ജീവിതത്തിന്റെ അവസാന നിമിഷം വരെ ഫലസ്തീനികള്‍ക്ക് വേണ്ടി നിലകൊണ്ട ഡോക്ടര്‍. ഫലസ്തീനികളുടെ ഹൃദയസൂക്ഷിപ്പുകാരന്‍.
മിസൈല്‍ ആക്രമണത്തിലൂടെ ഇസ്രഈല്‍ കൊന്നുകളഞ്ഞ ഫലസ്തീനിലെ ഇന്തോനേഷ്യന്‍ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റും ഡയറക്ടറുമായ ഡോ. മര്‍വാന്‍ അല്‍-സുല്‍ത്താനെ ഫലസ്തീനികള്‍ക്ക് എളുപ്പത്തില്‍ മറക്കാനാവില്ല.
മോര്‍ച്ചറിയില്‍ അദ്ദേഹത്തിന്റെ മൃതദേഹം എത്തിച്ചപ്പോള്‍ ആശുപത്രി ജീവനക്കാര്‍ അദ്ദേഹത്തിന്റെ മുഖമാകെ പൊതിഞ്ഞ രക്തം തുടച്ചുമാറ്റി, അദ്ദേഹത്തെ തലോടി, വിവരമറിഞ്ഞ് അവിടെയെത്തിയ ഏതൊക്കെയോ മനുഷ്യര്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ചുംബനം നല്‍കി. അവരുടെ വിലാപങ്ങള്‍ ആ മുറിയാകെ പ്രതിധ്വനിച്ചു.
ഗസയിലെ ജനങ്ങളെ സംബന്ധിച്ച് അദ്ദേഹം ഒരു ഡോക്ടര്‍മാത്രമായിരുന്നില്ല. അവരുടെ ഏറെ പ്രിയപ്പെട്ട ആരൊക്കെയോ കൂടിയായിരുന്നു.

വടക്കന്‍ ഗസയിലെ ഏറ്റവും വലിയ മെഡിക്കല്‍ സൗകര്യങ്ങളിലൊന്നായ ഇന്തോനേഷ്യന്‍ ആശുപത്രിയുടെ ഡയറക്ടറായിരുന്നു സുല്‍ത്താന്‍. 2023 ഒക്ടോബറില്‍ ഗസയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതുമുതല്‍ അദ്ദേഹം രോഗികളെയും പരിക്കേറ്റവരെയും ചികിത്സിച്ചുപോന്നു.
‘അദ്ദേഹം ഒരു അപൂര്‍വ ഡോക്ടറായിരുന്നു, ആഴത്തിലുള്ള വൈദഗ്ധ്യവും അതിലും ആഴത്തിലുള്ള മനസ്സാക്ഷിയുമുള്ള ഒരു മനുഷ്യന്‍. നമുക്ക് നഷ്ടപ്പെട്ടത് ഒരു ഡോക്ടറെ മാത്രമല്ല, നിരവധി പേര്‍ക്ക് ജീവനാഡിയായിരുന്ന ഒരാളെ കൂടിയാണ്, ഗസ ആരോഗ്യ മന്ത്രാലയത്തിന്റെ ഡയറക്ടര്‍ ജനറല്‍ ഡോ. മുനീര്‍ ബര്‍ഷ് കണ്ണീരോടെ പറയുന്നു.
തെക്കുപടിഞ്ഞാറന്‍ ടെല്‍ അല്‍-ഹവയിലുള്ള അദ്ദേഹത്തിന്റെ വീടിന് മുകളിലേക്ക്, കൃത്യമായി അദ്ദേഹം തങ്ങിയ മുറിയിലേക്ക് ഇസ്രഈലിന്റെ മിസൈല്‍ പതിച്ചു. ആ മുറിയിലുണ്ടായിരുന്ന ഡോ. മര്‍വാനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു.
