‘അപ്പോള്‍ സുഹൃത്തുക്കളേ, ഞാന്‍ എന്നെത്തന്നെ പരിചയപ്പെടുത്തട്ടെ, ഞാന്‍ ഗസയില്‍ നിന്നുള്ള ഒരു ഫലസ്തീന്‍കാരനാണ്, എനിക്ക് 12 വയസ്സുണ്ട്. ഈ ചാനലിന്റെ ലക്ഷ്യം 100,000 സബ്‌സ്‌ക്രൈബര്‍മാരെ ഉണ്ടാക്കുക എന്നതാണ്, അതിന് ശേഷം 500,000, അതിന് ശേഷം പത്തുലക്ഷം ആളുകളിലേക്ക് ഈ ചാനല്‍ എത്തുക എന്നതാണ്,’ 2022 ഓഗസ്റ്റില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ അവ്നി എല്‍ഡസ് എന്ന ഫലസ്തീന്‍ ബാലന്‍ പറഞ്ഞ വാക്കുകളാണ് ഇത്.
മരണശേഷം ലോകമറിഞ്ഞ ഗസയിലെ 13കാരനായ യൂട്യൂബറാണ് അവ്‌നി എല്‍ ദൗസ്. ആഗ്രഹം പോലെ തന്നെ അവന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ടു. താന്‍ ആഗ്രഹിച്ചതുപോലെ ലോകം തന്റെ യൂട്യൂബ് ചാനല്‍ കണ്ടു. അതുകാണാന്‍ പക്ഷേ അവ്നി എല്‍ ദൗസ് ഉണ്ടായില്ല.
തന്റെ 1,000 സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് ‘ജീവിതത്തില്‍ എല്ലാ സമാധാനവും ഉണ്ടാകട്ടെ’ എന്ന് പറഞ്ഞുകൊണ്ടാണ് ആ വീഡിയോ അവ്നി എല്‍ ദൗസ് അവസാനിപ്പിക്കുന്നത്. കൃത്യം ഒരു വര്‍ഷത്തിനു ശേഷം, ഇസ്രഈല്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട ആദ്യത്തെ ഫലസ്തീന്‍ കുട്ടികളില്‍ ഒരാളായി അവന്‍ മാറി.
അവ്‌നിയുടെ ഈ വീഡിയോ ഇപ്പോള്‍ ദശലക്ഷക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു. കൂടാതെ അവന്റെ കമ്പ്യൂട്ടര്‍ ഗെയിമിങ് വീഡിയോകള്‍ക്ക് ഇന്ന് മില്യണ്‍ കാഴ്ചക്കാരുമുണ്ട്. ഏകദേശം 1.7 മില്യണ്‍ ആളുകള്‍ അവ്നി എല്‍ഡസിന്റെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തു.

എപ്പോഴും സന്തോഷത്തോടെയിരിക്കുന്ന, സ്വന്തം കഴിവില്‍ ആത്മവിശ്വാസമുള്ള, സഹായ മനസ്‌കനായ കുട്ടിയായിരുന്നു അവനി എല്‍ ദൗസ് എന്ന് ബന്ധുക്കള്‍ ഓര്‍ക്കുന്നു. കമ്പ്യൂട്ടറിനോടുള്ള അവന്റെ സ്നേഹം കാരണം ‘എഞ്ചിനിയര്‍ അവ്നി’ എന്നായിരുന്നു ബന്ധുക്കള്‍ അവനെ വിളിക്കാറ്.
ഗസയില്‍ ജീവന്‍ നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെ പ്രതീകമായി മാറിയിരിക്കുകയാണ് ഇന്ന് അവനി എല്‍ഡസ്.
‘ദയവായി ഞങ്ങളോട് ക്ഷമിക്കൂ, ‘നീ മരിക്കുന്നതിന് മുമ്പ് ഞങ്ങള്‍ നിന്നെ അറിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.’ എന്നായിരുന്നു അവ്നി എല്‍ഡസിന്റെ ഒരു വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റ്.
