെട്ടു.
2024 ജനുവരിയില്‍, ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി)യില്‍ നേരിട്ടെത്തിയ അദ്ദേഹം ഇസ്രഈലിനെതിരായ ദക്ഷിണാഫ്രിക്കയുടെ വംശഹത്യ കേസില്‍ തെളിവ് നല്‍കി.
’30കളിലും 40കളിലും ജര്‍മ്മനിയില്‍ നടന്ന കൂട്ടക്കൊലയുമായും ഇസ്രഈലിന്റെ വംശഹത്യയെ അദ്ദേഹം താതതമ്യപ്പെടുത്തി. യു.എസ്, യു.കെ, ജര്‍മ്മനി, ഫ്രാന്‍സ്, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളെ ‘വംശഹത്യയുടെ അച്ചുതണ്ട്’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
2024 ഏപ്രിലില്‍, ഗസയിലെ യുദ്ധത്തെക്കുറിച്ചുള്ള തെളിവുകളും രണ്ട് ആശുപത്രികളിലും ജോലി ചെയ്ത ഒരു ഡോക്ടര്‍ എന്ന നിലയില്‍ തന്റെ അനുഭവങ്ങളും തുറന്നുപറയാനായി ബെര്‍ലിനില്‍ നടന്ന ഫലസ്തീന്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കാനായുള്ള യാത്ര ജര്‍മന്‍ അധികൃതര്‍ തഞ്ഞു. അദ്ദേഹത്തിന് ജര്‍മനിയിലേക്ക് പ്രവേശനം നിഷേധിച്ചു.
ഗസയിലെ മെഡിക്കല്‍ രംഗം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ഫ്രാന്‍സിലെ സെനറ്ററുമായി സംസാരിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമവും ഈ വിലക്ക് കാരണം തടസ്സപ്പെട്ടു.
ജര്‍മ്മന്‍ അഭിഭാഷകരുടെ സഹായത്തോടെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഓഫ് ജസ്റ്റിസ് ഫോര്‍ ഫലസ്തീന്‍ അഭിഭാഷകര്‍ ഈ നിരോധനത്തെ വെല്ലുവിളിച്ചു. തുടര്‍ന്ന് യാത്രാ നിയന്ത്രണം റദ്ദാക്കാന്‍ അവര്‍ നിര്‍ബന്ധിതരായി.
‘ഒരു തലമുറയിലെ മെഡിക്കല്‍ പ്രൊഫഷണലുകളെ മനഃപൂര്‍വ്വം ഇല്ലാതാക്കുക കൂടിയാണ് ഇസ്രഈലിന്റെ ലക്ഷ്യമെന്ന് ഡോ. ഗസ്സാന്‍ ലോകത്തോട് പറഞ്ഞു.
ഇപ്പോഴും ഗാസയിലേക്ക് മടങ്ങാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അവിടെ പരിക്കേറ്റവരെ പരിചരിക്കാന്‍ ഞാന്‍ സന്നദ്ധനാണ്. എന്നാല്‍ റഫ അതിര്‍ത്തിയുടെ നിയന്ത്രണം ഇസ്രഈലികള്‍ ഏറ്റെടുത്തതിനുശേഷം, പലസ്തീന്‍ വംശജരായ എല്ലാ ഡോക്ടര്‍മാരെയും പോലെ എന്നെയും ഗസയിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് അവര്‍ വിലക്കിയിരിക്കുന്നു. അതുകൊണ്ട് മാത്രമാണ് എനിക്ക് ഗസയിലേക്ക് മടങ്ങാനാവാത്തത്, അദ്ദേഹം പറയുന്നു.
വംശഹത്യയ്ക്ക് ന്യായീകരണം ചമച്ച പാശ്ചാത്യ മാധ്യമങ്ങളേയും ഡോ. ഗസ്സാന്‍ കുറ്റപ്പെടുത്തിയിരുന്നു. പുറത്തുവരുന്ന ഭീകരമായ പല വാര്‍ത്തകളിലും പലരും വെള്ളം ചേര്‍ത്തെന്ന് അദ്ദേഹം തുറന്നുപറഞ്ഞു.
ഇസ്രഈല്‍ പ്രധാനമായും ലക്ഷ്യമിട്ടത് സാധാരണക്കാരുടെ വീടുകള്‍ മാത്രമാണ്. അതുകൊണ്ട് കൂടിയാണ് ഈ യുദ്ധത്തില്‍ ഇത്രയേറെ കുട്ടികള്‍ക്ക് പരിക്കേറ്റത്. അവരുടെ മറ്റൊരു ആയുധമായിരുന്നു പട്ടിണി. ഭക്ഷണത്തിലെ ലഭ്യത കുറവ് മൂലം ഈ കുട്ടികളില്‍ പോഷകാഹാരക്കുറവുണ്ടായി. അതുകാരണം ശരീരത്തിലേറ്റ പരിക്കുകള്‍ ഭേദമാവാതെ വന്നു. ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് തന്നെ സുഖം പ്രാപിക്കാന്‍ കഴിയാതെയായി.
ഇത്തരത്തില്‍ ഒരു ഭ്രാന്തന്‍ രാജ്യം എങ്ങനെയൊക്കെയാണ് ഒരു ജനതയെ അവരുടെ മണ്ണില്‍ നിന്ന് പൂര്‍ണമായി പിഴുതെറിയാന്‍ ശ്രമിച്ചതെന്ന് ഡോ. ഗസ്സാന്‍ സാക്ഷ്യപ്പെടുത്തി.
അദ്ദേഹത്തെ പോലുള്ള പലരും ഗസയില്‍ ഇസ്രഈല്‍ നടത്തിയ ഭീകരതയുടെ ആഴം അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ തുറന്നുപറഞ്ഞുകഴിഞ്ഞു. അതൊന്നും അത്ര എളുപ്പത്തില്‍ തള്ളിക്കളയാന്‍ ഇസ്രഈലിനോ അന്താരാഷ്ട്ര കോടതിക്കോ കഴിയില്ലെന്ന് നമുക്ക് പ്രത്യാശിക്കാം.