അദ്ദേഹത്തിന്റെ മുറിയൊഴികെ ആ വീട്ടിലെ മറ്റൊരു മുറികള്‍ക്കും ഒരു കേടുപാടുകളും സംഭവിച്ചിരുന്നില്ല.

പെട്ടെന്നായിരുന്നു സ്ഫോടന ശബ്ദം കേട്ടതെന്നും ഉടനെ തന്നെ അപ്പാര്‍ട്മെന്റിലേക്ക് താന്‍ ഓടിച്ചെന്നെന്നും ഡോ. മര്‍വാന്റേയും അദ്ദേഹത്തിന്റെ ഭാര്യയുടേയും പെണ്‍മക്കളുടേയും മരുമകന്റേയുമെല്ലാം ചിതറിത്തെറിഞ്ഞ ശരീരഭാഗങ്ങളാണ് തനിക്ക് കാണാനായതെന്ന് ഡോ. മര്‍വാന്‍ സുല്‍ത്താന്റെ ബന്ധുവായ അഹമ്മദ് അല്‍-സുല്‍ത്താന്‍ പറയുന്നു.
ആതുരസേവന രംഗത്ത് തുടര്‍ന്നതിന്റെ പേരില്‍, ഫലസ്തീനികളെ സഹായിച്ചുവെന്നതില്‍ പേരില്‍ ജീവിതം ബലികഴിക്കേണ്ടി വന്നയാളാണ് തന്റെ പിതാവെന്ന് മകന്‍ അഹമ്മദ് പറയുന്നു.
വടക്കന്‍ ഗസയില്‍ നിന്ന് പാലായനം ചെയ്യേണ്ടി വന്നതിനെ തുടര്‍ന്നാണ് ഡോ. മര്‍വാനും കുടുംബവും അല്‍-അവയില്‍ എത്തുന്നത്. ആ പ്രദേശത്ത് അവശേഷിക്കുന്ന രണ്ട് ഹൃദയ വിദഗ്ധരില്‍ ഒരാളായിരുന്നു അദ്ദേഹം.
വൈദ്യശാസ്ത്രത്തില്‍ ദീര്‍ഘകാലത്തെ പരിചയമുള്ള വ്യക്തിയായിരുന്നു ഡോ. മര്‍വാന്‍. ഇസ്രഈലിന്റെ തുടര്‍ച്ചയായ ആക്രമണങ്ങളില്‍ പരിക്കേറ്റ ഫലസ്തീനിലെ ജനങ്ങള്‍ക്ക് അദ്ദേഹം താങ്ങായി.
ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിലും ഏറ്റവും പ്രയാസകരമായ നിമിഷങ്ങളിലും അദ്ദേഹം അവര്‍ക്ക് വേണ്ടി നിലകൊണ്ടു. കാരുണ്യത്തിന്റെ പ്രതീകമെന്നാണ് ഡോ. സുല്‍ത്താനെ ഫലസ്തീനികള്‍ ഓര്‍ക്കുന്നത്.
ഇസ്രഈലിന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ കാരണം ഗസയിലെ ഇന്തോനേഷ്യന്‍ ഹോസ്പിറ്റല്‍ അടച്ചുപൂട്ടേണ്ടി വന്നിരുന്നു. ആശുപത്രിക്ക് നേരെ നടന്ന ആക്രമണങ്ങളെ ഐക്യരാഷ്ട്രസഭ അപലപിച്ചപ്പോള്‍, പ്രദേശത്തെ തീവ്രവാദ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള നടപടി മാത്രമാണ് തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നായിരുന്നു ഇസ്രഈലിന്റെ വിശദീകരണം.

എന്നാല്‍ ഡോക്ടറുടെ മരണത്തിന് പിന്നാലെ ഗസയിലെ ആരോഗ്യരംഗം നിലനിര്‍ത്താന്‍ ശ്രമിക്കുന്നവരെ തിരഞ്ഞുപിടിച്ച് ഇസ്രഈല്‍ ആക്രമിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആവര്‍ത്തിച്ചു പറഞ്ഞു.