ഇസ്രഈല്‍ ഗസയില്‍ ആക്രമണം തുടങ്ങിയ ആദ്യദിവസം. രാത്രി 12.20 നാണ് അല എന്ന അവ്നിയുടെ ബന്ധുവിന്റെ ഫോണിലേക്ക് ഒരു സന്ദേശം വന്നത്. നിങ്ങളുടെ കുടുംബവീട് ബോംബാക്രമണത്തില്‍ തകര്‍ന്നിരിക്കുന്നു.
ആ സന്ദേശം വിശ്വസിക്കാന്‍ അവര്‍ തയ്യാറായില്ല. എന്നാല്‍ കുടുംബത്തിലെ ഒരു അടുത്ത സുഹൃത്ത് തന്റെ സഹോദരന്റെ ഫോട്ടോയ്ക്കൊപ്പം ആദരാജ്ഞലികള്‍ നേര്‍ന്നുകൊണ്ടുള്ള ഒരു സന്ദേശം അയച്ചുകണ്ടപ്പോള്‍ അല തകര്‍ന്നുപോയി.

സെയ്തൂണിന് അടുത്തായുള്ള മൂന്ന് നില കെട്ടിടത്തിന്റെ ഓരോ നിലയിലും അവ്നിയും ബന്ധുക്കളുമായിരുന്നു താമസിച്ചിരുന്നത്.
അവ്‌നി അവന്റെ അമ്മയ്ക്കും അച്ഛനും, രണ്ട് മൂത്ത സഹോദരിമാര്‍ക്കും, രണ്ട് ഇളയ സഹോദരന്മാര്‍ക്കുമൊപ്പം ഒരു നിലയിലാണ് താമസിച്ചിരുന്നത്.
വിവരമറിഞ്ഞ ഉടനെ അല ആശുപത്രിയിലേക്ക് ഓടി. ‘മൃതദേഹങ്ങള്‍ കാണാന്‍ അവര്‍ എന്നോട് ആവശ്യപ്പെട്ടു, പക്ഷേ എന്റെ ഭര്‍ത്താവ് അതിന് സമ്മതിച്ചില്ല. ജീവിച്ചിരുന്നപ്പോഴുള്ള അവരുടെ മനോഹരമായ മുഖങ്ങള്‍ ഞാന്‍ ഓര്‍ക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു,’ അല കണ്ണീരോടെ പറഞ്ഞുനിര്‍ത്തി.
‘രണ്ട് ബോംബുകള്‍ പെട്ടെന്ന് കെട്ടിടത്തിന് മുകളില്‍ വീണു, കെട്ടിടം അപ്പാടെ തകര്‍ന്നു. മുകളിലത്തെ നിലയിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്, അതുകൊണ്ട് ഭാഗ്യവശാല്‍ ഞാനും ഭാര്യയും രക്ഷപ്പെട്ടു,’ അവ്‌നിയുടെ അമ്മാവന്‍ മുഹമ്മദ് പറഞ്ഞു.
ഞങ്ങള്‍ക്ക് ഒരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ല. പെട്ടെന്നായിരുന്നു സ്ഫോടനമെന്നാണ് അയല്‍ക്കാരനായ ഒരാള്‍ പറഞ്ഞത്.
ആ രാത്രിയില്‍ മാത്രം തന്റെ കുടുംബത്തിലെ 15 പേരാണ് കൊല്ലപ്പെട്ടതെന്ന് അല പറയുന്നു. അതില്‍ തന്നെ ഏറേ വേദനിപ്പിച്ച മരണങ്ങളില്‍ ഒന്ന് അവ്നിയുടേതായിരുന്നെന്നാണ് അവര്‍ പറയുന്നത്.
ശാന്തനും സഹായമനസ്‌കനുമായിരുന്നു അവന്‍. അവന്റെ അച്ഛന്‍ ഒരു കമ്പ്യൂട്ടര്‍ എഞ്ചിനീയറായിരുന്നു. അച്ഛനെ പോലെ കമ്പ്യൂട്ടറില്‍ വിദഗ്ദനാകാന്‍ അവന്‍ ആഗ്രഹിച്ചു. ലാപ്ടോപ്പുകള്‍ റീഷഫിള്‍ ചെയ്യുകയും അത് കൂട്ടിച്ചേര്‍ക്കുകയുമൊക്കെ ചെയ്യുമായിരുന്നു.