എന്നാല്‍ ഹമാസ് ഭീകരനെ ലക്ഷ്യംവെച്ച് നടത്തിയ ആക്രമണമായിരുന്നു ഇതെന്നും ചില സാധാരണക്കാരും അതില്‍ ഉള്‍പ്പെട്ടത് പരിശോധിക്കുമെന്നുമായിരുന്നു ഇസ്രഈലിന്റെ മറുപടി.
ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി സാധാരണ ജനങ്ങളെ ഉപയോഗിക്കുകയാണെന്നും സിവിലിയന്‍ ജനതയെ മനുഷ്യകവചമായി ഉപയോഗിച്ച് ഹമാസ് അന്താരാഷ്ട്ര നിയമം ലംഘിക്കുകയാണെന്നും ഇസ്രഈല്‍ ആവര്‍ത്തിച്ചു.
ഗസയിലെ ഒരു സാധാരണക്കാരേയും തങ്ങള്‍ ലക്ഷ്യം വെച്ചിട്ടില്ലെന്ന ഇസ്രഈലിന്റെ വാദത്തെ എതിര്‍ത്ത് ഡോ. മര്‍വാന്റെ മകള്‍ ലുബ്ന അല്‍ സുല്‍ത്താന്‍ തന്നെ രംഗത്തെത്തി.
‘ഒരു എഫ്-16 മിസൈല്‍ എങ്ങനെ തന്റെ പിതാവിന്റെ മുറിയില്‍, അദ്ദേഹം ഇരുന്നിടത്ത് ഇത്ര കൃത്യമായി വന്നു പതിച്ചെന്ന് അവള്‍ ചോദിച്ചു. ആ ചോദ്യത്തിന് ഇസ്രഈലിന് എന്തുമറുപടിയുണ്ട് പറയാന്‍ ?
‘മിസൈല്‍ പതിച്ച അദ്ദേഹത്തിന്റെ മുറി ഒഴികെ വീട്ടിലെ മറ്റൊരു മുറികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. എന്റെ പിതാവ് രക്തസാക്ഷിയായതാണ്. ഒരു പ്രസ്ഥാനവുമായും അദ്ദേഹത്തിന് ബന്ധമില്ല. താന്‍ ചികിത്സിച്ചുകൊണ്ടിരുന്ന രോഗികളെ കുറിച്ചോര്‍ത്തുമാത്രമായിരുന്നു അദ്ദേഹത്തിന് ഭയം,’ ലുബ്നയുടെ വാക്കുകള്‍…

തന്റെ പിതാവിന്റെ മരണം കുടുംബത്തിന് മാത്രമല്ല, മുഴുവന്‍ ഗസയ്ക്കും ഒരു നഷ്ടമാണെന്ന് അദ്ദേഹത്തിന്റെ മകന്‍ അഹമ്മദ് പറയുന്നു.
‘എന്റെ പിതാവിനെ എല്ലാവരും സ്നേഹിച്ചിരുന്നു. ‘അദ്ദേഹം ജോലി ചെയ്തിരുന്ന ഇന്തോനേഷ്യന്‍ ആശുപത്രിയ്ക്ക് നേരേയും കമല്‍ അദ്വാന്‍ ആശുപത്രിയ്ക്ക് നേരെയും ഇസ്രഈലിന്റെ വലിയ ആക്രമണങ്ങള്‍ നടന്നിരുന്നു. പക്ഷേ തന്റെ രോഗികളെ ഉപേക്ഷിച്ചുപോകാന്‍ അദ്ദേഹം തയ്യാറായില്ല. യുദ്ധത്തിന്റെ ആദ്യത്തെ കുറച്ച് മാസങ്ങളില്‍, അദ്ദേഹം എപ്പോഴും ആശുപത്രിയില്‍ തന്നെയായിരുന്നു.ഏതാനും മണിക്കൂറുകള്‍ മാത്രമാണ് അദ്ദേഹത്തെ ഞങ്ങള്‍ക്ക് കാണാനായത്….
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് വടക്കന്‍ ഗസയില്‍ ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായ ആശുപത്രികളൊന്നുമില്ല.
ഗാസ ആരോഗ്യ മന്ത്രാലയം നല്‍കുന്ന വിവരങ്ങള്‍ പ്രകാരം 2023 ഒക്ടോബര്‍ 7 മുതല്‍ ഗസയില്‍ കൊല്ലപ്പെട്ടത് 1722 ലേറെ വരുന്ന ആരോഗ്യ പ്രവര്‍ത്തകരാണ്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് മെഡിക്കല്‍ സ്റ്റാഫുകള്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ടെക്നീഷ്യന്‍മാര്‍ തുടങ്ങിയ നിരവധി പേര്‍ക്കാണ് ഇസ്രഈലിന്റെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്.
യുദ്ധം തുടങ്ങിയ ശേഷം ശരാശരി ഒരു ദിവസം രണ്ടിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു എന്നാണ് ഈ കണക്ക് വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര നിയമപ്രകാരം സംരക്ഷിക്കപ്പെടേണ്ട ആരോഗ്യ സംവിധാനത്തിന് നേരേയുള്ള ഇസ്രഈലിന്റെ ഗുരുതരമായ ആക്രമണമായാണ് ഇതിനെ കണക്കാക്കപ്പെടുന്നത്.
സെെത്തൂണിന്‍റെ മക്കള്‍
സെെത്തൂണിന്‍റെ മക്കള്‍
ഭാഗം ഒന്ന്: ഹിന്ദ് റജബ്; 302 വെടിയുണ്ടകള്‍, ഇസ്രഈല്‍ കൊന്നുകളഞ്ഞ അഞ്ചു വയസുകാരി
ഭാഗം രണ്ട്: റിഫാത്ത് അല്‍ അറൈര്‍; ഗസയുടെ പ്രിയപ്പെട്ട കവി
ഭാഗം മൂന്ന്: ഡോ. അബു സഫിയ; ഇസ്രഈലിന്റെ തോക്കിന് മുമ്പിലും ചങ്കുറപ്പോടെ നിന്ന ഗസയുടെ ഡോക്ടര്‍
ഭാഗം നാല്: ഡോ. സൂഫിയാന്‍ തയെ; ഗസയുടെ അധ്യാപകന്‍… ശാസ്ത്രജ്ഞന്‍
ഭാഗം അഞ്ച്: വാഇല്‍-അല്‍-ദഹ്ദൂഹ്; മാധ്യമപ്രവര്‍ത്തകന്‍, ഗസയിലെ പോരാളി
ഭാഗം ആറ്: അവ്‌നി എല്‍ ദൗസ്: മരണശേഷം ലോകമറിഞ്ഞ ഗസയിലെ യൂട്യൂബര്‍
ഭാഗം ഏഴ്: തുടരൂ അനസ്… ഇസ്രഈല്‍ കൊന്നുകളഞ്ഞ ഗസയുടെ ശബ്ദം
ഭാഗം എട്ട്: റീമും താരിഖും, ഗസയുടെ മുത്തച്ഛന്റെ റൂഹായ പൊന്നുമക്കള്‍
ഭാഗം ഒമ്പത്: ഇസ്രഈല്‍ കൊലപ്പെടുത്തിയ ‘ഫലസ്തീന്‍ പെലെ’; സുലൈമാന്‍ അല്‍ ഉബൈദ്
ഭാഗം പതിനൊന്ന്: ഡോ. ഗസ്സാന്‍ അബു-സിത്ത; ഇസ്രഈല്‍ പ്രാകൃതത്വത്തിന് നേര്‍സാക്ഷിയായ സര്‍ജന്‍
Content Highlight: Dr. Marvan Sulthan; Director of Gaza’s Indonesian hospital who killed by Israel