മരണത്തിന് മൂന്നാഴ്ച മുമ്പ് കുടുംബങ്ങളെല്ലാവരും ഒത്തുകൂടിയിരുന്നു. അന്നാണ് അവ്നിയെ അല അവസാനമായി കണ്ടത്. കമ്പ്യൂട്ടര്‍ ഗെയിമുകളോടായിരുന്നു അവന് ഏറ്റവും താത്പര്യം. അതുപോലെ യൂട്യൂബ് കരിയറാക്കി എടുത്ത് വിജയിച്ച ഒരുപാട് ആളുകളെ അവന്‍ ആരാധിച്ചിരുന്നു. അവനും അവരേപ്പോലാകാന്‍ ആഗ്രഹിച്ചു. തന്നെ സ്നേഹിക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ടാകുന്നത് അവന് ഇഷ്ടമായിരുന്നു.
2020 ജൂണിലാണ് അവ്‌നി തന്റെ ചാനല്‍ ആരംഭിച്ചത്. പ്രോ എവല്യൂഷന്‍ സോക്കര്‍, കാര്‍ റേസിംഗ് ഗെയിം ബ്ലര്‍, ഫസ്റ്റ്-പേഴ്‌സണ്‍ ഷൂട്ടിംഗ് ഗെയിം കൗണ്ടര്‍-സ്ട്രൈക്ക് എന്നിവ കളിക്കുന്നതായി അദ്ദേഹത്തിന്റെ വീഡിയോകളില്‍ കാണാം.
ഗെയിമുകളുടെ വിശദാംശങ്ങള്‍, അവ നിര്‍മിച്ച കമ്പനികള്‍, അവയുടെ റിലീസ് തീയതികള്‍ എന്നിവ നല്‍കുന്ന നീണ്ട അടിക്കുറിപ്പുകളോടെയായിരുന്നു അവ്നിയുടെ ഓരോ വീഡിയോകളും.
പതുക്കെയാണെങ്കിലും തന്റെ ചാനല്‍ വിപുലീകരിക്കുന്നതിനെ കുറിച്ചും പുതിയ വ്ളോഗുകളും അഭിമുഖങ്ങളും ഉള്‍പ്പെടുന്നതിനെ കുറിച്ചുമൊക്കെ അവന്‍ അവ്നി ആലോചിച്ചിരുന്നു.
ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്ന ഒരു കുട്ടിയായിരുന്നു അവ്നിയെന്ന് ബന്ധുവും പ്രോഗ്രാമറും യ ട്യൂബ് ചാനലുകളുമായി ബന്ധപ്പെട്ട് ജോലികള്‍ നോക്കുകയും ചെയ്യുന്ന അഷ്റഫ് എല്‍ ദൗസ് പറയുന്നു. അവ്നി എന്നെ ഇടയ്ക്ക് വിളിക്കാറുണ്ടായിരുന്നു. യൂ ട്യൂബ് ടിപ്സുകളൊക്കെ ചോദിച്ചാണ് പലപ്പോഴും വിളിക്കുക.
ഒക്ടോബറില്‍ അവ്‌നിയുടെ മരണശേഷം, അവന്റെ ചാനലിന് ഒരുപാട് പുതിയ കാഴ്ചക്കാരെ കിട്ടി. സോഷ്യല്‍ മീഡിയയില്‍ അവ്‌നി അയച്ച സന്ദേശങ്ങള്‍ ഒന്നില്‍ ഗസയിലെ ജനങ്ങള്‍ മരണഭയത്തിലാണ് ജീവിക്കുന്നതെന്നും തനിക്ക് അവരില്‍ ഒരു സംഖ്യയായി താത്പര്യമില്ലെന്നും പറയുന്നുണ്ട്.
‘ഈ കുഞ്ഞിന്റെയൊക്കെ മരണം ഈ ലോകത്തിന് നാണക്കേടാണ്. ദൈവം അനുവദിച്ചാല്‍ അവന്‍ സ്വര്‍ഗത്തിലെ പക്ഷിയാകും…
ആ കൗമാരക്കാരന്റെ മുഴുവന്‍ കുടുംബവും അവനോടൊപ്പം കൊല്ലപ്പെട്ടു. എന്നാല്‍ മരണശേഷം അവന്‍ നേടിയ പ്രശസ്തിയില്‍ അഭിമാനമുണ്ടെന്നാണ് അവന്റെ ജീവിച്ചിരിക്കുന്ന ബന്ധുക്കള്‍ പറയുന്നത്.

ലോകമെമ്പാടുമുള്ള നിരവധി ആളുകള്‍ അവ്‌നിയെ സ്നേഹിക്കുന്നത് ‘ദൈവത്തില്‍ നിന്നുള്ള ഒരു സമ്മാനമായാണ് ഞങ്ങള്‍ കരുതുന്നത്.
ജീവിച്ചിരുന്നപ്പോള്‍ അവന്‍ അത് ആഗ്രഹിച്ചിരുന്നു. സ്വപ്നം കണ്ടുതുടങ്ങിയിരുന്നു. ഇത് സ്വര്‍ഗത്തില്‍ ഇരുന്ന് കണ്ട് അവന്‍ സന്തോഷിക്കട്ടെ. അവര്‍ പറയുന്നു.
ഫലസ്തീനികള്‍ക്കെതിരായ ഇസ്രഈലി വംശഹത്യയില്‍ രക്തസാക്ഷികളായ ആയിരക്കണക്കിന് ഫലസ്തീന്‍ കുട്ടികളില്‍ ഒരാളാണ് അവ്‌നി എല്‍ ദൗസ്.
ഈ അധിനിവേശം ഇനി ആവര്‍ത്തിക്കപ്പെടില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം.. അവ്നിക്കും അവനെപ്പോലെ ജീവന്‍നഷ്ടപ്പെട്ട ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ക്കും നീതി ലഭിക്കട്ടെ. സ്വതന്ത്ര ഫലസ്തീനെ കുറിച്ചുള്ള പ്രതീക്ഷകള്‍ നഷ്ടപ്പെടാതിരിക്കട്ടെ.
സെെത്തൂണിന്‍റെ മക്കള്‍
ഭാഗം ഒന്ന്: ഹിന്ദ് റജബ്; 302 വെടിയുണ്ടകള്‍, ഇസ്രഈല്‍ കൊന്നുകളഞ്ഞ അഞ്ചു വയസുകാരി
ഭാഗം രണ്ട്: റിഫാത്ത് അല്‍ അറൈര്‍; ഗസയുടെ പ്രിയപ്പെട്ട കവി
ഭാഗം മൂന്ന്: ഡോ. അബു സഫിയ; ഇസ്രഈലിന്റെ തോക്കിന് മുമ്പിലും ചങ്കുറപ്പോടെ നിന്ന ഗസയുടെ ഡോക്ടര്‍
ഭാഗം നാല്: ഡോ. സൂഫിയാന്‍ തയെ; ഗസയുടെ അധ്യാപകന്‍… ശാസ്ത്രജ്ഞന്‍
ഭാഗം അഞ്ച്: വാഇല്‍-അല്‍-ദഹ്ദൂഹ്; മാധ്യമപ്രവര്‍ത്തകന്‍, ഗസയിലെ പോരാളി
ഭാഗം ഏഴ്: തുടരൂ അനസ്… ഇസ്രഈല്‍ കൊന്നുകളഞ്ഞ ഗസയുടെ ശബ്ദം
ഭാഗം എട്ട്: റീമും താരിഖും, ഗസയുടെ മുത്തച്ഛന്റെ റൂഹായ പൊന്നുമക്കള്‍
ഭാഗം ഒമ്പത്: ഇസ്രഈല്‍ കൊലപ്പെടുത്തിയ ‘ഫലസ്തീന്‍ പെലെ’; സുലൈമാന്‍ അല്‍ ഉബൈദ്
ഭാഗം പത്ത്: ഡോ. മര്‍വാന്‍ അല്‍-സുല്‍ത്താന്‍; ഗസയുടെ ഹൃദയസൂക്ഷിപ്പുകാരന്‍
ഭാഗം പതിനൊന്ന്: ഡോ. ഗസ്സാന്‍ അബു-സിത്ത; ഇസ്രഈല്‍ പ്രാകൃതത്വത്തിന് നേര്‍സാക്ഷിയായ സര്‍ജന്‍
Content Highlight: The Gaza YouTuber Who Was Rediscovered After His Death



